അമിത വില ഈടാക്കുന്നു; കോട്ടയം മാര്‍ക്കറ്റില്‍ പൊലീസും ലീഗല്‍ മെട്രോളജി വകുപ്പും പരിശോധന നടത്തി

അമിത വില ഈടാക്കുന്നുവെന്ന പരാതിയില്‍ കോട്ടയം മാര്‍ക്കറ്റിലെ വ്യാപാര സ്ഥാപനങ്ങളില്‍ പൊലീസും ലീഗല്‍ മെട്രോളജി വകുപ്പും പരിശോധന നടത്തി. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തതും അമിത വില ഈടാക്കുന്നുവെന്ന കണ്ടെത്തിയതുമായ വ്യാപാര സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.

അളവു തൂക്കത്തില്‍ വ്യത്യാസം കണ്ടെത്തിയ സ്ഥാപനങ്ങളില്‍ നിന്നും പിഴ ഈടാക്കി. ഓണം വരെ കര്‍ശനമായ പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

പ്രളയക്കെടുതിയുടെ മറവില്‍ ഉപഭോക്താക്കളില്‍ നിന്ന് പച്ചക്കറി – പലവ്യജ്ഞനങ്ങള്‍ക്ക് അമിത വില ഈടാക്കാനുള്ള ഒരു വിഭാഗം വ്യാപാരികളുടെ നീക്കത്തിനെതിരെ പരാതി ഉയര്‍ന്നിരുന്നു.

ഈ സാഹചര്യത്തിലാണ് പൊലീസും ലീഗല്‍ മെട്രോളജി വകുപ്പും കോട്ടയം മാര്‍ക്കറ്റിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്.

ഉദ്യോഗസ്ഥര്‍ മഫ്തിയിലാണ് പരിശോധനയ്ക്ക് എത്തിയത്. വിലവിവരപ്പട്ടിക സ്ഥാപിക്കാത്ത സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. പച്ചക്കറിക്ക് ഇരട്ടിയോളം വിലയാണ് ഈടാക്കിയ സ്ഥാപനങ്ങളിലെ വിലവിവരപ്പട്ടിക ഉദ്യോഗസ്ഥര്‍ തിരുത്തിച്ചു.

മൊത്ത വ്യാപാര വില നിലവാരം ശേഖരിച്ച ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനയ്‌ക്കെത്തിയത്. ഇതോടെ മൊത്തവ്യാപാര വില കൂടുതലാണെന്ന ചില്ലറ വ്യാപാരികളുടെ വാദം വിലപ്പോയില്ല.

ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധനയില്‍ പായ്ക്കറ്റ് സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നുണ്ടോയെന്നും അളവു തൂക്ക ഉപകരണങ്ങളില്‍ കൃത്രിമത്വം നടത്തുന്നുണ്ടോയെന്നും സ്ഥാപനങ്ങളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ എന്നുമാണ് പരിശോധന നടത്തിയത്.

അളവു തൂക്കത്തില്‍ വ്യത്യാസം കണ്ടെത്തിയ സ്ഥാപനങ്ങളില്‍ നിന്നും പിഴ ഈടാക്കി. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്ക് താക്കീതും നല്‍കി. പലയിടത്തും അമിത വില ഈടാക്കുന്നതായി പരാതി ഉയര്‍ന്നിട്ടുള്ളതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കോട്ടയം മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ 6 സ്ഥാപനങ്ങളില്‍ നിന്നായി ഒന്‍പതിനായിരം രൂപ പിഴ ഈടാക്കി. ഓണക്കാലം കഴിയും വരെ കര്‍ശനമായ പരിശോധനകള്‍ തുടരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here