ഓര്‍ത്തഡോക്‌സ് സഭാ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. ഗുജറാത്തില്‍ നിന്ന് കേരളത്തിലേക്കുളള യാത്രാമധ്യേ എറണാകുളം പുല്ലേപ്പടി പാലത്തില്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്.
വെളളിയാ!ഴ്ച പുലര്‍ച്ചെ അഞ്ചര മണിയോടെയാണ് രാജധാനി എക്‌സ്പ്രസില്‍ വച്ച് അപകടമുണ്ടായത്. ഗുജറാത്തില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപമുളള പുല്ലേപ്പടി പാലത്തില്‍ ട്രെയിന്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സൗത്ത് സ്റ്റേഷനില്‍ ഇറങ്ങുന്നതിനായി വാതിലിന് സമീപം നില്‍ക്കുന്‌പോള്‍ വാതില്‍ പുറകിലിടിച്ച് തെറിച്ച് വീണതാണെന്നാണ് നിഗമനം. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതശരീരം എറണാകുളം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് ചെങ്ങന്നൂരിലെ ആസ്ഥാനമായ ബഥേല്‍ അരമനയിലേക്ക് കൊണ്ടുപോയത്.
മന്ത്രി എ സി മൊയ്തീന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, ഉമ്മന്‍ചാണ്ടി അടക്കം പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. മതമേലധ്യക്ഷന്‍ എന്നതിലുപരി സാമൂഹ്യപുരോഗതിക്കായി പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നു മാര്‍ അത്തനാസിയോസ് എന്ന് മന്ത്രി എ സി മൊയ്തീന്‍ അനുസ്മരിച്ചു.
ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി വരെ ഇടവക പളളിയായ പുത്തന്‍കാവ് കത്തീഡ്രലില്‍ പളളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
ഞായറാഴ്ച വൈകിട്ട് 3 മണിയോടെ അദ്ദേഹം തന്നെ സ്ഥാപിച്ച ഓതറ ആശ്രമത്തിലായിരിക്കും കബറടക്കം. ചെങ്ങന്നൂര്‍ ഭദ്രാസനം തുടങ്ങിയ 1985 മുതല്‍ അദ്ദേഹം മെത്രാപ്പൊലീത്തയായി തുടരുകയായിരുന്നു.
വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധ ഊന്നിയ മാര്‍ അത്തനാസിയോസ് മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ സഭ കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.
ഇവിടങ്ങളില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിച്ചു. കലുഷിതമായ കാലത്ത് പോലും സഭയെ മുന്നില്‍ നിന്ന് നയിച്ച മാര്‍ അത്തനാസിയോസ് വ്യക്തമായ രാഷ്ട്രീയ അഭിപ്രായമുളള വ്യക്തിത്വം കൂടിയായിരുന്നു.

Get real time update about this post categories directly on your device, subscribe now.