മുംബൈ മലയാളികളെ പ്രകീർത്തിച്ച് ബ്രിട്ടീഷ് എം പി; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം

മുംബൈ : പ്രളയക്കെടുതിയിൽ ദുരിതം പേറുന്ന ജന്മനാട്ടിലെ സഹോദരങ്ങൾക്ക് ഭക്ഷണ സാമഗ്രഹികളും വസ്ത്രങ്ങളും എത്തിക്കുവാനുള്ള തത്രപ്പാടിലാണ് മുംബൈ മലയാളികൾ.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതര ഭാഷക്കാരടക്കമുള്ളവരാണ് അതിജീവനത്തിനായുള്ള സാമഗ്രഹികൾ നോർക്ക ഓഫീസ് സ്ഥിതി ചെയ്യുന്ന കേരളാ ഹൌസിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നത്.

ഇവിടെയെത്തുന്ന വസ്തുക്കൾ പ്രത്യേകം ബോക്സുകളിലായി ക്രമീകരിച്ചു ലേബൽ ഒട്ടിച്ചാണ് ട്രക്കുകളിൽ കയറ്റി കേരളത്തിന്റെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് അയച്ചു കൊണ്ടിരിക്കുന്നത്.

സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരവധി പേരാണ് ഇതിനായി രാവിലെ മുതൽ കേരളാ ഹൌസിലെത്തി ജന്മനാടിന്റെ നന്മയ്ക്കായി കൂട്ടായി പ്രവർത്തിക്കുന്നത്.

ടൺ കണക്കിന് സാമഗ്രഹികളാണ് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒഴുകിയെത്തുന്നത്.

കേരളാ ഹൌസ് പരിസരം മുഴുവൻ നിറഞ്ഞു കവിഞ്ഞ സമഗ്രഹികൾ പല ട്രക്കുകളിലായി കയറ്റി അയക്കുന്ന ജോലിയിൽ വ്യാപൃതരാണ് സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരടങ്ങുന്ന മലയാളി സമൂഹം.

ഇവരുടെ ഇടയിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി ബ്രിട്ടീഷ് എം പി മാർട്ടിൻ ഡെ കടന്നു ചെല്ലുന്നത്. മാർട്ടിന്റെ സന്ദർശനം ഒരു വിദേശിയുടെ കൗതുകം മാത്രമായാണ് പലരും കരുതിയത്.

കേരളത്തിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയ സാഹചര്യത്തിൽ രണ്ടു ദിവസമായി മുംബൈയിൽ തങ്ങിയ ബ്രിട്ടീഷ് എം പി മാർട്ടിൻ ഡേയാണ് സന്നദ്ധ പ്രവർത്തനങ്ങൾ നേരിട്ട് കാണുവാൻ ആഗ്രഹം പ്രകടിപ്പിച്ചു കേരളാ ഹൌസിൽ എത്തിയത്.

ജന്മനാടിനെ വീണ്ടെടുക്കുവാൻ അവുധിയെടുത്ത് ഒരു കൂട്ടം സുമനസുകൾ നടത്തുന്ന സേവനത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്ന് ബ്രിട്ടീഷ് എം. പി മാർട്ടിൻ ഡേ പറഞ്ഞു.

മൂന്ന് തവണ തുടർച്ചയായി ബ്രിട്ടീഷ് പാർലമെന്റിലേക്ക് വലിയ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ് മാർട്ടിൻ.

കൊച്ചിയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയ സാഹചര്യത്തിൽ ഇന്ന് തിരുവന്തപുരത്തേക്ക് തിരിക്കുവാനാണ് തീരുമാനം.

പ്രളയബാധിത പ്രദേശങ്ങൾ നേരിട്ട് സന്ദർശിക്കുമെന്നും ബ്രിട്ടീഷ് സർക്കാരിൽ നിന്നും ദുരിതാശ്വാസ സഹായങ്ങൾ ലഭിക്കുന്നതിനായി കേരളത്തിന് നേരിട്ട പ്രകൃതി ദുരന്തം പാർലമെൻറിൽ അവതരിപ്പിക്കുമെന്നും മാർട്ടിൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News