കരുതലോടെ ശുചീകരണത്തിനായി കെെകോര്‍ത്ത് എറണാകുളം

എറണാകുളം ജില്ലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സജീവമായി മുന്നോട്ടു പോകുന്നു. ക്യാന്പുകളില്‍ നിന്ന് ഒരു ലക്ഷത്തിലധികം പേര്‍ വീടുകളിലേക്ക് തിരിച്ചുപോയിട്ടുണ്ട്.

ഇനിയും നാല് ലക്ഷത്തിലധികം ആളുകള്‍ ക്യാന്പുകളില്‍ ക‍ഴിയുന്നു. വരുംദിവസങ്ങളില്‍ ഏകോപിപ്പിച്ചുളള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ജില്ലാ ഭരണകൂടം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്

ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ദുരിതാശ്വാസത്തിനും ശുചീകരണത്തിനുമാണ് ജില്ലാഭരണകൂടം ഇപ്പോള്‍ പ്രധാന്യം നല്‍കുന്നത്. പ്രളയം ബാധിച്ച മു‍ഴുവന്‍ വീടുകള്‍ ഉപയോഗശൂന്യമായ സാഹചര്യത്തില്‍ വേണ്ടത്ര മുന്‍കരുതലോടെയുളള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ജില്ലയില്‍ 15 ടണ്‍ ബ്ലീച്ചിങ് പൗഡര്‍ വിതരണത്തിനെത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അഞ്ചു ടണ്‍കൂടി ഉടന്‍ ലഭ്യമാകും.

ക്ലോറിനേഷനില്‍ കിണറിനാണ് പ്രാധാന്യം നല്‍കുന്നത്. ചെളിയുള്ള പ്രദേശങ്ങളില്‍ ശുചീകരണപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവര്‍ക്ക് പ്രതിരോധമരുന്നും നല്‍കുന്നുണ്ട്. പാമ്പ്, പഴുതാര തുടങ്ങിയ ഇഴജന്തുക്കളുടെ കടിയേറ്റാല്‍ ചികിത്സിക്കാനുളള സൗകര്യവും സജ്ജമാണ്.

761 ക്യാന്പുകളിലായി 1,12,826 പേരാണ് ഇപ്പോള്‍ വിവിധയിടങ്ങളിലുളളത്. 317 ക്യാന്പുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. 1,13000ത്തിലധികം പേര്‍ വീടുകളിലേക്ക് തിരികെ പോയിട്ടുണ്ട്. പതിനഞ്ചുമരണങ്ങളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കാണാതായ ആളുകളെ സംബന്ധിച്ച വിവരശേഖരണം തുടരുന്നു.

നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ഈ ആഴ്ച തുടങ്ങുമെന്ന് കളക്ടര്‍ അറിയിച്ചു. ജില്ലയിലെ 25 ജലവിതരണപദ്ധതികളും താറുമാറായിരുന്നു. ഇവയില്‍ ആലുവ, പിറവം പ്ലാന്‍റുകള്‍ പ്രവര്‍ത്തനം തുടങ്ങി. രണ്ടുദിവസത്തിനകം എല്ലാ കേന്ദ്രങ്ങളും തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു. പ്രളയത്തില്‍ വിവിധ തുരുത്തുകളില്‍ അകപ്പെട്ടുപോയവരെ രക്ഷപ്പെടുത്താന്‍ ജില്ലാ ഭരണകൂടത്തെ സഹായിച്ച മത്സ്യത്തൊഴിലാളികളെയും മത്സ്യത്തൊഴിലാളി നേതാക്കളെയും ജില്ലാ ഭരണകൂടം അഭിനന്ദിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭാരതീയ ചികിത്സാ വകുപ്പ് സൗജന്യസേവനവും ആരംഭിച്ചിട്ടുണ്ട്. ആലുവ, നോര്‍ത്ത് പറവൂര്‍, കാലടി, പെരുമ്പാവൂര്‍, നായരമ്പലം തുടങ്ങിയ സ്ഥലങ്ങളില്‍ അറുപതോളം ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിവിധ മെഡിക്കല്‍ സംഘങ്ങളായി തിരിഞ്ഞാണ് പ്രവര്‍ത്തനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News