ദുരിതം ആശ്വാസത്തിലേക്ക് കടക്കുമ്പോൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നമ്മൾ അതിജീവനത്തിന്റെ പാതയിലാണ്..നഷ്ടങ്ങൾ നഷ്ടങ്ങൾ തന്നെയായിരിക്കും..
പക്ഷേ അതിന്റെ കാഠിന്യം അനുഭവപ്പെടുന്നത് എങ്ങനെ കുറയ്ക്കാം..ചിന്തിച്ചു പ്രവർത്തിക്കേണ്ട സമയമായി.
ദുരന്തമുഖത്ത് ആദ്യ ദിവസങ്ങളിൽ സാധാരണ കാണുന്ന അസ്വസ്ഥതകൾ ഇവയൊക്കയാകാം.
*ഉറക്കക്കുറവ്
*വെപ്രാളം,സംഭ്രമം
*പ്രതീക്ഷ ഇല്ലായ്മ
*ഭയം,ആധി
*പെട്ടെന്ന് കരഞ്ഞു പോകുന്നത്
*ഓർത്തോർത്ത് സങ്കടപ്പെടുന്നത്
*ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠ
*വിഷാദം
*ദേഷ്യം
*കുറ്റബോധം
*നിരാശ
മരണത്തെ മുഖാമുഖം കണ്ടവരിൽ,ഉറ്റവർ നഷ്ടപ്പെട്ടവരിൽ,ഒറ്റപ്പെട്ട് പോയവരിൽ ഇത്തരം ബുദ്ധിമുട്ട് കൂടുതലായി പ്രകടമാകാം.ഇവരുടെ ഇടയിലേക്ക് ഇറങ്ങി ചെന്നു പ്രവർത്തിക്കുന്നവരുടെ കരുതലോടു കൂടിയുള്ള സമീപനം തന്നെയാണ് ആദ്യത്തെ പ്രഥമ ശുശ്രൂഷ. ഒരേ പ്രശ്നങ്ങൾ ഒരുമിച്ച് അനുഭവിക്കുന്നവർ തമ്മിൽ അന്യോന്യം നല്കുന്ന പരിചരണം ആശ്വാസം കണ്ടെത്തുന്നതിൽ വലിയ പങ്കുണ്ട്. അതായത് ക്യാമ്പുകളിലെ കൂട്ടായ്മ തന്നെയാണ് ആദ്യത്തെ ആശ്വാസപ്രവർത്തനം.
*ക്യാമ്പുകളിലെ പ്രവർത്തനങ്ങളിലേയ്ക്ക് അതിജീവിച്ചവരുടെ ശ്രദ്ധ തിരിക്കുക
*അടുക്കള കൂട്ടായ്മയുണ്ടാക്കാം
*കുട്ടികൾക്ക് വേണ്ടി മനോരഞ്ജനം,കളികൾ,ഡെ സ്കൂൾ
*ഏവർക്കും ചെയ്യാവുന്ന റിലാക്സേഷൻ വ്യായാമങ്ങൾ,കലാകായിക വിനോദങ്ങൾ ക്യാമ്പിന്റെ ഭാഗമാക്കാം.
ക്യാമ്പുകളിൽ നിന്ന് വരുന്ന പാട്ടിന്റേയും ജിമിക്കി കമ്മൽ ഡാൻസിന്റെ വീഡിയോകളുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്.
അതായത് നഷ്ടങ്ങൾക്ക് നടുവിൽ ഒരൽപം സന്തോഷം കണ്ടെത്തുന്നതിൽ ആർക്കും കുറ്റബോധം തോന്നേണ്ടതില്ല,അതിൽ ഒരു തെറ്റുമില്ല.വരും ദിനങ്ങൾക്ക് വേണ്ടിയുള്ള മാനസിക തയ്യാറെടുപ്പുകൾ ഇനിയും വേണ്ടതല്ലേ.
ദുരന്തബാധിതരുമായ് ഇടപഴകുമ്പോൾ ആശ്വാസപ്രവർത്തകർക്ക് ചില പ്രത്യേക തയ്യാറെടുപ്പുകൾ വേണ്ടതുണ്ട്.
*പറയാനുള്ളത് കേൾക്കുക.എന്നാൽ അനുഭവങ്ങൾ ആവർത്തിച്ച് പറയിപ്പിക്കരുത്.കൂട്ടായ്മകളിൽ അനുഭവങ്ങൾ,പ്രശ്നങ്ങൾ തരണം ചെയ്ത രീതികൾ പങ്കിടാം,അന്യോന്യം പിന്തുണ നല്കാം.
വീണ്ടും വീണ്ടും ദുരന്താനുഭവങ്ങളെ പറ്റി അയവിറക്കുന്നതും,വീഡിയോകൾ ആവർത്തിച്ചു കാണുന്നതുമെല്ലാം അനിയന്ത്രിതമായ് ഉത്കണ്ഠ വളരാനും,മാസങ്ങൾക്ക് ശേഷം പോസ്റ്റ്‌ ട്രൊമാറ്റിക്ക് സ്ട്രസ്സ് ഡിസോർഡർ(PTSD) ആകാനുമുള്ള സാധ്യതകൾ കൂടുതലാണ്.
*സഹാനുഭൂതിയോട് കൂടി കാര്യങ്ങൾ കേൾക്കുക,പങ്ക് വയ്ക്കുക
*ശ്രദ്ധയോടെ കേൾക്കുക(active listening)
മുഖത്ത് താത്പര്യഭാവമുണ്ടാകണം,അലക്ഷ്യമായി അവിടെയും ഇവിടെയും നോക്കാതെ തലയനക്കി,മൂളി കേൾക്കാൻ കഴിയുമെങ്കിൽ നല്ലത്.
 ഇടയ്ക്ക് കയറി അഭിപ്രായം,ഉപദേശം, താരതമ്യം ചെയ്തു അനുഭവം പറയുന്നത് ഒക്കെ ഒഴിവാക്കാം.
*വിഷമങ്ങളെ ചെറുതാക്കിയോ വലുതാക്കിയോ അഭിപ്രായം പറയാതിരിക്കുക.
*തെറ്റായ,നടക്കാൻ സാദ്ധ്യതയില്ലാത്ത വാഗ്ദാനങ്ങൾ നല്കാതിരിക്കുക,താത്കാലിക സമാധാനത്തിന് കള്ളം പറയാതിരിക്കുക.വേണമെങ്കിൽ അപ്രിയ സത്യങ്ങൾ അവർ മാനസികമായി ഒരുങ്ങുന്നത് വരെ പറയുന്നത് താമസിപ്പിക്കാം.
*മോശം പ്രതികരണങ്ങൾക്ക് ക്ഷമയോടെ,സമചിത്തതയോടെ പ്രതികരിക്കുക.
*സ്വകാര്യതയെ മാനിക്കുക
*പരിധി വിട്ട ആശ്രയീഭാവം,ആശ്രിതത്വം ഉടലെടുപ്പിക്കാതെയുള്ള ശാക്തീകരണമായിരിക്കണം ലക്ഷ്യം.
*പ്രചോദനം നല്കുന്ന വാക്കുകൾ, പ്രതീക്ഷ കൈവിടാതിരിക്കാനുള്ള ഉദാഹരണങ്ങൾ,താത്വികവും ആദ്ധ്യാത്മികമായ ചിന്തകൾ ഉൾപ്പെടുത്തിയുള്ള ഭാഷയാകാം.
 *മുന്നിലിരിക്കുന്ന ആളെ അല്ലെങ്കിൽ ആളുകളെ അറിഞ്ഞു വേണം സംസാരിക്കാൻ.ഓരോ പ്രദേശത്തെ രീതികളെ വിശ്വാസങ്ങളെ,കാഴ്ചപ്പാടുകളെ മാനിച്ചു വേണം ഇടപെടൽ.
*സ്ത്രീകളുടെ കൂട്ടായ്മകൾ,ആത്മീയ കൂട്ടായ്മകളും,പ്രാദേശിക കൂട്ടായ്മകളും സൃഷ്ടിക്കാം
*വേണ്ട വിവരങ്ങൾ നല്കുക,സഹായങ്ങളുടെ ചങ്ങലക്കണ്ണികളും നിലനിർത്തുക.
ഇനിയുള്ള ആഴ്ചകളും മാസങ്ങളും ഏകദേശം രണ്ട് വർഷം വരെ ഉണ്ടാകാവുന്ന പ്രതിഭാസങ്ങളെ കുറിച്ചും നമ്മൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.
* ദുരന്തമുഖങ്ങളിൽ പെട്ടവർക്ക് കുറച്ചു കാലം ശാരീരിക അസ്വാസ്ഥ്യം കൂടുതലായി അനുഭവപ്പെട്ടേക്കാം.
*ബി.പി കൂടാം,ഹൃദയാഘാതം, സ്ട്രോക്ക് ഉണ്ടാകാം,ആസ്തമ,ഉദരസംബന്ധമായ ബുദ്ധിമുട്ടുകൾ,മറ്റു ശാരീരികമാനസിക അസ്വസ്ഥതകൾ തീവ്രത കൂടാം.
*പകർച്ചവ്യാധികളെ പറ്റി ഭയം കൂടാം,വൃത്തി സംബന്ധിച്ച് ഉത്കണ്ഠകളും കൂടാം.നെഞ്ചിടിപ്പ്, കിതപ്പ്, വിറയൽ,തലകറക്കം,വെപ്രാളം ഇടയ്ക്കിടെ പാനിക് ആയും അലട്ടാം.
*ഇനിയും പ്രളയം ഉണ്ടാകുന്നതിനെ സംബന്ധിച്ച് ഭയങ്ങൾ മഴയുണ്ടാകുമ്പോൾ അനുഭവപ്പെടാം.ഉറക്കത്തിൽ ഞെട്ടി ഉണരുക,പേടി സ്വപ്നങ്ങൾ കാണുക, സന്തോഷങ്ങൾ ആസ്വദിക്കാൻ കഴിയാതിരിക്കുക, പഴയ ദുരന്ത അനുഭവങ്ങൾ ഫ്ളാഷ് ബാക്കുപോലെ അനുഭവപ്പെടുക,ദുരന്ത വാർഷികങ്ങൾ അടുക്കുമ്പോൾ ഭയപ്പെടുക ഇവയൊക്കെ പോസ്റ്റ്‌ ട്രൊമാറ്റിക്ക് സ്ട്രസ്സ് ഡിസോർഡറിന്ടെ(PTSD) ലക്ഷണമാകാം.മാനസികാരോഗ്യ രംഗത്തുള്ളവരുടെ സഹായം തേടണം.
*അനിയന്ത്രിതമായ വിഷാദം,തിരികെ ജോലികളിലേക്കും ജീവിതത്തിലെ ഉത്തരവാദിത്തങ്ങളിലേക്കും പോകാൻ കഴിയാതിരിക്കുക. ഒരു പരിധിയ്ക്ക് അപ്പുറം അനുഭവപ്പെടുന്ന സ്ട്രെസ്സ് വിഷാദരോഗത്തിലേയ്ക്ക് എത്തിക്കാം.ഫലപ്രദമായ ചികിത്സയിലൂടെ തരണം ചെയ്യാവുന്ന ഒരവസ്ഥയാണിത്.
*ദുരന്തബാധിത മേഖലകളിൽ ആത്മഹത്യ പ്രവണതയും,ലഹരി ഉപയോഗം കൂടുന്നതും,അക്രമം,കുടുംബപ്രശ്നങ്ങൾ ഉണ്ടാകുന്നതും കുറയ്ക്കാൻ പ്രത്യേകം ശ്രദ്ധയും ഇടപെടലും വേണ്ടി വരും.
*ദുരന്തം ബാധിച്ച വ്യക്തികൾ മാത്രമല്ല സമൂഹത്തിനും നൈരാശ്യം ഉണ്ടാകാതിരിക്കാനുള്ള പിൻതുണ അടുത്ത രണ്ടു വർഷകാലത്തേക്കെങ്കിലും സ്വരുക്കൂട്ടേണ്ടതും ആവശ്യമാണ്.
ഇനി ആശ്വാസപ്രവർത്തകരുടെ ആശ്വാസവും പ്രധാനമാണ്.
*തലവേദന,ഉറക്കകുറവ്,ശാരീരിക അസ്വാസ്ഥ്യം, സമയം തെറ്റിയുള്ള ഉറക്കം/വൃത്തി/ഭക്ഷണക്രമം
*പിരിമുറുക്കം, നിരാശ,കുറ്റബോധം, ക്ഷീണം
*സാഹചര്യങ്ങളുമായ് ഇണങ്ങി പ്രവർത്തിക്കാൻ കഴിയാതിരിക്കുക
*കഴിവുകൾ കുറയുന്നതായ് തോന്നുക,ആത്മധൈര്യം, പ്രചോദനം കുറയുന്നതായ് തോന്നുക
*ഉൾവലിയൽ,കോപം അനുഭവപെടുക
*ധൃതി പിടിച്ചുള്ള സംസാരം,നടത്തം
*ചെയ്യുന്ന പ്രവർത്തനങ്ങൾ കുറച്ചു നേരത്തേക്കെങ്കിലും നിർത്തി റിലാക്സ് ചെയ്യാൻ കഴിയാതിരിക്കുക
*അമിത ഉത്തരവാദിത്ത ബോധവും,അതിന്റെ ഭാരം അനുഭവപ്പെടുക,മറ്റു ഉത്തരവാദിത്തങ്ങളിലേയ്ക്ക് ശ്രദ്ധ തിരിക്കാൻ കഴിയാതിരിക്കുക
ദുരന്തം അനുഭവിച്ചവരുടെ ദു:ഖങ്ങളും നിരാശയും കോപവും അഭിമുഖീകരിക്കേണ്ടി വരുന്നത്, അവരുടെ പ്രശ്നങ്ങളിൽ നിരന്തരം പങ്ക് കൊള്ളേണ്ടി വരുന്നത്,ദൂരെ ദിക്കുകളിലേ യാത്ര/താമസം,ഭക്ഷണം കിട്ടാനും ശുചിത്വ പാലനത്തിലെ അസ്ഥിരതയും,പ്രതികൂല സാഹചര്യങ്ങൾ,മേലധികാരികളുമായുള്ള സമ്പർക്കം, അവരുടെ ഇടപെടലുകൾ, കുടുംബവുമായി സമ്പർക്കം പുലർത്താൻ കഴിയാത്തതുമെല്ലാം സന്നദ്ധ പ്രവർത്തകരുടെ സ്ട്രസ്സിന് കാരണമാകാം.
ടീമായ് പ്രവർത്തിക്കുമ്പോൾ കൂടെയുള്ളവരുടെ പരിരക്ഷയും ശ്രദ്ധിക്കേണ്ടത് അത്യാവശ്യം ആണ്.
*അന്യോന്യം കേൾക്കുക
*പ്രശ്നങ്ങൾ പങ്ക് വയ്ക്കുക
*മറ്റുള്ളവർക്ക് കൂടി ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കുക(delegation)
*കുറ്റങ്ങളും കുറവുകളും മാത്രം പറയാതിരിക്കുക
*വിമർശനം ഒഴിവാക്കി അന്യോന്യം പ്രോത്സാഹിപ്പിക്കുക
*വ്യായാമം,സ്വസ്ഥമായി ഇരിക്കാൻ സമയം കണ്ടെത്തുക
*ഡയറിയിൽ അനുഭവങ്ങൾ എഴുതി വയ്ക്കാം
*ആഴ്ചയിൽ ഒരു ദിവസമെങ്കിലും സ്വന്തം കാര്യങ്ങൾക്കും റെസ്റ്റിനും മാറ്റി വെക്കുക
*ഉറ്റവരുമായ് സമ്പർക്കം നിലനിർത്തുക,അനുഭവങ്ങൾ പങ്ക് വയ്ക്കുക.
റിലാക്സേഷൻ വേണ്ടിയുള്ള അഭ്യാസങ്ങൾ സ്വയം ചെയ്യാം മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യാം.എളുപ്പം ചെയ്യാവുന്ന ചില റിലാക്സേഷൻ എക്സർസൈസ് ഇവയൊക്കെ ആണ്.
1.Abdominal breathing
സ്വസ്ഥമായി ഇരിക്കുക->കണ്ണടയ്ക്കുക->ശ്വാസത്തിലേയ്ക്ക് ശ്രദ്ധിക്കുക->വയറ്റിലേക്ക് ശ്വാസം എടുക്കുന്നത് പോലെ ശ്വാസം ഉള്ളിലേക്ക് വലിയ്ക്കുക->കുറച്ചു നേരം പിടിച്ചു വയ്ക്കുക->ഉള്ളിലേയ്ക്ക് ശ്വാസം എടുത്തതിനേക്കാൾ പതുക്കെ മൂക്കിൽ കൂടി പുറത്തേക്ക് ശ്വാസം വിടുക.
(അഞ്ച് പ്രാവശ്യം ആവർത്തിക്കുക.ആസ്തമ,ഹൃദയ സംബന്ധമായ രോഗമുള്ളവർ ബുദ്ധിമുട്ട് അനുഭപ്പെടാത്ത അളവിൽ മാത്രമേ ചെയ്യാൻ പാടുള്ളൂ)
2.Count Breathing
സ്വസ്ഥമായി ഇരിക്കുക->ശ്വാസം ഉള്ളിലേക്ക് എടുക്കുമ്പോൾ 1,2 എന്നും ->ശ്വാസം പുറത്തേക്ക് വിടുമ്പോൾ 1,2,3,4 എന്നും മനസ്സിൽ പറയുക.
3.Free Meditation
സ്വസ്ഥമായി കണ്ണടച്ചിരിക്കുക/കിടക്കുക->ഒന്നും ചിന്തിക്കാതിരിക്കാൻ ശ്രമിക്കുക->ചിന്തകൾ വന്നാൽ അവയെ നിയന്ത്രിക്കാതെ മെല്ലെ വന്നു പോകാൻ അനുവദിക്കുക->അഞ്ച് മിനിറ്റ് മുതൽ ഇരുപത് മിനിറ്റ് വരെ ഈ അവസ്ഥയിൽ ഇരിക്കാൻ ശ്രമിക്കുക
4.Auto Relaxation
തറയിൽ കിടക്കുക->കാല്പാദം മുതൽ തല വരെ സ്കാൻ ചെയ്യുന്ന പോലെ സങ്കല്പിക്കുക.ഓരോ മസിലും റിലാക്സ് ചെയ്യുന്നു എന്ന് കരുതുക,മനസ്സിൽ പറയുക.
‍⚕️ഓർക്കുക, നിങ്ങൾ ഓ.കെ ആയാലെ മറുള്ളവരെ സഹായിക്കാൻ നിങ്ങൾക്ക് കഴിയുള്ളു.സാമൂഹിക രാഷ്ട്രീയ ആരോഗ്യ രംഗത്തുള്ളവരുടെ നിരന്തര ഇടപെടലുകൾ ആയിരിക്കും ഇനിയുള്ള രണ്ട് വർഷത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ അച്ചുതണ്ട്. അതിനായി ഇതുവരെ കേരളസമൂഹം ഉയർന്നു പ്രവർത്തിച്ചതു പോലെ ഒറ്റക്കെട്ടായി സംഘടിത പ്രവർത്തനങ്ങൾ ആവശ്യമാണ്.അതിനായ് വ്യക്തതയോടെ ഇനിയും മുന്നോട്ട് പോകാൻ നമുക്ക് കഴിയട്ടെ..
ദുരന്തമുഖത്തെ മാനസിക പരിരക്ഷ:
ഡോ.ഷീന.ജി.സോമൻ
കൺസൾട്ടൻറ് സൈക്ക്യാട്രിസ്റ്റ്
തിരുവനന്തപുരം ഗവ.മാനസികാരോഗ്യ കേന്ദ്രം
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News