കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. കേസില്‍ താന്‍ നിരപരാധിയാണെന്നാണ് കത്തില്‍ സൗമ്യ പറയുന്നത്.
കത്തിലെ പ്രസക്തഭാഗം ഇങ്ങനെ: എന്റെ മരണത്തില്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരല്ല. കുടുംബം ഒറ്റപ്പെടുത്തുന്നു. ഞാന്‍ കുറ്റക്കാരിയല്ല. ആരെയും കൊന്നിട്ടില്ല’.
സ്വന്തം മാതാപിതാക്കളെയും മകളെയും വിഷം കൊടുത്തുകൊന്ന കേസിലെ പ്രതിയാണ് സൗമ്യ. ഇന്ന് രാവിലെ ഒമ്പതരയോടെ കണ്ണൂര്‍ വനിതാ ജയിലിലെ ബാത്ത് റൂമിന് സമീപത്തുള്ള കശുമാവിന്റെ കൊമ്പിലാണ് സൗമ്യയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
സൗമ്യയുടെ അഭ്യര്‍ത്ഥന പ്രകാരം ജയിലിലെ പശുക്കളെ പരിപാലിക്കാനുള്ള ചുമതല നല്‍കിയിരുന്നു. പശുവിന് പുല്ലരിയാന്‍ പോയപ്പോള്‍ തൂങ്ങി മരിച്ചു എന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.
നാലുമാസത്തിനിടെ പിണറായി വണ്ണത്താംവീട്ടില്‍ തുടര്‍ച്ചയായി മൂന്നുപേരാണ് മരിച്ചത്. ദുരൂഹ മരണമെന്ന് അഭ്യൂഹത്തിനിടെ പോലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് സൗമ്യ മാതാപിതാക്കളെയും മകളെയും വിഷം കൊടുത്തുകൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്.
ജനുവരി 21ന് മകള്‍ ഐശ്വര്യ കിഷോറും മാര്‍ച്ച് 7ന് അമ്മ കമലയും ഏപ്രില്‍ 13ന് അച്ഛന് കഞ്ഞിക്കണ്ണനും മരിക്കുകയായിരുന്നു. തന്റെ വിവാഹേതരബന്ധങ്ങള്‍ക്ക് തടസ്സം നിന്നെന്ന കാരണത്താലാണ് സൗമ്യ മൂവരെയും കൊലപ്പെടുത്തിയത്.
എലിവിഷത്തിലടങ്ങിയ അലൂമിനിയം ഫോസ് ഫൈഡെന്ന മാരകവിഷാംശം ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്ന് രാസപരിശോധന ഫലത്തില്‍ തെളിഞ്ഞിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സൗമ്യയെ അറസ്റ്റ് ചെയ്യുന്നത്. തലശ്ശേരി സിഐയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കേസില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് തെളിഞ്ഞിരുന്നു.
കേസില്‍ കഴിഞ്ഞ മാസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സൗമ്യയുമായി ബന്ധം പുലര്‍ത്തിയിരുന്ന ചെറുപ്പക്കാരെയും അന്ന് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ മാറ്റാരുടെയും പങ്കു കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here