പ്രതിപക്ഷനേതാവ‌് ഉന്നയിച്ച വിമർശങ്ങൾക്ക‌് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ നൽകിയ മറുപടി

“1924ൽ നടന്നത് പ്രകൃതിസൃഷ്ടിയായിരുന്നു എന്നും എന്നാൽ, 2018ൽ നടന്നത് സർക്കാർ വരുത്തിവച്ച ദുരന്തമാണെന്നും പ്രതിപക്ഷനേതാവ് പറയുന്നു. ഇതിനടിസ്ഥാനമായി ചൂണ്ടിക്കാട്ടുന്നത് മഴയുടെ കണക്കാണ്. ഇപ്പോൾ ഉണ്ടായതിനേക്കാൾ വലിയ മഴയാണ് അന്നുണ്ടായത് എന്നതിന്റെ അടിസ്ഥാനത്തിലാണിത‌് പറഞ്ഞത‌്. അദ്ദേഹത്തിന്റെ കണക്കിൽ 2018 ജൂൺ ഒന്നുമുതൽ ആഗസ്ത് 20 വരെ കേരളത്തിൽ ലഭിച്ചത് 2500 മില്ലീമീറ്റർ മഴയാണ്. 1924ൽ 3368 മില്ലീമീറ്റർ മഴ ലഭിച്ചിരുന്നുവത്രേ.

“ഒറ്റനോട്ടത്തിൽ ഈ കണക്ക് സത്യമാണെന്ന‌് തോന്നും. എന്നാൽ, തെറ്റിദ്ധരിപ്പിക്കലാണിത്. 1924ലുണ്ടായതായി ഉന്നയിക്കുന്ന കണക്ക്, അതായത് 3368 മില്ലീമീറ്റർ എന്നത് കാലവർഷവും തുലാവർഷവും അടക്കം ഒരുവർഷത്തിലാകെയായി കിട്ടിയ മഴയാണ്. എന്നാൽ, 2018ൽ കിട്ടിയ 2500 മില്ലീമീറ്റർ എന്നത് ഈ കാലവർഷഘട്ടത്തിലെമാത്രം കണക്കാണ്.

ഒരു സീസണിലെ മഴയെ ഒരുവർഷത്തിലെ മഴയുമായി താരതമ്യപ്പെടുത്തി 1924ലായിരുന്നു കൂടുതൽ മഴ എന്നു പറയുന്നതിൽ എന്തർഥമാണുള്ളത‌്. ഈ കണക്ക് അംഗീകരിച്ചാൽപ്പോലും ഈ സീസണിൽ ഇവിടെ പെയ്ത മഴയുമായി 868 മില്ലീമീറ്ററിന്റെ വ്യത്യാസമേ ഉള്ളൂ. എന്നാൽ, 1924ൽ കേരളത്തിലാകെ ഒരു ഡാമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് 42 മേജർ ഡാമുകളടക്കം ആകെ 82 ഡാമുകൾ കേരളത്തിലുണ്ട്. ഈ ഡാമുകളെ ഫലപ്രദമായി മാനേജ് ചെയ്യാൻ കഴിഞ്ഞു എന്നതാണ് സത്യം. അതുകൊണ്ടാണ് 1924നേക്കാൾ രൂക്ഷമായ മഴ ഇത്തവണ ഉണ്ടായിട്ടും അപായം നിയന്ത്രിച്ചുനിർത്താൻ കഴിഞ്ഞത്.

“യഥാർഥത്തിൽ 1924ലേക്കാൾ രൂക്ഷമായിരുന്നു ഇത്തവണത്തെ മഴ. ഇതിനൊപ്പം ഇത്തവണത്തെ മഴയുടെ പ്രത്യേകതകൂടി കാണണം. ചെറിയ സമയംകൊണ്ട് വലിയ അളവിൽ വെള്ളം നിറയ്ക്കുന്ന ഒന്നായിരുന്നു ഇത്തവണ മഴ. ഇടുക്കിയിൽ ഒന്നാംഘട്ട മഴയ്ക്കുശേഷം 26.07.2018 മുതൽ മഴ കുറഞ്ഞുവരികയായിരുന്നു. 26.07.2018ന് 54.2 മില്ലീമീറ്റർ മഴ ഉണ്ടായിരുന്നത് 28.07.2018ന് 6.2 മില്ലീമീറ്ററും 06.08.2018ന് 3.2 മില്ലീമീറ്ററുമായി കുറഞ്ഞു. 07.08.2018ന് 13.8 മില്ലീമീറ്റർ മഴയേ ഉണ്ടായിരുന്നുള്ളൂ.

ഇതുകൊണ്ടുതന്നെയാണ് ആ ഘട്ടത്തിൽ ഷട്ടർ തുറക്കാതിരുന്നത്. പക്ഷേ, 08.08.2018 ആയപ്പോൾ സ്ഥിതി മാറി. അന്ന് 128.6 മില്ലീമീറ്ററായി മഴ വർധിച്ചു. ഒമ്പത്, പത്ത് തീയതികളിലും ഇത് തുടർന്നു. പിന്നീട് ചെറുതായി കുറഞ്ഞ മഴ 16.08.2018ന് 295 മില്ലീമീറ്ററായി കുത്തനെ കൂടി. കേരളത്തിൽ പെയ്യുന്ന ശരാശരി മഴയുടെ മൂന്നിലൊന്ന് മഴ ആഗസ്ത് 14 മുതൽ 17 വരെയുള്ള നാലു ദിവസങ്ങൾകൊണ്ട് പെയ്തു. ഇടുക്കിയിൽ ഈ നാലുദിവസംകൊണ്ട് പെയ്തത് 811 മില്ലീമീറ്ററാണ്. ഇത് സാധാരണയുടെ ഇരട്ടിയിലധികമാണ്. കക്കിയിൽ ഈ നാലുദിവസംകൊണ്ട് 915 മില്ലീമീറ്റർ മഴയാണ് പെയ്തത്. ഇതും സാധാരണയുടേതിന്റെ ഇരട്ടിയിലധികമാണ്. ഇങ്ങനെയാണ് അപ്രതീക്ഷിതമായി ഡാമുകളിൽ ജലനിരപ്പ് ഉയർന്നതും ഷട്ടറുകൾ നിയന്ത്രിതമായി തുറക്കേണ്ടിവന്നതും.

“കാലടി, പെരുമ്പാവൂർ, ആലുവ പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിന് യഥാർഥത്തിൽ ഇടുക്കി, ഇടമലയാർ ഡാമുകളിൽനിന്നുള്ള വെള്ളംമാത്രമല്ല കാരണമായത്. വെള്ളപ്പൊക്കത്തിന്റെ യഥാർഥ കാരണം ഡാം തുറന്നുവിട്ടതുകൊണ്ടുവന്ന വെള്ളംമാത്രമല്ല, മറിച്ച് നിയന്ത്രണമില്ലാതെ നദിയിലേക്കു കുത്തിയൊഴുകി വന്ന സ്വാഭാവിക വെള്ളംകൂടിയാണ്. ഈ കാര്യങ്ങൾ മനസ്സിലാക്കിയാൽ സർക്കാർ വരുത്തിവച്ചതാണ് ഇക്കൊല്ലത്തെ ദുരന്തമെന്ന് എങ്ങനെ ആർക്കു പറയാനാകും.

അച്ചൻകോവിലാറിലുണ്ടായ വെള്ളപ്പൊക്കമാണ് പന്തളം പ്രദേശത്തെ വെള്ളത്തിലാഴ്ത്തിയത്. മണിമലയാറിലെ വെള്ളമാണ് തിരുവല്ല പ്രദേശത്തെ വെള്ളത്തിലാഴ്ത്തിയത്. ഈ രണ്ടു നദികളിലും ഒരു ഡാമുമില്ല. അപ്പോൾപ്പിന്നെ വെള്ളപ്പൊക്കത്തിനു കാരണമായത് ഡാം തുറന്നുവിട്ടതുകൊണ്ടാണെന്ന വാദത്തിന് എന്ത‌് യുക്തിയാണുള്ളത്. പാലായിലെ വെള്ളപ്പൊക്കം മീനച്ചിലാറിലൂടെ വന്ന വെള്ളമാണ്. നിലമ്പൂരിൽ വെള്ളപ്പൊക്കമുണ്ടായത‌് ചാലിയാറിലെ വെള്ളംമൂലമാണ്. മീനച്ചിലാറിലും ചാലിയാറിലും ഡാമില്ല. അപ്പോൾപ്പിന്നെ ഈ വാദത്തിന് എന്തു നിലനിൽപ്പാണുള്ളത്.

“കേരളത്തിൽ മിക്കവാറും എല്ലായിടത്തുമായി ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മറ്റു ദുരന്തങ്ങളുമുണ്ടായിട്ടുണ്ട്. വ്യാപകമായ മഴയുടെ ഭാഗമായുണ്ടായതാണവ. അല്ലാതെ, ഡാം തുറന്നുവിട്ടതുകൊണ്ടുണ്ടായതല്ല. ഇത്തവണ ആഗസ്ത് ഒന്നുമുതൽ 19 വരെയുള്ള ഘട്ടത്തിൽ 758.6 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണ വർഷങ്ങളിൽ ഈ ഘട്ടത്തിൽ 287.5 മില്ലീമീറ്റർ മഴയാണ് ലഭിക്കാറ്. അതായത് സാധാരണ ലഭിക്കാറുള്ളതിനേക്കാൾ 164 ശതമാനം അധികം മഴയാണ് ഈ വർഷം ഈ ദിവസങ്ങളിൽ നമുക്ക് ലഭിച്ചത്. ആഗസ്ത് ഒമ്പുതുമുതൽ 15 വരെയുള്ള ഘട്ടത്തിൽ തിരുവനന്തപുരത്ത് 617 ശതമാനവും ഇടുക്കിയിൽ 438 ശതമാനവും പത്തനംതിട്ടയിൽ 246 ശതമാനവും കൊല്ലത്ത് 527 ശതമാനവും മഴ അധികമായി ലഭിച്ചു. കേരളത്തിൽ എല്ലാ വർഷവും നിറഞ്ഞുകവിയുന്ന ഡാമുകളൊഴിച്ച് മറ്റെല്ലാ ഡാമുകളിലും ബ്ലൂ അലർട്ട്, ഓറഞ്ച് അലർട്ട്, റെഡ് അലർട്ട് എന്നിങ്ങനെ കൃത്യമായ മുന്നറിയിപ്പുകളോടെമാത്രമേ വെള്ളം തുറന്നുവിടാറുള്ളൂ.

“ചെറിയ മഴയിൽപ്പോലും വെള്ളം നിറയുന്നതിനാൽ എല്ലാ വർഷവും തുറന്നുവിടേണ്ടിവരുന്ന ഡാമുകളുണ്ട്. ആ ഡാമുകളിൽ റവന്യു അധികാരികളെ അറിയിച്ച് വെള്ളത്തിന്റെ നിരപ്പനുസരിച്ച് നീരൊഴുക്ക് ക്രമീകരിക്കുക എന്നതാണ് ചെയ്തുവരുന്നത്. എല്ലാ കൊല്ലവും സ്ഥിരമായുള്ളതുകൊണ്ടും ജനങ്ങൾക്ക് പരിചിതമായതുകൊണ്ടും അവയുടെ കാര്യത്തിൽ ബ്ലൂ, ഓറഞ്ച്, റെഡ് അലർട്ടുകൾ ഉണ്ടാകാറില്ല. അത് മുമ്പുമില്ല; ഇപ്പോഴുമില്ല.

“ഇടമലയാർ, ഇടുക്കി, പമ്പ, കക്കി, ആനത്തോട് ഡാമുകളാണ് പ്രധാന വലിയ ഡാമുകൾ. ഈ ഡാമുകളിൽ നിശ്ചയിച്ചപ്രകാരം കൃത്യമായ അലർട്ടുകളോടുകൂടിമാത്രമേ ഈവർഷം വെള്ളം തുറന്നുവിട്ടിട്ടുള്ളൂ. ഇടുക്കിയിൽ 2390 അടി വെള്ളമെത്തുമ്പോൾ ബ്ലൂ, 2395 അടിയാകുമ്പോൾ ഓറഞ്ച്, 2399 അടിയാകുമ്പോൾ റെഡ് അലർട്ടുകളാണ് നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങൾ. ഇത്തവണ ഇടുക്കി ഡാമിന്റെ കാര്യത്തിൽ 26.07.2018ൽ ബ്ലൂ അലർട്ടും 30.07.2018ൽ ഓറഞ്ച് അലർട്ടും 09.08.2018ൽ റെഡ് അലർട്ടും നൽകി. ആനത്തോട് കക്കിയുടെ കാര്യത്തിൽ 29.07.2018ൽ ബ്ലൂ അലർട്ടും 31.07.2018ൽ ഓറഞ്ച് അലർട്ടും 08.08.2018ൽ റെഡ് അലർട്ടും നൽകി. പമ്പയിൽ 17.07.2018ൽ ബ്ലൂ അലർട്ടും 26.07.2018ൽ ഓറഞ്ച് അലർട്ടും കൊടുത്തു. 30.07.2018ൽ വെള്ളം കുറഞ്ഞുനിന്നതിനെത്തുടർന്ന് ഓറഞ്ച് അലർട്ട് പിൻവലിച്ചു. വെള്ളം കൂടിയതിനെത്തുടർന്ന് 09.08.2018ൽ വീണ്ടും ഓറഞ്ച് അലർട്ട് കൊടുത്തു. എന്നാൽ, അന്നുതന്നെ വീണ്ടും വെള്ളം വർധിക്കുകയും റെഡ് അലർട്ടുകൂടി കൊടുക്കുകയും ചെയ്തു.

“ഇടമലയാറിന്റെ കാര്യത്തിൽ 25.07.2018ൽ ബ്ലൂ അലർട്ട്, 01.08.2018ൽ ഓറഞ്ച് അലർട്ട് 08.08.2018ൽ റെഡ് അലർട്ട് എന്നിവ നൽകി. 08.08.2018ന് തുറന്നു. ഈ കാര്യങ്ങൾ ഔദ്യോഗികമായ രേഖയാണ്. മാധ്യമങ്ങളിലൊക്കെ വിപുലമായ പബ്ലിസിറ്റി ലഭിച്ച കാര്യങ്ങളുമാണ്. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരോടോ മാധ്യമങ്ങളിലെ പത്രാധിപന്മാരോടോ അന്വേഷിച്ചിരുന്നെങ്കിൽ രമേശ് ചെന്നിത്തലയ്ക്ക് ഇങ്ങനെ പൊള്ളയായ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ആരോപണമുന്നയിക്കേണ്ടി വരില്ലായിരുന്നു.

“വയനാട്ടിലെ ബാണാസുരസാഗർ ഡാം മുന്നറിയിപ്പില്ലാതെ തുറന്നു എന്നതാണ് മറ്റൊരു ആക്ഷേപം. ബാണാസുരസാഗർ ഡാം എല്ലാ വർഷവും നിറയുന്നതും മുന്നറിയിപ്പില്ലാതെതന്നെ തുറക്കാറുള്ളതുമായ ഡാമുകളുടെ പട്ടികയിൽ പെടുന്നതാണ്. ഒരു കാലത്തും അലർട്ടോടുകൂടിയല്ല ഇത് തുറക്കാറ്. ഇത്തവണയും ജൂൺ, ജൂലൈ മാസങ്ങളിലെ മഴയെത്തുടർന്ന് ജൂലൈ രണ്ടാംവാരത്തിൽ ഡാം നിറയുകയും 15.07.2018ൽ തുറക്കുകയും ചെയ്തിട്ടുണ്ട്. 05.08.2018 വരെ ഇങ്ങനെ ഡാം തുറന്നുവച്ചിരിക്കുകയായിരുന്നു. ഈ അണക്കെട്ട് ഇങ്ങനെ ഈ ഘട്ടത്തിൽ തുറക്കുമെന്ന കാര്യം നാട്ടുകാർക്കറിയാം. അതുകൊണ്ടുതന്നെ ഈ ഘട്ടത്തിലൊന്നും അവിടെ അപായങ്ങളേതും ഉണ്ടായിട്ടില്ല. താരതമ്യേന വെള്ളം കുറഞ്ഞതിനെത്തുടർന്നാണ് 05.08.2018ന് ഡാമിന്റെ ഷട്ടറുകൾ അടച്ചത്. എന്നാൽ, 06.08.2018ന് വൻതോതിൽ മഴ പെയ്യുകയും 07.08.2018ന് രാവിലെ ആയപ്പോഴേക്കും ഫുൾ റിസർവോയർ ലെവലിലേക്ക് വെള്ളമെത്തുകയും ചെയ്തു. ഏതാണ്ട് പത്തുമണിക്കൂറിനുള്ളിലാണിത‌് സംഭവിച്ചത്.

“അതേത്തുടർന്ന് 07.08.2018ന് രാവിലെ ആറരമണിക്ക് ഡാമിന്റെ ഷട്ടർ തുറന്ന് വീണ്ടും വെള്ളാമൊഴുക്കിത്തുടങ്ങി. രമേശ് പറയുംപോലെ രാത്രിയിൽ ആരും അറിയാതെയല്ല, രാവിലെ ആറരയ്ക്കാണിത‌് ചെയ്തത്. മഴ കനത്തതോടെ എട്ടുതവണ ഷട്ടറിന്റെ വിടവ് വർധിപ്പിക്കേണ്ടിവന്നു. അങ്ങനെയാണ് ബാണാസുരസാഗറിൽനിന്ന് കൂടിയതോതിൽ വെള്ളം താഴേക്കൊഴുകുന്ന സ്ഥിതിയുണ്ടായത്. ബാണാസുരസാഗർ മണ്ണുകൊണ്ടുണ്ടാക്കിയ ഡാമാണ്. മറ്റു ഡാമുകളെപ്പോലെ ഫുൾ റിസർവോയർ ലെവലിനുമുകളിൽ വെള്ളം സ്റ്റോർ ചെയ്യാനുള്ള ഒരു സംവിധാനവും ഈ ഡാമിനില്ല. ഇടുക്കിയിലാണെങ്കിൽ 2403 അടിയാണ് ഫുൾ റിസർവോയർ ലെവൽ. ഇവിടെ 2408.5 അടിവരെ ജലം ശേഖരിച്ചാലും കുഴപ്പമില്ല.

“ബാണാസുരസാഗറിന്റെ കാര്യത്തിൽ ഫുൾ റിസർവോയർ ലെവിനുമുകളിൽ വെള്ളം വന്നാൽ ഒഴുക്കിക്കളയുകയല്ലാതെ വേറെ മാർഗമില്ല. നാൽപ്പത്തിനാലു ഡാമുകൾ ഒരു മുന്നറിയിപ്പുമില്ലാതെ ഒന്നിച്ചുതുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമായത് എന്നതാണ് മറ്റൊരു ആരോപണം. പമ്പയിലെ ഒമ്പതു ഡാമുകൾ ഒന്നിച്ചുതുറന്നു എന്നും ഇടുക്കി, എറണാകുളം ജില്ലകളിലെ 11 ഡാമുകൾ ചാലക്കുടിപ്പുഴയിലെ ആറു ഡാമുകൾ എന്നിവ ഒന്നിച്ചുതുറന്നു എന്നും എവിടെയൊക്കെ വെള്ളപ്പൊക്കമുണ്ടാകുമെന്നും ഏതൊക്കെ ഭാഗങ്ങൾ മുങ്ങുമെന്നും സർക്കാരിന് ഒരു രൂപവുമുണ്ടായിരുന്നില്ല എന്നുമാണ‌് പ്രതിപക്ഷനേതാവിന്റെ അടുത്ത ആക്ഷേപങ്ങൾ.

“പമ്പയിൽ ശബരിഗിരി പദ്ധതിയുമായി ബന്ധപ്പെട്ട് പമ്പ, കക്കി ആനത്തോട് എന്നിങ്ങനെ രണ്ടു പ്രധാന റിസർവോയറുകളണുള്ളത്. ബാക്കിയൊക്കെ ചെറിയ ഡാമുകളാണ്. എല്ലാ വർഷവും തുറക്കുന്ന ഡാമുകളാണ് ഈ ചെറിയവ. എട്ട്, ഒമ്പത്, പത്ത് തീയതികളിൽ പെട്ടെന്നുണ്ടായ മഴയുടെ വർധനയിൽ ഡാമുകൾ നിറഞ്ഞ സാഹചര്യത്തിൽ മറ്റ് അപകടങ്ങൾ ഒഴിവാക്കുന്നതിനാണ് നിയമാനുസൃതമായ അലർട്ടുകളോടെ തുറക്കേണ്ടിവന്നത്.

“ഈ അലർട്ടുകളെല്ലാം കൃത്യമായി പാലിച്ചു എന്നതുതന്നെ സർക്കാരിന് ഇതേക്കുറിച്ച് നല്ല വിവരമുണ്ടായിരുന്നു എന്ന‌് തെളിയിക്കുന്നുണ്ട്. നദികൾ കരകവിഞ്ഞൊഴുകുന്നതുസംബന്ധിച്ച് നദീതീര വാസികളെ മുൻകൂട്ടി അറിയിക്കുകയും മാറി താമസിക്കണമെന്ന് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇടുക്കി, ഇടമലയാർ ഡാമുകൾ ഒന്നിച്ചുതുറക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കിയതും കൃത്യമായ വിവരമുള്ളതുകൊണ്ടാണ്. എല്ലാ ഡാമുകളും ഒരുമിച്ചുതുറന്നു എന്ന പ്രതിപക്ഷനേതാവിന്റെ ആക്ഷേപം തീർത്തും അടിസ്ഥാനമില്ലാത്തതാണ്.

“ചാലക്കുടിപ്പുഴയിൽ കേരളത്തിന്റെ നിയന്ത്രണത്തിൽ ഷോളയാർ, പെരിങ്ങൽക്കുത്ത് ഡാമുകളാണുള്ളത്. ചെറിയ സംഭരണശേഷി മാത്രമുള്ളതും എല്ലാ വർഷവും കവിഞ്ഞൊഴുകുന്നതുമായ ഡാമുകളാണ് രണ്ടും. ഇത്തവണ കനത്ത മഴ പെയ്തതിനെത്തുടർന്ന് നീരൊഴുക്ക് ക്രമാതീതമായി കൂടി. പറമ്പിക്കുളം, തമിഴ്നാടിന്റെ ഷോളയാർ ഡാമുകളിൽനിന്നുള്ള വെള്ളം കൂടിവന്നതോടെ ചാലക്കുടിയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. അതാണ് സംഭവിച്ചത്.

“എറണാകുളം ജില്ലയിലെ കാലടി, പെരുമ്പാവൂർ, പറവൂർ, വൈക്കം, പന്തളം തുടങ്ങി അതിരൂക്ഷമായ പ്രളയമുണ്ടായ ഒരിടത്തും ഒരു മുന്നറിയിപ്പുമുണ്ടായില്ല എന്ന് പ്രതിപക്ഷനേതാവ് ആരോപിക്കുന്നു.

എറണാകുളം ജില്ലയിലെ, പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടിയ മുഴുവൻ പ്രദേശങ്ങളിലും വെള്ളം ഉയരുന്നതുമായി ബന്ധപ്പെട്ട് ഇടുക്കി പദ്ധതിയുടെ ട്രയൽ റണ്ണിനു തയ്യാറായ ജൂലൈ 26 ഘട്ടത്തിൽത്തന്നെ കൃത്യമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടമലയാർ, ഇടുക്കി ഡാമുകളുടെ വിവിധ അലർട്ട് ഘട്ടങ്ങളിലും ഡാം തുറക്കുന്നതിനുമുന്നോടിയായും കൃത്യമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആളുകളെ തീരങ്ങളിൽനിന്ന് മാറ്റി പാർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുമുണ്ട്. എല്ലാ മുന്നറിയിപ്പും നൽകിയിട്ടുണ്ടെന്ന് ഫെയ‌്സ്ബുക്കിൽ പറഞ്ഞത് പ്രതിപക്ഷനേതാവ് ഇപ്പോൾ സൗകര്യപൂർവം മറക്കുന്നു.

“ഇടുക്കിയിൽ 2397 അടിയായിട്ടും ട്രയൽ റൺ നടത്തിയില്ല എന്നതാണ് മറ്റൊരു ആക്ഷേപം. ഇടുക്കിയിൽ 2397 അടിയിൽ ട്രയൽ റൺ നടത്താനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിരുന്നു. എന്നാൽ, ഇതിനുമുമ്പുതന്നെ വെള്ളം നിറയുകയും അതേത്തുടർന്ന് ഇടമലയാർ ഡാം 08.08.2018ന് തുറക്കുകയും ചെയ്യേണ്ടിവന്നു. 08.08.2018നാണ് ഇടുക്കി ഡാമിൽ 2397 അടിയിലേക്ക് വെള്ളമെത്തിയത്. ഇടമലയാർ തുറക്കാൻ നിർബന്ധിക്കപ്പെട്ട സാഹചര്യത്തിൽ അപ്പോൾത്തന്നെ ഇടുക്കികൂടി തുറന്നുവിട്ടാൽ വൻ നാശമുണ്ടായേനെ. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ട്രയൽ റൺ മാറ്റിവച്ചത്. മാറ്റിവച്ചു എന്നു പറയാൻപോലുമില്ല. പിറ്റേദിവസംതന്നെ അത് നടത്തി. അതിനെ മാറ്റിവയ്ക്കലായി ചിത്രീകരിക്കേണ്ട കാര്യമേയില്ല. വിഷയത്തിൽ ജലവിഭവമന്ത്രിയും വൈദ്യുതിമന്ത്രിയും തമ്മിൽ തർക്കമുണ്ടായിരുന്നു എന്നു പ്രതിപക്ഷനേതാവ് പറയുന്നു. അത് അദ്ദേഹത്തിന്റെ ഭാവനയിൽമാത്രമുണ്ടായതാകാനേ വഴിയുള്ളൂ.

“ആഗസ്ത് ഒമ്പതിന് ജലനിരപ്പ് 2398.98 അടിയിലെത്തിയപ്പോൾമാത്രമാണ് ഒരു ഷട്ടർ 50 സെന്റീമീറ്റർമാത്രമുയർത്താൻ സർക്കാർ അനുവാദം നൽകിയത് എന്നും, അപ്പോഴേക്ക് സമയം വൈകിയിരുന്നുവെന്നും പിടിച്ചാൽ കിട്ടാത്ത അവസ്ഥയുണ്ടായി എന്നും അന്ന‌് വൈകിട്ടുതന്നെ ജലനിരപ്പ് 2400.1 അടിയായി ഉയർന്നുവെന്നും പ്രതിപക്ഷനേതാവ് വാർത്താക്കുറിപ്പിൽ പറയുന്നു.

“2018ന് ഉച്ചയോടെ 2397 അടിയായിരുന്നു വെള്ളം. പിറ്റേന്ന് 2400.1 അടിയിലേക്കും തുടർന്ന് പത്താംതീയതി ആകുമ്പോഴേക്ക് പിടിച്ചാൽ കിട്ടാത്ത നിലയിലേക്കുമായി എന്നു പറയുന്നതു പ്രതിപക്ഷനേതാവുതന്നെയാണ്. അദ്ദേഹത്തിന് ഇക്കാര്യത്തിൽ കൃത്യമായ കണക്കുമുണ്ട്. 08.08.2018 വരെ ഇല്ലാതിരുന്ന മഴ ഒറ്റയടിക്ക് തുടർച്ചയായി പെയ്ത് വെള്ളപ്പൊക്കമുണ്ടാക്കുകയായിരുന്നു എന്നത് ഇതിൽനിന്നുതന്നെ തെളിയുന്നുണ്ട്. രമേശ്, ഫെയ‌്സ്ബുക്കിൽ പറയുന്നത് 30.07.2018ന് ഓറഞ്ച് അലർട്ടിനുതാഴെയായിരുന്നു ജലനിരപ്പെന്നാണ്. അതിനുശേഷം ജലനിരപ്പ് കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ജലനിരപ്പ് എട്ട്, ഒമ്പത്, പത്ത് തീയതികളിൽ വർധിച്ചു. 15.08.2018ന് രാത്രി മുല്ലപ്പെരിയാർ ഡാം തുറന്നതും 16.08.18ന്റെ കനത്ത മഴയും കൂടിയായതോടെ ജലനിരപ്പ് വൻതോതിൽ ഉയർന്നു. ഇത് ആർക്കും മുൻകൂട്ടി കാണാനാകുന്നതല്ല. എന്നിട്ടും സർക്കാർ കരുതലോടെ ഇടപെട്ടു; മുന്നറിയിപ്പ‌് നൽകി; ആളുകളെ മാറ്റി പാർപ്പിച്ചു; പെയ്ത മഴയുടെ പകുതിയിലേറെ വെള്ളവും ഡാമിൽതന്നെ തടഞ്ഞുനിർത്തി പുറത്തേക്ക് ഒഴുക്കേണ്ട വെള്ളം നിയന്ത്രിച്ചു. 2013ൽ കനത്ത മഴ ഉണ്ടായപ്പോൾ ഇടുക്കി ഡാം തുറക്കേണ്ടിവന്നില്ല എന്നും മഴയുടെ വരവ് മുൻകൂട്ടി കണ്ട് ചെറിയ ഡാമുകൾ നേരത്തെ തുറന്നുവയ്ക്കുകയും ഇടുക്കിയിൽ വൈദ്യുതി ഉൽപ്പാദിപ്പിച്ച് ജലനിരപ്പ് താഴ്ത്തിവയ്ക്കുകയുമാണ് ചെയ്തതെന്ന് രമേശ് പറയുന്നു. 2013ൽ കാലവർഷം താരതമ്യേന സാധാരണനിലയിൽ മാത്രമുള്ളതായിരുന്നു.

“ആ കാലവർഷസമയത്ത് ഇടുക്കി ഡാമിൽ വെള്ളം വർധിച്ചിട്ടില്ല. തുലാവർഷ ഘട്ടത്തിലെ മഴയിലാണ് വെള്ളം ഉയർന്നത്. അങ്ങനെ മഴ പെയ്തപ്പോൾപ്പോലും 2403, അതായത് ഫുൾ റിസർവോയർ ലെവലിൽ വെള്ളമെത്തിയിട്ടും തുറന്നുവിടേണ്ട സാഹചര്യമുണ്ടായില്ല.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News