സന്നദ്ധ സേവകരായി മുംബൈയിലെ ചുണക്കുട്ടികൾ

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അക്ഷരാർഥത്തിൽ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്ന സാമഗ്രഹികളെല്ലാം വാഷി കേരളാ ഹൌസിന്റെ ഇടനാഴികളിലും ഇതര സംഭരണ കേന്ദ്രങ്ങളിലും നിറഞ്ഞു കവിയുകയായിരുന്നു. മുംബൈ വാസികളുടെ സ്നേഹത്തിന്റെ കൈയ്യൊപ്പു പതിഞ്ഞ ഇവയെല്ലാം കൃത്യമായി വേർതിരിച്ചു പ്രത്യേക ബോക്സുകളിലാക്കി ലേബൽ ഒട്ടിച്ചു ട്രക്കുകളിൽ കയറ്റുക എന്ന ഉദ്യമം അത്ര ചെറുതായിരുന്നില്ല.

കഴിഞ്ഞ കുറെ ദിവസങ്ങളായി രാവിലെ മുതൽ രാത്രി ഏറെ വൈകും വരെ കേരളത്തിൽ ദുരിതം പേറുന്നവർക്ക് ആശ്വാസം പകരുന്നതിനായുള്ള ഈ കരുതലുകൾ എത്തിച്ചു കൊടുക്കുവാൻ പാട് പെടുകയാണ് സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരടങ്ങുന്ന ഒരു പറ്റം യുവാക്കൾ.

ഏറെ പ്രശംസയർഹിക്കുന്നത് ഇവിടെയെത്തുന്ന നൂറു കണക്കിന് യുവാക്കളുടെ നിസ്വാർഥമായ സേവനമാണ്. പരസ്പരം പരിചയം പോലുമില്ലാത്തവരാണ് ജന്മനാടിനെ ദുരിതക്കയത്തിൽ നിന്നും വീണ്ടെടുക്കാൻ രാപ്പകൽ അധ്വാനിക്കുന്നവരിൽ അധികവും. മുംബൈയുടെ സാമൂഹിക സാംസ്‌കാരിക രംഗത്ത് പോലും അപരിചിതരായ ഇവരൊക്ക ആദ്യമായാണ് സാമൂഹിക സേവനത്തിനായി എത്തുന്നത്.

നെരൂളിൽ താമസിക്കുന്ന സലാമിന് ഇത്തരമൊരു പ്രളയം കേട്ട് കേൾവി പോലുമില്ലത്രേ. ജന്മനാടിനോടുള്ള സ്നേഹമാണ് ഇവിടെയെത്തി സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്യുവാൻ പ്രേരിപ്പിച്ച ഘടകമെന്നാണ് സലാം പറയുന്നത്. ആദ്യമായാണ് മലയാളിയെന്ന വികാരത്തോടെ ഇത്രയും പേർ ഒത്തു കൂടുന്നതെന്നാണ് ജയ്‌മോഹൻറെ പക്ഷം.

മുംബൈയിലെ ഓണാഘോഷങ്ങൾ പോലും പ്രാദേശികാടിസ്ഥാനത്തിലും, ജാതിയുടെ പേരിലും, സമാജങ്ങളുടെ ബാനറിലുമായി ചുരുങ്ങുമ്പോഴാണ് ഒരുമയോടെ തോളോട് തോൾ ചേർന്ന് കഴിഞ കുറെ ദിവസമായി ഇവരെല്ലാം ഇവിടെ ഒത്തുകൂടുന്നതും പരാതികളില്ലാതെ പണിയെടുക്കുന്നതും.

മൾട്ടി നാഷണൽ കമ്പനിയിൽ എഞ്ചിനീയർ ആയ മിഥുൻ 8 വർഷമായി മുംബൈയിൽ വന്നിട്ട്. ജോലിയും വീടുമായി മാത്രം കഴിഞ്ഞിരുന്ന മിഥുന് കേരളാ ഹൌസിലെ അനുഭവം തികച്ചും വ്യത്യസ്തമായിരുന്നു.

ബാങ്കിൽ ജോലി ചെയ്യുന്ന വ്യാസ് മലയാളി പോലുമല്ല. സുഹൃത്തിന്റെ നാടിന് സംഭവിച്ച ദുരന്തത്തിന് സാന്ത്വനമായാണ് വ്യാസ് കേരളാ ഹൌസിലെത്തി സന്നദ്ധ സേവനം ചെയ്യുന്നത്.

ഡോംബിവിലി നിവാസിയായ ദേവിക നായർ കഴിഞ്ഞ ഒരാഴ്ചയായി കേരളാ ഹൌസിലെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നു . നാട്ടിൽ പോയി സഹായങ്ങൾ ചെയ്യുവാൻ കഴിയാത്തത് കൊണ്ടാണ് ഇവിടെ വന്നെങ്കിലും സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നതെന്നാണ് ദേവിക പറയുന്നത്. . സമാനമായ വികാരമാണ് ഫിസിയോ തെറാപ്പിസ്റ് ജാസ്മിനും പങ്കു വച്ചത്.

മൊത്തം 62 ട്രാക്കുകളിലായി ഏകദേശം 510 ടൺ സാധന സാമഗ്രഹികളാണ് ഇതിനകം കേരളാ ഹൌസിൽ നിന്നും മാത്രമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയച്ചിരിക്കുന്നതെന്നാണ് സ്റ്റോക്കുകളുടെ മേൽനോട്ടം വഹിക്കുന്ന ബാലകൃഷ്ണൻ വ്യക്തമാക്കിയത്. കേരളത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഏകോപനം നിർവഹിച്ചു വിതരണത്തിന്റെ സുതാര്യത ഉറപ്പ് വരുത്തുന്നുണ്ടെന്നാണ് കേരളാ ഹൌസ് മാനേജർ രാജീവൻ പറഞ്ഞത്.

കേരളത്തിന് സാമ്പത്തിക സഹായങ്ങൾ ലഭിക്കുന്നതിന് തടസ്സങ്ങൾ നിലനിൽക്കുമ്പോൾ വലിയൊരു വിഭാഗം സഹായങ്ങളുമായി മുന്നോട്ട് വരുന്നതിൽ അഭിമാനമുണ്ടെന്ന് സാമൂഹിക പ്രവർത്തകനായ ടി എൻ ഹരിഹരൻ പറഞ്ഞു.

റിയൽ എസ്റ്റേറ്റ് നിക്ഷേപ രംഗത്ത് ജോലി നോക്കുന്ന സിന്ധു നായർ നല്ല നർത്തകിയും അവതാരകയും കൂടിയാണ്. കഴിഞ്ഞ ഒരാഴ്ചയായി സിന്ധു ഇവിടെയൊക്കെത്തന്നെയുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരന്തരം വന്നു കൊണ്ടിരിക്കുന്ന സാധന സാമഗ്രഹികൾ കൃത്യമായി തരം തിരിച്ചു പ്രത്യേക ബോക്സുകളിലാക്കി അടയാളപ്പെടുത്തുന്ന ജോലി മാത്രമല്ല ബോക്സുകൾ ട്രാക്കുകളിൽ നിറക്കാനും സിന്ധു റെഡിയാണ്.

സുർജിത് ദേവദാസ് നഗരത്തിലെ അറിയപ്പെടുന്ന കൊറിയോഗ്രാഫർ ആണ്. ബോളിവുഡിലും സാംസ്‌കാരിക പരിപാടികളിലും സജീവമായ സുർജിത് കുറച്ചു ദിവസമായി കേരളത്തിലെ സഹോദരങ്ങൾക്കായി സാമഗ്രഹികൾ അയക്കുന്ന തിരക്കിലാണ്.

കുറച്ചു ദേഹമനങ്ങി പണിയെടുത്തതോടെ പലരുടെയും ശരീരം ചെറുതായി പരിഭവിക്കാൻ തുടങ്ങിയെങ്കിലും അതിനൊന്നും ഇവരുടെ ഇച്ഛാശക്തിയെ തളർത്താനാവില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News