ഡാം തുറക്കുമ്പോള്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചെന്ന് ആഗസ്റ്റ് 14ന് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്; എന്നിട്ടും ഇപ്പോള്‍ നിങ്ങള്‍ കള്ളം പ്രചരിപ്പിക്കുന്നത് ആര്‍ക്ക് വേണ്ടി?

തിരുവനന്തപുരം: ഡാമുകള്‍ മുന്നറിയിപ്പില്ലാതെയാണ് തുറന്നു വിട്ടതെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാദങ്ങള്‍ പൊളിയുന്നു.

മുല്ലപ്പെരിയാര്‍, ചെറുതോണി ഡാമുകള്‍ തുറക്കാന്‍ എല്ലാ തയാറെടുപ്പുകളും ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും കൈകൊണ്ടുകഴിഞ്ഞെന്ന ചെന്നിത്തലയുടെ പഴയ പോസ്റ്റ് തന്നെയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ വാദങ്ങള്‍ക്ക് തിരിച്ചടിയാകുന്നത്.

ആഗസ്റ്റ് 14ന് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ:

കനത്ത മഴയെ തുടര്‍ന്ന് 137.4 അടിയായി മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ രാത്രി തുറക്കാന്‍ സാധ്യതയുണ്ട്.

നിയന്ത്രിതമായ അളവില്‍ ജലം പുറത്തേക്ക് ഒഴുക്കുന്നതിനുള്ള സാധ്യതയാണ് ഇടുക്കി ജില്ലാ ഭരണകൂടം നല്‍കിയിരിക്കുന്നത്. ഭയമോ ആശങ്കയോ അല്ല മുന്‍കരുതലും ജാഗ്രതയുമാണ് നമുക്ക് ഈ നിമിഷം നമുക്ക് ആവശ്യം.

റവന്യു, പോലീസ്, ഫയര്‍ഫോഴ്‌സ് അധികാരികളുടെയും, ജനപ്രതിനിധികളുടെയും നിര്‍ദ്ദേശാനുസരണം ജനങ്ങള്‍ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറേണ്ടതാണ്.

എല്ലാ തയാറെടുപ്പുകളും ജില്ലാ ഭരണകൂടവും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും കൈകൊണ്ടുകഴിഞ്ഞു. ഇവരുടെ നിര്‍ദേശം പൂര്‍ണമനസോടെ അംഗീകരിക്കണം.

കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ മാറ്റിപാര്‍പ്പിക്കലിന് ഭരണകൂടം തയാറെടുക്കുമ്പോള്‍ സര്‍വാത്മനായുള്ള സഹകരണമാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ഞാന്‍ സ്‌നേഹപൂര്‍വം ആവശ്യപ്പെടുന്നത്. എല്ലാ വ്യത്യാസങ്ങളും മറന്നു ഒറ്റകെട്ടായി ഈ ദുരിതകാലത്തെ അതിജീവിക്കാം.

ആഗസ്റ്റ് 14ന് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ച മറ്റൊരു പോസ്റ്റ് ഇങ്ങനെ:

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് കൂടിയതിനാല്‍ നിലവില്‍ ചെറുതോണി ഡാമിന്റെ ഷട്ടര്‍ വഴി പുറത്തു വിടുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിക്കുന്നു.

പുലര്‍ച്ചെ ഒരുമണി മുതല്‍ 600 cumecs നിന്നും 750 cumecs ആയിട്ടാണ് വര്‍ദ്ധിപ്പിക്കുന്നത്. അതായത് ഒരു സെക്കന്റില്‍ ഏഴരലക്ഷം ലിറ്റര്‍ വെള്ളമാണ് ഒഴുക്കിവിടാന്‍ പോകുന്നത്.

പെരിയാറിന്റെ ഇരു കരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണം. ഭരണകൂടത്തിന്റെ മുന്‍കരുതല്‍ നമ്മുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ്.അതിനാല്‍ അനുസരിക്കുക. ഒറ്റകെട്ടായി നിന്ന് നമുക്കീ ദുരിതകാലത്തെ തോല്പിക്കാം..

ഡാം തുറക്കുമ്പോള്‍ മുന്‍കരുതലുകള്‍ എല്ലാം എടുത്തെന്ന് പറഞ്ഞ അതേ ചെന്നിത്തല ഇപ്പോള്‍ കള്ളം പ്രചരിപ്പിക്കുന്നത് എന്തിന് വേണ്ടിയാണെന്ന ചോദ്യമാണ് സോഷ്യല്‍മീഡിയ ഉയര്‍ത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News