ശൈശവത്തിലും ബാല്യത്തിലും ഉണ്ടാവുന്ന കടുത്ത മാനസിക പ്രശ്നങ്ങള്‍ പ്രായമായാലും വേട്ടയാടാം.ഉദാഹരണങ്ങള്‍ നിരവധിയാണ്. തിരുവനന്തപുരത്തെ ഒരു മധ്യവയസ്കന്‍ അടുത്ത കാലത്ത് ഒരു മനശാസ്ത്രജ്ഞനെ സമീപിച്ചത് പക്ഷിപ്പേടിയെന്ന വൈകല്ല്യവുമായായിരുന്നു.
എത്ര വിഷമുളള പാമ്പിനേയും കൊല്ലാന്‍ അദ്ദേഹത്തിന് ധൈര്യമുണ്ട്. രണ്ട് അടിപിടികേസുകളിലും പ്രതിയാണ്.എത്ര സങ്കീര്‍ണ്ണമായ പ്രശ്നങ്ങളേയും ധൈര്യത്തോടെ നേരിടും.പക്ഷെ ഒരു കോഴിക്കുട്ടി
മുന്നിലെത്തിയാല്‍ അദ്ദേഹം പേടിച്ച് വിറയ്ക്കും.
പക്ഷിപ്പേടിയുടെ കാരണം തേടി ഡോക്ടര്‍ മനസ്സിലേയ്ക്ക് ഇറങ്ങിചെന്നപ്പോള്‍ എത്തിചേര്‍ന്നത്
അദ്ദേഹത്തിന്‍റെ ബാല്യത്തിലായിരുന്നു. ഒരിക്കല്‍ കളിക്കുന്നതിനിടയില്‍ സഹോദരനെ വീട്ടിലെ തളളക്കോഴി കൊത്തി. കൊത്തിയത് കണ്ണിലായിരുന്നു. സഹോദരന്‍ കോഴിയെ അടിച്ചോടിച്ചു. പക്ഷെ ദൃക് സാക്ഷിയായിരുന്ന അനുജന്‍റെ മനസ്സില്‍ മുറിവേറ്റു.
ഉറക്ക ത്തില്‍ അക്രമണോത്സുകതയോടെ പറന്നടുക്കുന്ന കോഴി അവന്‍റെ ഉറക്കം കെടുത്തി.പ്രായം അമ്പതോടടുത്തിട്ടും ഇന്ന് കോഴിയെ മാത്രമല്ല, എല്ലാ പക്ഷികളേയും ഇദ്ദേഹത്തിന് ഭയമാണ്.
കൊച്ചുകുട്ടികള്‍ പോലും പക്ഷിക്കുട്ടികളെ കയ്യിലെടുത്ത് താലോലിക്കുമ്പോള്‍
അപകര്‍ഷതാബോധത്തോടെ ഇദ്ദേഹം മാറിനില്ക്കും.
കുട്ടിക്കാലത്തുണ്ടാകുന്ന നിസ്സാര മാനസിക പ്രശ്നങ്ങള്‍ ജീവിതത്തിലുടനീളം ഉണ്ടാക്കിയേക്കാവുന്ന
പ്രശ്നങ്ങളുടെ ചെറിയൊരു ഉദാഹരണമാണ് ഈ സംഭവം. കളങ്കമില്ലാത്തതാണ് കുട്ടികളുടെ മാനസികാവസ്ഥ.കേരളത്തിലെ പ്രളയക്കെടുതിക്ക് ഇരയായവരിലെ ഒന്നരലക്ഷത്തിലേറെ പേര്‍ കുട്ടികളാണ്.
ഇവരിലെ പലരും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ദിവസങ്ങളോളം ഭക്ഷണം ലഭിക്കാതെ , ശുദ്ധ ജലം കുടിക്കാതെ വീടിന്‍റെ മേല്‍ക്കൂരയില്‍ അഭയം തേടിയവരും പിതാവിന്‍റെ പുറത്തിരുന്ന് നീന്തിരക്ഷപ്പെട്ടവരും മരണത്തിന്‍റെ മുള്‍ മുനയില്‍ നിന്ന് തലനാരിഴയ്ക്ക് തിരിച്ച്വന്നവരും ഇവര്‍ക്കിടയില്‍ ഉണ്ട്. പ്രളയം ഇവര്‍ക്കിടയില്‍ ഏത് വിധത്തിലുളള
മാനസികാഘാതമാണ് ഉണ്ടാക്കിയത്?
പെട്ടെന്നുളള മാനസികാഘാതം വിരളം
സ്റ്റേറ്റ് മെന്‍റല്‍ ഹെല്‍ത്ത് അതോറിറ്റി സെക്രട്ടറിയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം അസോ.പ്രൊഫസറുമായ ഡോ.ആര്‍.ജയപ്രകാശിന്‍റെ നേതൃത്വത്തിലുളള ഡോക്ടര്‍മാരുടെ സംഘം പ്രളയം സഷ്ടിച്ചേക്കാവുന്ന മാനസികാഘാങ്ങളെക്കുറിച്ച് വിശദമായ
പരിശോധന നടത്തിയിരുന്നു.
സംഘം ആലപ്പുഴ ,പത്തനംതിട്ട ജില്ലകളിലെ മുപ്പതോളം ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.മൂന്ന് ദിവസങ്ങളിലായി സംഘം നൂറോളം കുട്ടികളുമായി ഇടപഴകി.അവരിടെ മാനസികാവസഥ
സസൂക്ഷ്മം നിരിക്ഷിച്ച ഡോ .ജയപ്രകാശിന്‍റെ നിരീക്ഷണം ഇങ്ങനെയാണ്;
“പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പലപ്പോഴും തീവ്രമായ മാനസിക
കുഴപ്പങ്ങള്‍ ഉണ്ടാവാറുണ്ട്.സുനാമി വന്നപ്പോള്‍ ഈ പ്രശ്നം വ്യാപകമായി
കണ്ടിരുന്നു.എന്നാല്‍ ഞങ്ങള്‍ പരിശോധിച്ച നൂറോളം കുട്ടികളിലെ
ഒരാള്‍ക്ക് പോലും ഇത്തരമൊരു പ്രശ്നം കണ്ടില്ല.അവരെല്ലാം
ദുരിതാശ്വാസ ക്യാമ്പുകളില്‍ കളിച്ച് തിമര്‍ക്കുന്ന കാഴ്ച്ചകളാണ്
ഞങ്ങള്‍ കണ്ടത്.”
കുട്ടികളില്‍ തീവ്രമായ മാനസിക കുഴപ്പങ്ങള്‍ ഉണ്ടാകാതിരിക്കാനുളള
രണ്ട് കാരണങ്ങളാണ് സംഘം കണ്ടെത്തിയത്
1.സുനാമിയെപ്പോലെ പ്രകൃതിക്ഷോഭം പെട്ടെന്നായിരുന്നില്ല.
വെളളം പതുക്കെ പതുക്കെ കയറിവന്നതിനാല്‍ പ്രശ്നത്തെ നേരിടാനുളള
മാനസികമായ തയ്യാറെടുപ്പുകള്‍ എല്ലാവരേയും പോലെ കുട്ടികളും
നടത്തിയിരുന്നു.
2.കുട്ടികള്‍ തനിച്ചായിരുന്നില്ല.അവര്‍ രക്ഷിതാക്കളുടെ സംരക്ഷണത്തിലായിരുന്നു..
പ്രതിസന്ധി ഘട്ടത്തില്‍ അവര്‍ക്കാവശ്യമായ സ്നേഹവും സുരക്ഷയും
അച്ഛനമ്മമാര്‍ നല്കി.
ക്ലേശകരമായ മാനസിക കുഴപ്പങ്ങള്‍ ഒഴിവാക്കണം
പി ടി എസ് ഡി ( പോസ്റ്റ് ട്രൂമാറ്റിക് സ്ട്രസ് ഡിസോഡര്‍) അഥവാ “പീന്നീടുളള ക്ളേശകരമായ മാനസിക പിരിമുറുക്കാവസ്ഥ” പ്രകൃതി ദുരന്തങ്ങളുടെ രണ്ടാംഘട്ടത്തില്‍ പല സമൂഹങ്ങളേയും പിടിച്ചുലയ്ക്കാറുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് മടങ്ങിയ ശേഷമാകും ഈ മാനസികാവസ്ഥ രൂപപ്പെടുക. വീടിനുണ്ടായ നാശനഷ്ടങ്ങള്‍ ,സാമ്പത്തിക പ്രശ്നങ്ങള്‍, തൊഴിലില്ലായ്മ,രോഗങ്ങള്‍ എന്നിങ്ങനെ പ്രളയം സൃഷ്ടിക്കുന്ന വിവിധ പ്രശ്നങ്ങള്‍ ഈ മാനസികപ്രശ്നം ഉണ്ടാക്കിയേക്കാം.മുതിര്‍ന്നവര്‍ക്ക് മാത്രമല്ല, കുട്ടികളിലും ഇതുണ്ടാകാമെന്ന് ഡോ.ജയപ്രകാശ് ചൂണ്ടികാണിക്കുന്നു;
“ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് ആദ്യമായി വീട്ടിലേയ്ക്ക് പോകുമ്പോള്‍ കുട്ടികളെ ഒപ്പം കൊണ്ടുപോകാതിരിക്കുക. വീട് വൃത്തിയാക്കിയതിന് ശേഷം മാത്രം അവരെ കൊണ്ടുപോയാല്‍ മതി. നാശനഷ്ടങ്ങള്‍ കണ്ടാല്‍ അച്ഛനമ്മമാര്‍ പൊട്ടികരഞ്ഞെന്നിരിക്കും.
അതെല്ലാം കുട്ടികളില്‍ ആഘാതം ഉണ്ടാക്കും.ആകുലതകള്‍ അവരിലേയ്ക്ക് പകരാതെ കുട്ടികള്‍ക്ക്
പരമാവധി സ്നേഹവും സംരക്ഷണവും നല്കുക എന്നതാണ് ഏറ്റവും പ്രധാനം”

Get real time update about this post categories directly on your device, subscribe now.