ചീപ്പുങ്കല്‍ പാലത്തിലെ ടെന്റഴിച്ചു; ഇനി അതിജീവനത്തിന്റെ നാളുകള്‍

കോട്ടയം: ഇക്കഴിഞ്ഞ ഒന്നരയാഴ്ചക്കാലം ചീപ്പുങ്കല്‍ പാലത്തില്‍ പടുത വലിച്ചു കെട്ടി ഉണ്ടാക്കിയ ക്യാമ്പും അന്തേവാസികള്‍ അഴിച്ചു മാറ്റുകയാണ്. ഇനി അതിജീവനത്തിന്റെ നാളുകള്‍. ചീപ്പുങ്കല്‍ വടക്കേക്കര ഭാഗത്തുള്ള 10 കുടുംബങ്ങളാണ് പാലത്തില്‍ പടുത വലിച്ചു കെട്ടി പ്രളയത്തെ അതിജീവിച്ചത്.

അയല്‍പക്ക സ്‌നേഹത്തിന്റെ തീക്ഷണത വറ്റിയിട്ടില്ല എന്നതിന് ഒരു ഉദാഹരണമായിരുന്നു ഈ ക്യാമ്പിലെ അറുപതോളം മനുഷ്യര്‍. ആഗസ്ത് 19 ന് പ്രദേശവാസിയായ മുട്ടേല്‍ വീട്ടില്‍ അജയകുമാറിന്റെയും സുനിതയുടെയും മകന്‍ അനന്തുവിന്റെയും കുമരകം സ്വദേശിനി കീര്‍ത്തിയുടെയും വിവാഹമായിരുന്നു.

വിവാഹത്തലേന്ന് (ആഗസ്ത് 18) വെളുപ്പിന് അഞ്ചു മണി മുതല്‍ പ്രദേശത്തെ വീടുകളില്‍ വെള്ളം കയറിത്തുടങ്ങി. ചീപ്പുങ്കല്‍ പള്ളിക്കരി പാടത്തിലെ മട പൊട്ടിയ വെള്ളമാണ് ഇവരുടെ ജീവിതത്തിലേക്ക് പ്രളയമായെത്തിയത്. വൈകിട്ട് അഞ്ചു മണി ആയപ്പോഴേക്കും കഴുത്തറ്റം വെള്ളമായിക്കഴിഞ്ഞു . കല്യാണം താലികെട്ടി ലൊതുക്കി വധൂവരന്‍മ്മാരെ ലോറിയില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

കല്യാണാവശ്യത്തിന് വാടകയ്ക്ക് എടുത്ത സാധനങ്ങളും കന്നുകാലികളുമായി ഒരു ക്യാമ്പിലേക്ക് എത്തിപ്പെടാനുള്ള അസൗകര്യം വലുതായിരുന്നു. ബൈപാസ് സര്‍ജറി കഴിഞ്ഞ അജയന്‍, ഫിറ്റ്‌സ് ബാധിച്ച ഒരു കുട്ടി, കൈക്കുഞ്ഞുങ്ങള്‍, കറവപ്പശുക്കള്‍ തുടങ്ങി പ്രാരാബ്ദങ്ങള്‍ ഏറെയുള്ള ഈ കുടുംബങ്ങള്‍ പാലത്തില്‍ കഴിയാന്‍ തീരുമാനിക്കുകയായിരുന്നു.

വെളളം കയറാതിരിക്കാന്‍ പാലത്തിലേക്ക് മാറ്റിയ വാഹനങ്ങളിലും സമീപത്തുണ്ടായിരുന്ന കെട്ടുവള്ളത്തിലുമായി കഴിഞ്ഞ ഒന്‍പത് ദിനങ്ങള്‍. പാലത്തില്‍ ഒറ്റപ്പെടുപോയ വിവരം ലോകത്തെ അറിയിക്കുന്നത് മാധ്യമങ്ങളാണ്.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്യാമ്പുകളിലേക്ക് മാറാനായില്ലെങ്കിലും ഭക്ഷണവും മരുന്നുകളും ബേബി ഫുഡും ജില്ലാ ഭരണകൂടം കൃത്യമായി എത്തിച്ചു തന്നു സുനിത അജയന്‍ പറയുന്നു. കുടിവെളളത്തിന് ക്ഷാമം നേരിട്ടപ്പോള്‍ ഒറ്റ ഫോണ്‍ കോളില്‍ ഒരു കുടുംബത്തിന് 10 കുപ്പി വെള്ളം വീതമെത്തിച്ചു. മെഡിക്കല്‍ സംഘത്തിന്റെ സേവനവും വസ്ത്രങ്ങളും ലഭ്യമാക്കി.

ജീവിതത്തിലേക്ക് ആര്‍ത്തലച്ചെത്തിയ പ്രളയത്തിനു മുന്‍പില്‍ ആദ്യം പകച്ചു പോയെങ്കിലും 10 കുടുംബങ്ങളുടെ ഒത്തൊരുമയിലും ഉദ്യോഗസ്ഥരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സഹകരണത്താലും മനോധൈര്യം വീണ്ടെടുക്കാനായി.

വീടുകളില്‍ പലതിലും വെള്ളം ഇറങ്ങി തുടങ്ങിയപ്പോഴും അവസാന വീട്ടില്‍ നിന്നും വെളളം ഇറങ്ങിയതിനു ശേഷം മാത്രം എല്ലാവര്‍ക്കും ഒരുമിച്ച് വീടുകളിലേക്ക് മടങ്ങിയാല്‍ മതി എന്നതായിരുന്നു അവരുടെ തീരുമാനം.

വീടുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അതിജീവനത്തിന്റെ പാതയിലാണ് ഈ കുടുംബങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News