ഓണക്കോടികളുമായി ഇപി എത്തി; മനം നിറഞ്ഞ് മൈത്രി വൃദ്ധസദനത്തിലെ അന്തേവാസികള്‍

മന്ത്രിയായതിന് ശേഷം ആദ്യമായി എത്തിയ ഇപി ജയരാജന് ഊഷ്മള വരവേൽപ്പ് നൽകി കണ്ണൂർ മൈത്രി വൃദ്ധ സദനത്തിലെ അന്തേവാസികൾ. ഓണക്കോടികളുമായാണ് ഇ പി ജയരാജൻ മൈത്രിയിലെ അന്തേവാസികളെ കാണാൻ എത്തിയത്.

കഴിഞ്ഞ 15 വർഷത്തിൽ അധികമായി ഇ പി യുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കാരുണ്യ സ്ഥാപനമാണ്‌ മൈത്രി വൃദ്ധസദനം. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് ടി വി യിൽ കണ്ടതിനു ശേഷം ഇ പി ജയരാജന് വേണ്ടിയുള്ള കത്തിരിപ്പിലായിരുന്നു മൈത്രിയിലെ അന്തേവാസികൾ.

സ്നേഹവാത്സല്യങ്ങളുമായി കാത്തിരുന്ന അവരുടെ അടുത്തേക്ക് ഓണക്കോടികളുമായി ഇ പി യും കുടുംബവും എത്തിയപ്പോൾ ഉണ്ടായത് വൈകാരിക നിമിഷങ്ങൾ.

കഴിഞ്ഞ 15 വർഷത്തിൽ അധികമായി പതിവുള്ളതാണിത്.ഓണക്കോടികളുമായി എത്തുന്ന ഇ പി അവർക്കൊപ്പം ഇരുന്ന് ഓണ സദ്യ ഉണ്ണും.ഏറ്റവും അധികം സന്തോഷം തരുന്ന നിമിഷങ്ങളാണ് ഇതെന്ന് ഇ പി ജയരാജൻ പറഞ്ഞു.

കണ്ണൂർ മൈത്രി വൃദ്ധ സദനത്തിൽ അന്തേവാസികൾക്ക് ഇ പി ജയരാജൻ പുത്ര തുല്യനാണ്.പ്രായാധിക്യത്താൽ അവശത അനുഭവിക്കുന്ന അനാഥരെ സംരക്ഷിക്കാൻ 15 വർഷം മുൻപാണ് ഇ പി ജയരാജന്റെ നേതൃത്വത്തിൽ കണ്ണൂരിൽ മൈത്രി വൃദ്ധ സദനം ആരംഭിച്ചത്.

മുപ്പതോളം വരുന്ന അന്തേവാസികളുടെ ക്ഷേമം അന്വേഷിച്ച് മാസത്തിൽ രണ്ട് തവണയെങ്കിലും ഇ പി ഇവിടെ എത്തും.എല്ലാവർക്കും പറയാനുള്ളത് ക്ഷമയോടെ കേട്ട് വേണ്ടതെല്ലാം ചെയ്തു കൊടുക്കും.സത്യ പ്രതിജ്ഞക്ക് പോകുന്നതിനു മുൻപും ഇവിടെയെത്തി എല്ലാവരുടെയും അനുഗ്രഹം വാങ്ങിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News