ഇടതുപക്ഷ സഹയാത്രികനും പ്രമുഖ മനശാസ‌്ത്രഞ്ജ നുമായിരുന്ന ഡോ. കെ എസ‌് ഡേവിഡ‌് (70) അന്തരിച്ചു. വ്യാഴാഴ‌്ച രാത്രി 11.20ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരുന്ന അദ്ദേഹം കഴിഞ്ഞ ആഴ‌്ചയാണ് ആശുപത്രി വിട്ടത്. വ്യാഴാഴ‌്ച വൈകിട്ട‌് ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന‌് വീണ്ടും ആശുപത്രിയിലെത്തിടച്ചെങ്ങിലും രാത്രിയോടെ മരണം സംഭവിച്ചു.
മരണസമയത്ത‌് മകൾ ഒപ്പമുണ്ടായിരുന്നു. സംസ‌്കാരം വെള്ളിയാഴ‌്ച വൈകിട്ട‌് അഞ്ചിന‌് രവിപുരം ശ‌്മശാനത്തിൽ.
കുന്നംകുളം സ്വദേശിയായ അദ്ദേഹം ദീർഘകാലമായി എറണാകുളം കടവന്ത്ര മനോരമ നഗറിൽ കോലാടി ഹൗസിലായിരുന്നു താമസം.
1947 നവംബർ 20ന‌് കുന്നംകുളത്ത‌് കോലാടി സൈമണിന്റെയും ലില്ലി സൈമണിന്റെയും മകനായി ജനനം. ബോംബെ ടാറ്റാ ഇൻസ‌്റ്റിറ്റ്യൂട്ടിൽനിന്ന‌് മാനസികാരോഗ്യ വിഷയത്തിൽ ബിരുദാനന്തരബിരുദം നേടി.
മദ്രാസ‌് ലൊയോള കോളേജിൽ അസിസ‌്റ്റന്റ‌് പ്രൊഫസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ദീർഘകാലം എറണാകുളം സെൻട്രൽ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് ബിഹേവിയറൽ സയൻസിന്റെ ഡയറക്ടറായിരുന്നു.
10 വർഷം എറണാകുളം സിറ്റി ആശുപത്രിയിൽ സൈക്കോ തെറാപ്പിസ‌്റ്റായിരുന്നു. നിരവധി പുസ‌്തകങ്ങൾ രചിച്ചിട്ടുണ്ട‌്.
ഇടതുപക്ഷ സഹചാരിയായിരുന്ന അദ്ദേഹം എറണാകുളത്തെ പാർടി പരിപാടികളിലും സാംസ‌്കാരിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു.
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ധീരമായി പ്രതികരിച്ചിരുന്നു. സിപിഐ എം സ്വതന്ത്രനായി കൊച്ചി കോർപറേഷനിലേക്ക‌് മത്സരിച്ചിട്ടുണ്ട‌്.
ഭാര്യ: പരേതയായ ഉഷ സൂസൻ ഡേവിഡ‌്. മക്കൾ: നിർമൽ ഡേവിഡ‌്, സ്വപ‌്ന ഡേവിഡ‌്. മരുമകൻ: ഡോ. വിഷ‌്ണു പ്രബീർ.

Get real time update about this post categories directly on your device, subscribe now.