കെവിൻ കേസിൽ കുറ്റപത്രം സമർപ്പിച്ചു; 12 പേർക്കെതിരെ കൊലക്കുറ്റം

കെവിന്റെത് കൊലപാതകമെന്ന് കുറ്റപത്രം. കെവിനെ ബോധപൂർവം പുഴയിൽ ചാടിച്ചു കൊല്ലുകയായിരുന്നുവെന്ന് ഏറ്റുമാനൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. നീനുവിൻറെ പിതാവ് ചാക്കോ ഒഴികെ 12 പ്രതികൾക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

കെവിന്റെ കൊലപാതകം നടന്ന് എൺപത്തിയഞ്ചാം ദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഗിരീഷ് പി സാരഥി ഏറ്റുമാനൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

വിദേശത്തിരുന്ന് നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ ആസൂത്രണം ചെയ്ത കൊലപാതകമാണ് കെവിന്റെതെന്ന് കുറ്റപത്രത്തിൽ പറയുന്നു.

കേസിലെ അഞ്ചാം പ്രതിയും നീനുവിന്റെ പിതാവുമായ ചാക്കോയ്ക്കും കൊലപാതകം ആസൂത്രണം ചെയ്തതിൽ പങ്കുണ്ട്.

കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കെവിനെ ഓടിച്ച് ബോധപൂർവം പുഴയിൽ ചാടിക്കുകയായിരുന്നു. നിയാസിൻറെ നേതൃത്വത്തിൽ ആറംഗ സംഘമാണ് പുഴയിലേക്കോടിച്ചത്.

കെവിൻറെ ചിത്രങ്ങൾ വിദേശത്തിരുന്ന് തന്നെ മുഖ്യ ആസൂത്രകൻ ഷാനു ചാക്കോ ശേഖരിച്ചിരുന്നു. കെവിൻറെ കൊലപാതകം ആസൂത്രണം ചെയ്ത സന്ദേശങ്ങൾ പിതാവ് ചാക്കോയ്ക്ക് ഷാനു കൈമാറി.

ചാക്കോ ഒഴികെയുള്ള 12 പ്രതികൾക്കും കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. 13 മൊബൈലുകളും നാല് ആയുധങ്ങളും പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്ത കെവിൻറെ ലുങ്കിയും പ്രധാന തെളിവാണ്.

186 സാക്ഷികളും 118 രേഖകളും കേസിൽ ഉണ്ട്. മെഡിക്കൽ ബോർഡ് റിപ്പോർട്ടും കൊലപാതകം തെളിയിക്കാൻ നിർണായകമായെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News