മോദി സര്‍ക്കാര്‍ ദുരഭിമാനം വെടിയണം; കേരളത്തിനുളള വിദേശസഹായം തടയുന്ന നിലപാടിനെതിരെ മുന്‍വിദേശകാര്യ സെക്രട്ടറിമാര്‍ രംഗത്ത്

ദില്ലി: കേരളത്തിലേയ്ക്കുളള വിദേശ സഹായം തടയുന്ന മോദി സര്‍ക്കാരിന്റെ നിലപാടിനെതിരെ മുന്‍വിദേശകാര്യ സെക്രട്ടറിമാര്‍ രംഗത്ത്.

കേരളത്തിനുള്ള ഗള്‍ഫ് സഹായം ക്രിയാത്മകമായി കൈകാര്യം ചെയ്യണമെന്ന് മുന്‍വിദേശകാര്യ സെക്രട്ടറി നിരുപമ റാവു പ്രതികരിച്ചു. പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ വിദേശ സഹായം തേടുന്നതില്‍ തെറ്റില്ലെന്ന് ശിവശങ്കര്‍ മേനോനും ട്വിറ്റ് ചെയ്തു.

യുപിഎ സര്‍ക്കാരിന്റെ വിദേശനയ തീരുമാനങ്ങളില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്ന മുന്‍വിദേശകാര്യ സെക്രട്ടറിമാരാണ് നിരുപമറാവുവും ശിവശങ്കര്‍ മേനോനും.

വിദേശത്ത് നിന്നുള്ള ദുരന്ത സഹായങ്ങള്‍ ലഭിക്കുന്നത് തടഞ്ഞ എന്‍ഡിഎ സര്‍ക്കാരിന്റെ നിലപാടിനെ ഇരുവരും തള്ളി കളയുന്നു.

കേരളത്തിനുള്ള ഗള്‍ഫ് സഹായത്തെ വേറിട്ട് കാണമെന്ന് നിലപാടിലാണ് നിരുപമ റാവും ശിവശങ്കര്‍ മേനോനും.കേരളത്തിലെ ദുരന്തത്തെ ലഘുവായി കാണരുത്.

യു.എ.ഇ സഹായത്തെ ക്രിയാത്മകമായി ഉപയോഗിക്കണെന്ന ശുപാര്‍ശവും കേന്ദ്ര സര്‍ക്കാരിനോടായി നിരുപമ റാവു മുന്നോട്ട് വയ്ക്കുന്നു. ഗള്‍ഫിലുള്ള ഇന്ത്യക്കാരില്‍ 80 ശതമാനവും മലയാളികളാണന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു.

2004ലെ നിലപാട് അനുസരിച്ച് വിദേശ സഹായം ഇന്ത്യ വേണ്ടന്ന് വച്ചിട്ടുണ്ട്. പക്ഷെ ദീര്‍ഘകാല പുനരധിവാസത്തിന് വിദേശ ഫണ്ട് സ്വീകരിക്കാം. അടിസ്ഥാന സൗകര്യ വികസനത്തിന് വിദേശഫണ്ട് സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും ശിവശങ്കര്‍ മേനോന്‍ വ്യക്തമാക്കി.

സാധാരണ കാലത്തെ സഹായവും ദുരന്തകാലത്തെ ധനസഹായവും വ്യത്യസ്ഥമാണന്ന് മോന്‍മോഹന്‍സിങ്ങിന്റെ പ്രസ് സെക്രട്ടറിയായിരുന്ന സജ്ഞയ് ബാരു ട്വീറ്റ് ചെയ്തു.

മോദി സര്‍ക്കാര്‍ ദുരഭിമാനം വെടിയണമെന്നും സഹായഹസ്തങ്ങള്‍ തള്ളികളയരുതെന്നും അദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel