ചെന്നിത്തലയുടെ പ്രസ്താവനകള്‍ പരിഹാസ്യമെന്ന് എ വിജയരാഘവന്‍; ‘സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ലോകം പുകഴ്ത്തുമ്പോഴാണ് ചെന്നിത്തല പുതിയ കഥകളുമായി വരുന്നത്’

തിരുവനന്തപുരം: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് തുടര്‍ച്ചയായി നിരുത്തരവാദിത്തപരമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകളില്‍ നിന്നും പിന്മാറണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.

നാടൊന്നാകെ ഏക മനസായി പ്രളയാനന്തര കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള തീവ്രശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കെ സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ തികച്ചും പരിഹാസ്യമാണ്.

പ്രളയക്കെടുതി നേരിടാന്‍ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ ലോകമെങ്ങും പുകഴ്ത്തുമ്പോഴാണ് ചെന്നിത്തല പുതിയ കഥകളുമായി വരുന്നത്.

ലോകത്ത് ആദ്യമായാണ് പ്രളയത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നത്. ഇത്തരം വാദങ്ങളുയര്‍ത്തി ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യനായി ഒറ്റപ്പെടുന്നതിന് പകരം സര്‍ക്കാരും കേരളീയ സമൂഹമാകെയും നടത്തുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും അണികളെ പ്രേരിപ്പിക്കുകയുമാണ് വേണ്ടത്.

സംസ്ഥാന സര്‍ക്കാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ ജനങ്ങളാകെ അംഗീകരിക്കുന്നത് പ്രതിപക്ഷത്തെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ചേര്‍ന്ന കെ.പി.സി.സി യോഗത്തില്‍ ഈ അങ്കലാപ്പാണ് ചിലര്‍ പ്രകടിപ്പിച്ചത്. ചില അംഗങ്ങള്‍ ഇതിന്റെ പേരില്‍ ചെന്നിത്തലയെ വിമര്‍ശിക്കുകയും ചെയ്തു. ഇതോടെയാണ് സമനിലവിട്ടതു പോലുള്ള ഇത്തരം പ്രതികരണങ്ങളുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News