‘ഇത് നമ്മള്‍ എന്തുകൊണ്ട് അഭിമാനമുള്ള മലയാളികളായെന്ന് ചിന്തിക്കേണ്ട സമയം’ ; അര്‍ണബ് ഗോസ്വാമിയെ തേച്ചൊട്ടിച്ച് ശശി തരൂര്‍

തിരുവനന്തപുരം: പ്രളയക്കെടുതി അനുഭവിക്കുന്ന മലയാളികളെ അധിക്ഷേപിച്ച അര്‍ണബ് ഗോസ്വാമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍.

തരൂര്‍ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ:

”ചില വില കുറഞ്ഞ മനസുകള്‍ മലയാളികള്‍ക്കെതിരെ അപമാനകരമായ ആക്രമണങ്ങള്‍ നടത്തുകയാണ്. നമുക്ക് വേണ്ടി നമ്മളൊന്നായി നില കൊള്ളേണ്ട സമയമാണിത്. നമ്മള്‍ എന്തുകൊണ്ട് അഭിമാനമുള്ള മലയാളികളായെന്ന് ചിന്തിക്കേണ്ട സമയം.

ദുരിത മുഖത്ത് മലയാളി കാണിച്ച പ്രതിബദ്ധതയില്‍ അഭിമാനിക്കുന്നു. പുതിയ ആശയങ്ങളേയും വിശ്വാസങ്ങളേയും രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചവരാണ് മലയാളികള്‍.

മതസൗഹാര്‍ദ്ദത്തിന്റെ ചരിത്രമാണ് കേരളത്തിലേത്. കേരളത്തില്‍ രൂപം കൊണ്ട സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങളിലും ശ്രീനാരായണ ഗുരു, അയ്യങ്കാളി, ചട്ടമ്പി സ്വാമി തുടങ്ങിയ സാംസ്‌കാരിക നായകരിലും അഭിമാനിക്കുന്നു.”

കഴിഞ്ഞ ദിവസം റിപ്പബ്ലിക്ക് ടിവിയില്‍ നടത്തിയ ചര്‍ച്ചയ്ക്കിടെയായിരുന്നു അര്‍ണബിന്റെ പരാമര്‍ശം.

നാണംകെട്ട ഇന്ത്യക്കാരുടെ കൂട്ടമാണ് മലയാളികള്‍ എന്നായിരുന്നു പരാമര്‍ശം. പ്രളയദുരിത സഹായഫണ്ടിലേക്ക് യുഎഇ സഹായം ധനം വാഗ്ദാനം ചെയ്തത് സംബന്ധിച്ച് നടന്ന ചര്‍ച്ചയിലാണ് അര്‍ണബ് മലയാളികളെ പരിഹാസിച്ചത്.

പരാമര്‍ശം വിവാദമായതോടെ സോഷ്യല്‍മീഡിയയില്‍ അര്‍ണബിനെതിരെ പ്രതിഷേധം ശക്തമാണ്.

അര്‍ണബിന്റേയും റിപ്പബ്ലിക്ക് ടിവിയുടേയും ഫേസ്ബുക്ക് പേജുകളില്‍ മലയാളികള്‍ കൂട്ടമായി പ്രതിഷേധം അറിയിക്കുകയാണ്. കൂടാതെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ റിപ്പബ്ലിക്ക് ടിവിയുടെ റേറ്റിങ്ങ് കുറച്ചാണ് മലയാളികള്‍ തിരിച്ചടിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here