ഗുജറാത്തിനും ബീഹാറിനും പറ്റുമെങ്കിൽ, എന്തുകൊണ്ട് കേരളത്തിന് പാടില്ല ? : എംവി ജയരാജന്‍

കേരളത്തിന്റെ പുനർനിർമാണമാണല്ലോ കാലവർഷക്കെടുതിയെ തുടർന്ന് ജനങ്ങളാകെ ഉറ്റുനോക്കുന്ന കാര്യം. അതിനാണ് ധനസമാഹരണം നടത്തുന്നത്.

ലോകമാകെ ഒറ്റ മനസ്സോടെ കേരള പുനഃസൃഷ്ടിക്കായി ധനസഹായം നൽകിവരികയാണ്. വിദേശസഹായം നല്ലതുപോലെ ഒഴുകിയെത്തുന്നുണ്ട്.

700 കോടി രൂപ സ്വമേധയാ കേരളത്തിന് നൽകാനായി യു.എ.ഇ. സന്നദ്ധമായപ്പോൾ അതു നിഷേധിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തത്.

2001ൽ ഗുജറാത്തിലെ ഭൂകമ്പത്തെ തുടർന്ന് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി ധനസഹായം ഒഴുകിയെത്തി. 109 വിദേശ രാജ്യങ്ങളിൽ നിന്നും ഫണ്ട് എത്തി.

ഗുജറാത്തിനെ പുനർനിർമിക്കാൻ ഇത് ഏറെ സഹായിച്ചു. ഭൂട്ടാൻ മുതൽ അമേരിക്ക വരെ സാമ്പത്തിക സഹായം നൽകി. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയാണ് ഇന്നത്തെ പ്രധാനമന്ത്രി.

എന്നിട്ടും കേരളത്തിന് വിദേശസഹായം നിഷേധിക്കുന്നു.2004ൽ ബീഹാറിൽ പ്രകൃതിദുരന്തമുണ്ടായപ്പോൾ, അമേരിക്കയിൽ നിന്നും ജപ്പാനിൽ നിന്നുമൊക്കെ ധനസഹായം സ്വീകരിച്ചിരുന്നു എന്നതും ഒപ്പം വിലയിരുത്തപ്പെടേണ്ടതാണ്‌.

കേന്ദ്രമന്ത്രി അൽഫോൺസ്‌ കണ്ണന്താനം പോലും യു.എ.ഇയുടെ ധനസഹായം സ്വീകരിക്കാൻ അനുമതിനൽകണം എന്നാവശ്യപ്പെട്ട പരിതസ്ഥിതിയിൽ അതിന്‌ കേന്ദ്ര ബി.ജെ.പി സർക്കാർ തയ്യാറാകണം.

മാത്രമല്ല, മുൻ വിദേശകാര്യ സെക്രട്ടറിമാരായ ശിവശങ്കര മേനോനും നിരുപമ റാവോയും വിദേശപണം ഇത്തരത്തിൽ സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്‌.

ചെറിയ കുട്ടികളുടെ സമ്പാദ്യക്കുടുക്ക മുതൽ പ്രധാന ചടങ്ങുകൾക്ക് മാറ്റിവെച്ച തുക വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജാതി-മത-ഭാഷാ-ദേശവ്യത്യാസമില്ലാതെ ജനങ്ങൾ നൽകിവരികയാണ്.

യു.എ.ഇ. ആവട്ടെസ്വമേധയാ ആണ് 700 കോടി രൂപ നൽകുന്നത്. കേന്ദ്രസർക്കാർ യു.എ.ഇ.യോട് അഭ്യർത്ഥന നടത്തിയിട്ട് കിട്ടുന്നതല്ല ഈ തുക.

ഇന്ത്യൻ ജനതയോടൊപ്പമുണ്ടെന്നും കേരളത്തിലെ ദുരിതത്തിൽ ദുഃഖമുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിൽ പതിറ്റാണ്ടുകളായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുകയാണ് ലക്ഷ്യമെന്നും യു.എ.ഇ. ഉപസർവ്വസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി നടത്തിയ ചർച്ചയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ദുരന്ത സമയത്തുള്ള ഈ സഹായം സ്‌നേഹധനം കൂടിയാണ്. അതുകൊണ്ടാണ് പ്രധാനമന്ത്രി യു.എ.ഇ. കാണിച്ച ഈ സ്‌നേഹവായ്പിന് നന്ദി അറിയിച്ച് മറുപടി നൽകിയത്.

2016ലെ ദേശീയ ദുരന്ത നിവാരണ പദ്ധതി നയത്തിൽ സ്വമേധയാ നൽകുന്ന വിദേശസഹായം സ്വീകരിക്കാമെന്ന വ്യവസ്ഥയുണ്ട്.

പുനർനിർമാണത്തിനും പുനരധിവാസത്തിനും ലോകബേങ്ക് അടക്കമുള്ള രാജ്യാന്തരസ്ഥാപനങ്ങളിൽ നിന്ന് വിദേശസഹായം വാങ്ങാമെന്ന് കേന്ദ്രം സമ്മതിക്കുന്നുമുണ്ട്.

ഇതിനെല്ലാം കേന്ദ്ര അനുമതി വേണം. ലോകബേങ്ക് വിവിധ രാജ്യങ്ങളുടെ കൂട്ടായ്മയാണ്. ലോകബേങ്കിൽ നിന്ന് സഹായം വാങ്ങാമെങ്കിൽ എന്തുകൊണ്ട് അംഗരാജ്യങ്ങളിൽ നിന്ന് വാങ്ങിക്കൂടാ..!?.

തകർന്ന കേരളമല്ല, പുതിയ കേരളമാണ് നമുക്കുവേണ്ടത്. അതിന് ഇത്തരം സഹായം അനിവാര്യമാണ്. ഓരോ നാണയത്തുട്ടും കേരളം പുനർനിർമിക്കാനുള്ള ധനസഹായം കൂടിയാണ്.

ഇംഗ്ലണ്ടിൽ നിന്ന് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം വിജയിച്ചപ്പോൾ ഭാരതീയരാകെ അഭിമാനിച്ചു. വിജയവും മാച്ച് ഫീസും (ഒന്നേകാൽ കോടി രൂപ) കേരളത്തിന് സമർപ്പിക്കുന്നു എന്ന പ്രഖ്യാപനം വന്നപ്പോൾ ഇരട്ടി മധുരമായി.

ഇത്തരമൊരു മനോഭാവമാണ് കേന്ദ്രസർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ജനപക്ഷത്താവണം ഒരു സർക്കാർ. അങ്ങിനെയെങ്കിൽ സ്വമേധയാ വിദേശരാജ്യങ്ങൾ നൽകുന്ന സഹായത്തിന് അനുമതി നൽകും.

അല്ലെങ്കിൽ കേരളം പുതുക്കിപ്പണിയാനുള്ള സാമ്പത്തിക സഹായം കേന്ദ്രസർക്കാർ നൽകണം. ഇത് രാജ്യത്തിന്റെ കൂടി പൊതുഅഭിപ്രായമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News