കേരളം ഇന്ത്യയില്‍ തന്നെയാണ്; കേരളത്തെ സഹായിക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വം

തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെ ഒരു കടുത്ത ഓര്‍മ്മപ്പെടുത്തല്‍ നടത്തേണ്ട സാഹചര്യമാണ് ഇന്ന് രാജ്യത്തുള്ളത്.

കേന്ദ്ര ബി.ജെ.പി സര്‍ക്കാരിന്റെ കേരളത്തോടുള്ള മനോഭാവം പൊതുവിമര്‍ശ്ശനത്തിന് വിധേയമാകുന്നത് ഇതാദ്യമല്ല. പക്ഷേ ഇവിടെയിപ്പോള്‍ സാഹചര്യത്തില്‍ മാറ്റമുണ്ട്. നൂറ്റാണ്ടിലെ വലിയ പ്രളയക്കെടുതി നേരിട്ട്, വിറങ്ങലിച്ച് നില്‍ക്കുന്ന കേരളത്തെ സഹായിക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.

ഇത്തരത്തില്‍ വലിയ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് ദേശീയദുരന്തം തന്നെയായി കണക്കാക്കിയുള്ള സഹായം കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടാകും എന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.

പ്രളയകാലം പഞ്ഞകാലമാണ്. എല്ലാം നശിച്ചുപോയ സാഹചര്യത്തില്‍ സാമ്പത്തികവും അല്ലാത്തതുമായ സഹായങ്ങള്‍ സ്വാഭാവികമായും കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടാകേണ്ടതുണ്ട്.

ഇവിടെ, ദുരിതാശ്വാസമായി അനുവദിക്കുന്ന അരിക്ക് സംസ്ഥാനസര്‍ക്കാര്‍ കൂടിയതുക തുകനല്‍കണമെന്നാണ് കേന്ദ്ര ബി.ജെ.പി സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് വ്യക്തമാക്കുന്ന ഉത്തരവും പുറപ്പെടുവിക്കുകയുണ്ടായി. ഇതുപ്രകാരം, സൗജന്യമായി കൊടുക്കുന്ന അരിക്ക് കൂടിയവിലയായ 25 രൂപ നിരക്കാണ് കേന്ദ്രം ആവശ്യപ്പെട്ടത്. അതുപ്രകാരം 89540 ടണ്‍ അരിക്ക് 223 കോടിരൂപ സംസ്ഥാനം കണ്ടെത്തണം.

പ്രളയക്കെടുതി സാഹചര്യത്തില്‍ സഹായിക്കുന്നതിന് പകരം കൂടുതല്‍ തുക ഈടാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ആ സമയത്ത് കേന്ദ്രഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ സൗജന്യ നിരക്കിലുള്ള അരിയാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അതുസംബന്ധിച്ച് ഇതുവരെ ഒരുത്തരവും സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്നതും കാണണം.

ഇപ്പോഴിതാ പ്രളയദുരിതക്കെടുതിയുടെ സാഹചര്യത്തില്‍ മണ്ണെണ്ണ പ്രത്യേകമായി അനുവദിക്കുന്നതിന് വ്യാവസായികാടിസ്ഥാനത്തിലുള്ള ഉയര്‍ന്നതുക കേന്ദ്രസര്‍ക്കാരിന് നല്‍കണമത്രേ. 12000 KL മണ്ണെണ്ണ അനുവദിച്ചത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ലിറ്ററിന് വ്യവസായ നിരക്കായ 70 രൂപവച്ച് നല്‍കണമെന്ന് വരുന്നത് പ്രതിഷേധം ക്ഷണിച്ചുവരുത്തും.

പുതിയ കേന്ദ്രതീരുമാനവും മഴക്കെടുതിഘട്ടത്തില്‍ വന്‍തുക സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തണമെന്ന സാഹചര്യം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ട് സൗജന്യ നിരക്കില്‍ കേരളത്തിന് മണ്ണെണ്ണ അനുവദിച്ച് ഉത്തരവിറക്കേണ്ടതുണ്ട്.

പൊതുവില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും കേരളത്തിനൊപ്പമുണ്ട് എന്നുപറയുന്നതിനെ മലയാളികള്‍ സ്വാഗതം ചെയ്യുകയാണ് ചെയ്തത്. അത് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറാവേണ്ടത്.

പ്രളയക്കെടുതി തകര്‍ത്ത ഇന്ത്യാരാജ്യത്തെ ഒരു സംസ്ഥാനത്തെ പുതുക്കിപ്പണിയാന്‍ കേന്ദ്രസര്‍ക്കാരിനും ഉത്തരവാദിത്തമുണ്ട്. അതാണ് കേരളം പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here