മഹാപ്രളയം തകര്‍ത്തത്‌ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെക്കൂടിയാണ്‌. നീണ്ട ഇടവേളയ്‌ക്ക്‌ ശേഷം വിരുന്നെത്തുന്ന നീലവസന്തത്തിന്‌ തിരിച്ചടിയായിരിക്കുകയാണ്‌ പേമാരി. മൂന്നാറില്‍ പൂക്കാന്‍ മടിച്ച്‌ നില്‍ക്കുകയാണ്‌ നീലക്കുറിഞ്ഞി.

കനത്ത മഴയ്‌ക്കപ്പം അണക്കെട്ടുകള്‍ തുറന്നതും മൂന്നാറിനെ തീര്‍ത്തും ദുരിതക്കയമാക്കി. നാശ നഷ്ടങ്ങളുടെ കൃത്യമായ കണക്കെടുപ്പ്‌ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. മൂന്നാറിന്റെ തകര്‍ച്ച അന്തര്‍ദേശീയ മാധ്യമങ്ങളിലും വാര്‍ത്തയായതോടെ നിരവധി ട്രാവല്‍ ഏജന്‍സികളാണ്‌ യാത്ര റദ്ദാക്കിയത്‌.

ഇത്‌ ടൂറിസത്തിനൊപ്പം മൂന്നാറിന്റെ വ്യാപാര, വ്യവസായ മേഖലകള്‍ക്കും തിരിച്ചടിയായി. 12 വര്‍ഷത്തിലൊരിക്കല്‍ മാത്രമെത്തുന്ന നീല വസന്തത്തിനും മോശം കാലവസ്ഥ പ്രതിസന്ധി സൃഷ്ടിക്കുന്നു.

പത്ത്‌ ലക്ഷം വിനോദ സഞ്ചാരികളെ പ്രതീക്ഷിച്ച്‌ വിപുലമായ സൗകര്യങ്ങളായിരുന്നു സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും ചേര്‍ന്ന്‌ മൂന്നാറില്‍ ഒരുക്കിയിരുന്നത്‌. പാര്‍ക്കിങ്‌ ഏരിയ ഉള്‍പ്പെടെ ചെയ്‌ത മുന്നൊരുക്കങ്ങളെല്ലാം പേമാരി കാരണം വെറുതെയായി.

നീലക്കുറിഞ്ഞി ഒരുമിച്ച്‌ പൂക്കുന്ന രാജമലയെ മൂന്നാറുമായി ബന്ധിപ്പിക്കുന്ന പെരിയവര പാലം തകര്‍ന്നതും തിരിച്ചടിയാണ്‌. ഓഗസ്‌റ്റ്‌ മൂന്നാം ആഴ്‌ച മുതല്‍ പ്രതീക്ഷിച്ചിരുന്ന നീലക്കുറിഞ്ഞി പൂക്കാലം ഇനിയും എത്ര വൈകുമെന്ന്‌ പറയാനാകില്ല. എന്തായാലും നീലക്കുറിഞ്ഞി വൈകാതെ പൂത്ത്‌ തുടങ്ങുമെന്ന പ്രതീക്ഷയോടെ വികസന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിട്ടുണ്ട്‌.