വെള്ളപ്പൊക്കത്തിന് കാരണം ഡാമോ അധികമായി പെയ്തിറങ്ങിയ മഴയോ..?- എംവി ജയരാജന്‍

സർവ്വകക്ഷി യോഗം വരെ പൂർണ്ണമായും സഹകരിച്ച പ്രതിപക്ഷത്തിന് ഇപ്പോൾ എന്തുപറ്റിയെന്ന ചോദ്യം സ്വാഭാവികമായും ഉയർന്നുവരുന്നു.

ദുരിതാശ്വാസപ്രവർത്തനങ്ങളിൽ രാഷ്ട്രീയമില്ലെന്ന പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ എല്ലാവരും സ്വാഗതം ചെയ്തതാണ്.

പ്രളയബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒന്നിച്ചു സന്ദർശിച്ചതും പ്രധാനമന്ത്രി വന്നപ്പോൾ കേരളത്തിന്റെ പ്രശ്‌നങ്ങൾ ഒന്നിച്ച് അവതരിപ്പിച്ചതും ഒരുമയെന്ന സന്ദേശമാണ് നൽകിയത്.

സൈന്യത്തെ ഏൽപിക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോൾ കേന്ദ്രസേനാംഗങ്ങൾ 7468 പേർ രക്ഷാപ്രവർത്തനങ്ങളിൽ കൈയ്യും മെയ്യും മറന്ന് അണിനിരക്കുകയായിരുന്നു.

അതുകൊണ്ട് തന്നെ പിന്നീട് പ്രതിപക്ഷത്തിന് അത് മാറ്റിപ്പറയേണ്ടിവന്നു. ആഗസ്ത് 21നാണ്, അധികമായി പെയ്തിറങ്ങിയ മഴവെള്ളമല്ല, മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നുവിട്ടതാണ് കാലവർഷക്കെടുതിക്ക് കാരണമെന്ന് പ്രതിപക്ഷനേതാവ് അഭിപ്രായപ്പെട്ടതും മാധ്യമങ്ങൾ ഏറ്റുപിടിച്ചതും. ഈ അഭിപ്രായവും മാറ്റിപ്പറയേണ്ടിവരും.

ജനങ്ങളുടെ സുരക്ഷ കണക്കിലെടുക്കാതെ ഡാമുകളിൽ അധികവെള്ളം സൂക്ഷിച്ച് അമിത വൈദ്യുതി ഉല്പാനത്തിന് അത്യാർത്തി കാണിച്ചു എന്ന അഭിപ്രായം വസ്തുതകൾക്ക് നിരക്കുന്നതല്ല.

തുടർച്ചയായ മഴ കണക്കിലെടുത്താണ് ജൂലായ് 30ന് പ്രതിപക്ഷനേതാവ് ഫേസ്ബുക്കിലൂടെയും പിന്നീട് പത്രസമ്മേളനത്തിലൂടെയും ഡാമുകളിൽ സംഭരണശേഷിയെക്കാൾ ജലനിരപ്പുയർന്നതിനാൽ വെള്ളം തുറന്നുവിടേണ്ടത് അനിവാര്യമാണ് എന്ന് വ്യക്തമാക്കിയത്.

ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറന്ന് വെള്ളം വിടുന്നതിന്റെ തൊട്ടു തലേദിവസം ആഗസ്ത് 14ന്, ജില്ലാ ഭരണകൂടം എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്നും ജനങ്ങൾ സഹകരിക്കണമെന്നു മായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഫേസ് ബുക്ക് പോസ്റ്റ്.

‘ഭയപ്പെടരുത്, ഭയപ്പെടുത്തരുത്’ എന്ന തലക്കെട്ടോടെ. ജനപ്രതിനിധികളും ഉദ്യോഗസ്ഥന്മാരും ആഗസ്ത് 13ന് വെള്ളം ഒഴുകിപ്പോകുന്ന പുഴയുടെ ഇരുകരകളിലുമായി വീടുകളിൽ കഴിയുന്നവരെ മാറ്റിപ്പാർപ്പിക്കാനും ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നൽകാനും നടപടി സ്വീകരിച്ചതിനുശേഷമായിരുന്നു ഈ ഫേസ്ബുക്ക് പോസ്റ്റ്.

ഇക്കാര്യംതന്നെ മുന്നറിയിപ്പ് നൽകിയത് അടിവരയിടുന്നു. പിന്നെന്തിനാണ് പ്രതിപക്ഷനേതാവ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പരിശ്രമിച്ചത്..!?

മുല്ലപ്പെരിയാർ, ഷോളയാർ, ഭവാനി ഡാമുകൾ തുറയ്ക്കാൻ തമിഴ്‌നാടിനും , കബനിയിലെ ഡാം തുറയ്ക്കാൻ കർണാടകത്തിനും എന്താണോ കാരണം അതെ കാരണത്താലാണ് കേരളത്തിലെയും ഡാമുകൾ തുറയ്ക്കണ്ടിവന്നത്.

ഡാമുകളിലേത് നിയന്ത്രിച്ച് നിർത്തിയ വെള്ളമാണെങ്കിൽ പുഴകളിലുള്ളത് നിയന്ത്രണമില്ലാതെ ഒഴുകുന്ന ജലമാണെന്നതെങ്കിലും കാണണ്ടേ!.

കാലവർഷത്തിൽ മഴവെള്ളം കുലംകുത്തിയൊഴുകുകയായിരുന്നു എന്നത് മാധ്യമങ്ങളുടെ കേവലമൊരു തലക്കെട്ടല്ല, ജനങ്ങൾക്കറിയാവുന്ന സത്യമാണ്.

42 ജലസംഭരികൾ മാത്രമല്ല 44 പുഴകളിലും കുളങ്ങളിലും കിണറുകളിലും ജലാശയങ്ങളിലാകെയും വെള്ളം നിറഞ്ഞു. 42 ഡാമുകളിലുമായി ആകെ സംഭരിക്കുന്ന വെള്ളം നദികളിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ മൂന്നോ നാലോ ശതമാനം മാത്രമാണ്.

ആഗസ്ത് 1 മുതൽ 19 വരെ വെള്ളത്തിന്റെ അളവിൽ 164 ശതമാനം വർദ്ധനവാണ് ഇടുക്കിയിൽ മാത്രം ഉണ്ടായത്. 300 മുതൽ 400 ശതമാനം വരെ അധികവെള്ളമാണ് ആഗസ്ത് മധ്യത്തോടെ ജലസംഭരണികളിൽ ലഭിച്ചത്.

അതുകൊണ്ടാണ് പ്രതിപക്ഷനേതാവ് പറഞ്ഞതു പോലെ ‘അനിവാര്യമായി’ ഡാമുകൾ തുറക്കേണ്ടിവന്നത്. ഡാമുകളിലല്ലാത്ത ജില്ലകളിലും ഡാമുകൾ കെട്ടാത്ത നദികളായ അച്ചൻകോവിലാറ്, മണിമലയാറ്, മീനച്ചിലാറ്, ചാലിയാർ എന്നീ പുഴകളുടെ സമീപപ്രദേശങ്ങളും വെള്ളം കയറി ദുരിതം വിതച്ചു.

അതുകൊണ്ടുതന്നെ ഡാമുകൾ തുറന്നുവിട്ടതല്ല, തുടർച്ചയായി പെയ്തിറങ്ങിയ മഴയാണ് അടിസ്ഥാനകാരണമെന്ന് നിസ്സംശയം പറയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News