കേരളത്തിന്‍റെ സൈനികന് വിനയന്‍റെ സമ്മാനം; സ്നേഹ സമ്മാനങ്ങളുടെ വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്ന് ജെയ്സല്‍

മനുഷ്യ സ്നേഹത്തിന്റെ പുത്തൻ മാതൃക തീർത്ത മലപ്പുറം താനൂർ സ്വദേശി ജെയ്സലിന് സംവിധായകൻ വിനയന്റെ സ്നേഹ സമ്മാനം.

രക്ഷാപ്രവർത്തനത്തിനെത്തിയ ബോട്ടിൽ കയറാൻ സ്ത്രീകൾക്ക് സ്വയം ചവിട്ടുപടിയായി കിടന്ന ജെയ്സലിന് ഒരു ലക്ഷം രൂപയാണ് വിനയൻ സമ്മാനമായി കൈമാറിയത്.

രക്ഷാപ്രവർത്തക സംഘത്തിലെ സുഹൃത്തുക്കൾക്കൊപ്പം കൊച്ചി തമ്മനത്തെ വിനയന്റ വീട്ടിൽ എത്തിയാണ് ജെയ്സൽ അനുമോദന സമ്മാനം ഏറ്റുവാങ്ങിയത്.

മലപ്പുറം വേങ്ങരയിലാണ് ജെയ്സൽ ഉൾപ്പെടുന്ന ട്രോമ കെയർ യൂണിറ്റ് രക്ഷാപ്രവർത്തനത്തിനെത്തിയത്. രക്ഷാപ്രവർത്തന ബോട്ടിൽ കയറാൻ സ്ത്രീകൾ ഉൾപ്പടെയുള്ളവർ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ ഒട്ടും ശങ്കിക്കാതെ ബോട്ടിനോട് ചേർന്ന് ജെയ്സൽ മുട്ട് കുത്തി കുനിഞ്ഞിരുന്നു.

സ്വയം ചവിട്ടുപടിയായി കിടന്ന ആ നീലക്കുപ്പായക്കാരന്റെ പുറത്ത് ചവിട്ടി എല്ലാവരും ബോട്ടിൽ കയറുന്ന കാഴ്ച സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

മനുഷ്യ സ്നേഹത്തിന്റെ മഹനീയ മാതൃക ലോകത്തിനു മുന്നിൽ തുറന്ന് കാട്ടിയ ജെയ്സലിന് ഒരു ലക്ഷം രൂപയുടെ ചെക്ക് വിനയൻ സമ്മാനമായി നൽകി.

തനിയ്ക്ക് ലഭിക്കുന്ന സ്നേഹോപഹാരങ്ങളുടെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറണമെന്നാണ് ആഗ്രഹമെന്ന് ജെയ്സൽ പറഞ്ഞു.

സേവന സന്നദ്ധരായ ചെറുപ്പക്കാർക്ക് പ്രചോദനമാകട്ടെ എന്ന് കരുതിയാണ് ജെയ്സലിന് സമ്മാനം നൽകാൻ തീരുമാനിച്ചതെന്ന് വിനയൻ പറഞ്ഞു.

വിനയനൊപ്പം ഒരു സെൽഫി എടുക്കണം എന്ന ആഗ്രഹംകൂടി നിറവേറ്റിയാണ് ജയ്സലും കൂട്ടുകാരും വിനയന്റെ വീട്ടിൽ നിന്ന് മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News