നാണം കെട്ടവരല്ല, നാടിന്റെ യശസ്സുയർത്തിപ്പിടിച്ചവരാണ്‌; മലയാളികളെ അപമാനിച്ച അര്‍ണബ് ഗോസ്വാമി പ്രസ്താവന പിൻവലിച്ച്‌ മാപ്പുപറയണമെന്ന് എംവി ജയരാജന്‍

ദേശീയ മാധ്യമപ്രവർത്തകൻ എന്നതുപോയിട്ട്‌, പ്രാദേശിക പത്രപ്രവർത്തകൻ എന്നവിശേഷണം പോലും ചേരാത്തയാളാണ്‌ അർ ണോബ്‌ ഗോസ്വാമിയെന്ന് അദ്ദേഹം സ്വയം തെളിയിച്ചിരിക്കുന്നു. മാധ്യമപ്രവർത്തകർ സമൂഹത്തിനുവേണ്ടി പഠിച്ച്‌, നട്ടെല്ല് വളയ്ക്കാതെ സത്യസന്ധമായി പ്രവർത്തിക്കുന്നവരാണ്‌.

എന്നാലിവിടെ, പ്രളയക്കെടുതി അഭിമുഖീകരിക്കുന്ന ഘട്ടത്തിലും മലയാളികളേയും കേരളത്തേയും അപമാനിക്കാനാണ്‌ ഈ’മാധ്യമ മേൽവിലാസക്കാരൻ’ തയ്യാറായിരിക്കുന്നത്‌.

കേരളത്തിന്റെ ദുരിതാശ്വാസനിധിയിലേക്ക്‌ പണം നഷ്ടമാവുന്നു എന്ന് കരുതി ആഘോഷിക്കാൻ ആഹ്വാനം ചെയ്ത കാവിരാഷ്ട്രീയക്കാരന്റെ അൽപബുദ്ധി തന്നെയാണ്‌ അദ്ദേഹത്തിനും എന്ന് കരുതണം.

സംഘപരിവാർ രാഷ്ട്രീയത്തിന്‌ മുന്നിലെ തൊമ്മിവേഷക്കാരനാവാതെ, നട്ടെല്ല് വളയ്ക്കാത്ത മാധ്യമപ്രവർത്തകനായി കേരളത്തേയും മലയാളികളേയും കുറിച്ച്‌ പഠിക്കാനും മനസ്സിലാക്കാനും തയ്യാറായിരുന്നെങ്കിൽ മലയാളികളെക്കുറിച്ച്‌ അദ്ദേഹത്തിന്‌ ഈ അഭിപ്രായം ഉണ്ടാകുമായിരുന്നില്ല.

ഗോസ്വാമിയുടെ ആസ്സാമിനേക്കാൾ പലകാര്യങ്ങളിലും ലോകത്തോട്‌ മത്സരിക്കുന്നവരാണ്‌ കേരളവും മലയാളികളും. മുന്നനുഭവം ഇല്ലാതിരുന്നിട്ടും, നൂറ്റാണ്ടിലെ വലിയ പ്രകൃതിക്ഷോഭത്തെ ഐക്യത്തോടെ പരാജയപ്പെടുത്തിയ കേരളാമാതൃക ലോകം ചർച്ച ചെയ്യുകയാണിന്ന്.

നാണം കെട്ടവരല്ല, നാടിന്റെ (ഇന്ത്യയുടെ) യശസ്സുയർത്തിപ്പിടിച്ചവരാണ്‌ കേരളവും മലയാളികളും. അത്‌ തിരിച്ചറിയാൻ സാധിക്കണമെങ്കിൽ സംഘപരിവാർ കണ്ണട ഊരിമാറ്റി, മാധ്യമപ്രവർത്തകന്റെ ശരിയായ കാഴ്ച നേടിയെടുക്കാൻ അദ്ദേഹത്തിന്‌ സാധിക്കേണ്ടതുണ്ട്‌; ദേശീയ മാധ്യമപ്രവർത്തകന്റെ നിലവാരത്തിലേക്ക്‌ ഗോസ്വാമി ഉയരേണ്ടതുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here