പ്രളയക്കെടുതി; സർക്കാർ നടപടികൾക്ക് പിന്തുണയുമായി സർവകക്ഷിയോഗം

പ്രളയക്കെടുതി നേരിടാനുള്ള സർക്കാർ നടപടികൾക്ക് പിന്തുണയുമായി സർവകക്ഷിയോഗം. പുനരധിവാസ, പുനർനിർമാണപ്രവർത്തനങ്ങളിൽ ഒരുമിച്ച് സർക്കാരിന് പിന്തുണ നൽകി പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിൽ രാഷ്ട്രീയകക്ഷി പ്രതിനിധികൾ ഉറപ്പുനൽകി.

തുടർന്ന് നിലവിലെ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗവും ചേർന്നു.

മ‍ഴക്കെടുതിയിൽ തകർന്ന കേരളത്തെ പുനസൃഷ്ടിക്കുകയല്ല പുതിയൊരുകേരളത്തെ പടിത്തുയർത്തുകയാണ് എന്ന മുഖ്യമന്ത്രിയുടെ ആശയത്തിന് പൂർണപിന്തുണയാണ് സർവ്വകക്ഷി യോഗത്തിൽ രാഷ്ട്രീയകക്ഷി പ്രതിനിധികൾനൽകിയിത്.

കേരളത്തിലെ ദുരന്തവ്യാപ്തി കണക്കിലെടുത്ത് പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിന് ശേഷം പറഞ്ഞു. മത്സ്യത്തൊഴിലാളികളെ പരിശീലനം നൽകി ദുരന്തസമയങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന വോളണ്ടിയർമാരാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ക്യാമ്പുകളിൽ സഹായങ്ങൾ നേരിട്ടുകൊടുക്കുന്നതിനു പകരം ചുമതലപ്പെട്ട ഉദ്യോഗസ്ഥർ വഴി നൽകാൻ തയാറാകണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ അഭ്യർഥിച്ചു.ക്യാമ്പുകളിൽ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കും.

സംഘടനകളുടെ അടയാളങ്ങളോടെ ക്യാമ്പിലെത്തുന്നത് ഒഴിവാക്കാൻ എല്ലാ പാർട്ടികളും നിർദേശം നൽകണമെന്ന് രാഷ്ട്രീയകക്ഷികളോട് അഭ്യർത്ഥിച്ചു. ജനങ്ങൾ ഒഴിഞ്ഞുപോയ വീടുകളിൽ കവർച്ചാശ്രമമുണ്ടാകുന്നത് തടയാൻ പട്രോളിംഗ് ശക്തമാക്കുമെന്നും.

പഞ്ചായത്തുതലത്തിലുള്ള പിരിവുകൾ പാടില്ലന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം നൽകുന്നതാകും ഉചിതമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.സർവ്വകക്ഷിയോഗത്തിന് ശേഷം നിലവിലെ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗവും ചേർന്നു.

ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനവും മാലിന്യം നീക്കം ചെയ്യലും വെള്ളം കയറിയ വീടുകള്‍ വൃത്തിയാക്കലും കാര്യക്ഷമമായി മുന്നോട്ടുപോകുന്നുണ്ടെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വൈകീട്ട് ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി.

വീടുകള്‍ വൃത്തിയാക്കുന്നതിന് ചൊവ്വാഴ്ച തദ്ദേശസ്വയംഭരണ വകുപ്പിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും നേതൃത്വത്തില്‍ 3,119 സ്ക്വാഡുകള്‍ വീടുകള്‍ വൃത്തിയാക്കുന്നതിന് രംഗത്തുണ്ടായിരുന്നു. 12,372 വീടുകള്‍ വൃത്തിയാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

എല്ലാ ക്യാമ്പുകളിലും വൈദ്യപരിശോധനയും മരുന്നു വിതരണവും നടക്കുന്നുണ്ട്. ലോകാരോഗ്യസംഘടനയുടെ ഓഫീസര്‍മാരും വിവിധ ജില്ലകളില്‍ പ്രവര്‍ത്തനരംഗത്തുണ്ട്. ഇന്ന് 15 പേരെയാണ് എയര്‍ഫോഴ്സ് രക്ഷപ്പെടുത്തിയത്. ഇതില്‍ 11 പേരെയും നെല്ലിയാമ്പതിയില്‍ നിന്നാണ്.

ചെങ്ങന്നൂരില്‍ നിന്ന് 4 പേരെ രക്ഷപ്പെടുത്തി. ഒറ്റപ്പെട്ടുപോയവരെ മിക്കവാറും രക്ഷപ്പെടുത്തിക്കഴിഞ്ഞു.ആകേന്ദ്രസേനാ വിഭാഗങ്ങള്‍ സംസ്ഥാനത്ത് തുടരുന്നതാണ്.

സേനാവിഭാഗങ്ങളുടെ ഹെലിക്കോപ്റ്റര്‍ ഇന്ന് കാര്യമായി ഉപയോഗിച്ചത് ഭക്ഷണവും മരുന്നും വിതരണം ചെയ്യുന്നതിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here