‘വിഷമിക്കരുത്, സര്‍ക്കാര്‍ ഒപ്പമുണ്ട്; എല്ലാവരും ഒരു കുടുംബമായി കഴിയുക’; ക്യാമ്പുകളില്‍ ആശ്വാസവാക്കുകളുമായി മുഖ്യമന്ത്രി പിണറായി

ആലപ്പുഴ: പ്രളയക്കെടുതിയില്‍പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഒന്നുകൊണ്ടും വിഷമിക്കരുതെന്നും സംസ്ഥാനസര്‍ക്കാര്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

”ആശങ്കപ്പെടേണ്ട കാര്യമില്ല. സര്‍ക്കാര്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. എല്ലാ കാര്യത്തിലും സര്‍ക്കാര്‍ കൃത്യമായി ഇടപെടുന്നുണ്ട്. വിഷമിക്കേണ്ട, ഒരേ മനസോടെ എല്ലാത്തിനേയും അതിജീവിക്കേണ്ട സമയമാണിത്.”

”ഇപ്പോള്‍ നിങ്ങള്‍ ഇവിടെ കഴിയൂ. നമുക്ക് വീടുകളെല്ലാം വൃത്തിയാക്കിയ ശേഷം അവിടേക്ക് മാറാം. ഒരു കുടുംബമായി തന്നെ എല്ലാവരും കഴിയണം.”-മുഖ്യമന്ത്രി പറഞ്ഞു

പ്രളയക്കെടുതിയിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ദുരന്തമേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തി പ്രളയ ബാധിതര്‍ക്ക് ആശ്വാസമായത്.

രാവിലെ 8 മണിക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട മുഖ്യമന്ത്രി ആദ്യമെത്തിയത് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലെ ദുരിതാശ്വാസ ക്യാമ്പില്‍.

സങ്കടങ്ങള്‍ പറഞ്ഞവരോട് എല്ലാം ശരിയാകുമെന്ന ആ വാക്ക് വലിയ ആശ്വാസമാണ് നല്‍കിയത്. തുടര്‍ന്ന് അവിടെ നിന്നും കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പില്‍. പ്രശ്‌നങ്ങള്‍ ചോദിച്ചറിയാന്‍ മുഖ്യമന്ത്രി എത്തിയത് മുന്നോട്ടുള്ള ജീവിതത്തിന് അവിടുള്ളവര്‍ക്ക് കൂടുതല്‍ കരുത്തേകി.

അവിടെ നിന്നും ആലപ്പുഴയിലെ ക്യാമ്പിലെത്തിയ മുഖ്യമന്ത്രി എന്തെങ്കിലും പരാതിയുണ്ടോയെന്ന് അവരോട് തിരക്കി. രേഖകള്‍ പലതും നഷ്ടപ്പെട്ടെന്ന്് ക്യാമ്പംഗങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അതെല്ലാം സര്‍ക്കാര്‍ തിരിച്ചുനല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

എറണാകുളം ജില്ലയില്‍ പറവൂര്‍ മേഖലയിലായിരുന്നു തുടര്‍ന്നുള്ള മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. ജില്ലയില്‍ പ്രളയക്കെടുതി ഏറ്റവും അധികം നേരിട്ട പ്രദേശമാണ് പറവൂര്‍.

അര മണിക്കൂറോളം പറവൂരിലെ ക്യാമ്പിലും മുഖ്യമന്ത്രി ചിലവഴിച്ചു. അവിടെ നിന്നും ചാലക്കുടിയിലെത്തിയ മുഖ്യമന്ത്രി പനമ്പള്ളി സ്മാരക ഗവ കോളേജിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. അന്തേവാസികളുമായി സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു മുഖ്യമന്ത്രി.

റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ ചീഫ് സെക്രട്ടറി ടോം ജോസ്, പി.എച്ച് കുര്യന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം സന്ദര്‍ശനത്തിലുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News