മഴക്കെടുതിക്ക് ഇടുക്കി സാക്ഷ്യം വഹിച്ചപ്പോള്‍ ഇല്ലാതായത് പന്നിയാറുകുട്ടി സിറ്റിയും; വ്യാപാര സ്ഥാപനങ്ങളും അംഗന്‍വാടിയും മൃഗാശുപത്രിയും വീടുകളും മലവെള്ളത്തില്‍ ഒലിച്ചു പോയി

ഇടുക്കി: സമീപകാലത്തെ ഏറ്റവും വലിയ മഴക്കെടുതിക്ക് ഇടുക്കി ജില്ല സാക്ഷ്യം വഹിച്ചപ്പോള്‍ ഇല്ലാതായത് ഹൈറേഞ്ചിന്റെ കുടിയേറ്റകാലത്തോളം പഴക്കമുള്ള പന്നിയാറുകുട്ടി സിറ്റി കൂടിയാണ്.

ജനവാസമേഖലയിലേക്ക് മല ഇടിഞ്ഞ് വീണതാണ് ഒരു നാടിനെ ഇല്ലാതാക്കിയത്. മണ്ണ് മൂടി കിടക്കുന്ന പന്നിയാറുകുട്ടി കണ്ടാല്‍ മുമ്പിവിടെ ജനവാസമുണ്ടായിരുന്നോ എന്നുപോലും ശങ്കിച്ചു പോകും.

ഈ മാസം പതിനേഴിന് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു പന്നിയാറുകുട്ടിയില്‍ മണ്ണിടിഞ്ഞത്. മലയൊന്നാകെ ഇടിഞ്ഞ് പന്നിയാറുകുട്ടി സിറ്റിക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു.

പ്രദേശത്ത് ഉണ്ടായിരുന്ന എട്ട് വ്യാപാര സ്ഥാപനങ്ങളും അംഗന്‍വാടിയും മൃഗാശുപത്രിയും മൂന്ന് വീടുകളും അടയാളമൊന്നും ബാക്കിവയ്ക്കാതെ മലവെള്ളത്തില്‍ ഒലിച്ചു പോയി.

ഏതാനും വീടുകള്‍ ഇപ്പോഴും കുന്നിനു മുകളില്‍ അടിഭാഗം തകര്‍ന്ന് നില്‍ക്കുന്നു. ആളപായമുണ്ടായില്ലെങ്കിലും മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും കെട്ടിടങ്ങളും കൃഷി ഭൂമിയുമൊന്നാകെ ഒഴുകി പ്പോയി.

മഴകനത്തതോടെ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും സാധനസാമഗ്രികള്‍ നീക്കി ആളുകള്‍ പൂര്‍ണ്ണമായി പന്നിയാറുകുട്ടിയില്‍ നിന്നൊഴിഞ്ഞിരുന്നു. ആളുകള്‍ നീങ്ങി അരമണിക്കൂറിനകമായിരുന്നു ഭീമാകാരമായ മല വന്‍ ശബ്ദത്തോടെ പന്നിയാറുകുട്ടിക്ക് മുകളില്‍ ഇടിഞ്ഞ് വീണത്.

പൊന്‍മുടി അണക്കെട്ടില്‍ നിന്നും തുറന്നു വിട്ടിരുന്ന വെള്ളം പന്നിയാര്‍ പുഴയിലൂടെയാണ് ഒഴുകി യിരുന്നത്.ഇടിഞ്ഞെത്തിയ മണ്ണ് പുഴനിറച്ചതോടെ പുഴ ഭയാനകമാംവിധം കരകവിഞ്ഞൊഴുകി.

ശക്തമായ വെള്ളപ്പാച്ചിലിലാണ് അംഗന്‍വാടിയും ആശുപത്രിയും വീടുകളും തകര്‍ന്നത്.മണ്ണിടിച്ചിലില്‍ രാജാക്കാട് വെള്ളത്തൂവല്‍ റോഡ് തിരിച്ചറിയാനാവാത്ത വിധം മണ്ണ് വന്ന് മൂടിയിരുന്നു.

മണ്ണ് മാന്തിയെന്ത്രങ്ങള്‍ കഴിഞ്ഞ അഞ്ച് ദിവസമായി പന്നിയാറുകുട്ടിക്ക് മുകളില്‍ നിന്ന് മണ്ണ് നീക്കുന്നുണ്ട്.പുഴയോരത്തെ മണ്ണ് നീക്കുമ്പോള്‍ വീണ്ടും മുകളില്‍ നിന്നും മണ്ണിടിയുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.

നാളുകളായുള്ള പ്രയത്‌നത്തിനൊടുവില്‍ രാജാക്കാട്ബ വെള്ളത്തൂവല്‍ റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. ഈ പ്രദേശത്തെ വീടുകള്‍ നഷ്ടമായവര്‍ ക്യാമ്പുകളിലും ബന്ധുവീടുകളിലുമായാണ് കഴിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News