കേരളത്തെ വിഴുങ്ങിയ മഹാപ്രളയം സിനിമയാകുന്നു; കൊല്ലവര്‍ഷം 1193ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ആഗസ്തില്‍ കേരളത്തെ മുക്കിയ മഹാപ്രളയം സിനിമയാവുന്നു. കൊല്ലവര്‍ഷം 1193 എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അമല്‍ നൗഷാദ് ആണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കുന്നതും അമല്‍ നൗഷാദ് തന്നെ.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെന്നൈയെ വിഴുങ്ങിയ പ്രളയത്തെ അടിസ്ഥാനമാക്കി ചെന്നൈ വാരം എന്ന പേരില്‍ സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു അമലും സംഘവും.

ചെന്നൈ പ്രളയത്തേക്കാള്‍ വലിയ ദുരന്തം കേരളം നേരിട്ടപ്പോള്‍ ചെന്നൈ വാരം പ്രോജക്ടില്‍ ചില തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും നടത്തിയാണ് കൊല്ലവര്‍ഷം 1193 ഒരുക്കുന്നത്. ദേവന്‍ മോഹനനാണ് ഛായാഗ്രഹണം. സംഗീതം സഞ്ജയ് പ്രസന്നന്‍, എഡിറ്റിംഗ് ബില്‍ ക്ലിഫേര്‍ഡ്, കലാസംവിധാനം ജോസഫ് എഡ്വേര്‍ഡ് എഡിസണ്‍.

കൊല്ലവര്‍ഷം 1193നെക്കുറിച്ച് സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

‘ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയായിരുന്നു ‘ചെന്നൈ വാരം’. പരിചയമുള്ളവരും അല്ലാത്തവരുമായിട്ടെല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമായിരുന്നു, എന്തുകൊണ്ട് തമിഴ് എന്ന്. അതും ആദ്യ ചിത്രം.

ഉത്തരം ലളിതമായിരുന്നു, ഞാന്‍ എഴുതിയ ഓരോ വരികളിലെയും വികാരങ്ങള്‍ ആ ജനതക്കെ മനസ്സിലാകൂ. കാരണം അവരായിരുന്നു അത് നേരില്‍ അനുഭവിച്ചത്.

ഒരു വര്‍ഷം കഴിഞ്ഞു, ഞാന്‍ കേട്ടറിഞ്ഞതെന്തോ, അത് ഞാന്‍ അടക്കം നമ്മള്‍ എല്ലാവരും നേരിട്ടനുഭവിക്കുന്നത് സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യമായിരുന്നു. ഒരു പക്ഷേ ചെന്നൈ നേരിട്ടതിനേക്കാള്‍ പലയിരട്ടി നാം അനുഭവിച്ചു.

പക്ഷെ അപ്പോഴും നമ്മളെല്ലാവരും കൂടെ നിന്നു. ജാതി മറന്ന്, നിറം മറന്ന്, രാഷ്ട്രീയം മറന്ന്. എന്റെ നാടിനു വേണ്ടിയെന്ന് ഞാനും നീയും പറഞ്ഞു. എന്റെ സംവിധാനത്തിലെ ആദ്യ സിനിമക്ക് തിരക്കഥയെഴുത്തില്‍ എവിടെയൊക്കെയോ എന്റെ നാടും ഉള്‍പ്പെട്ടു.

നാം അറിഞ്ഞത് ലോകം അറിയാനും നാം ചേര്‍ത്തത് ലോകത്തെ അറിയിക്കാനും തോന്നി. ചെന്നൈ വാരത്തില്‍ ചില തിരുത്തലുകളും കൂട്ടിക്കിച്ചേര്‍ക്കലുകള്‍ക്കും ശേഷം ഞാന്‍ ‘കൊല്ലവര്‍ഷം 1193′ ല്‍ എത്തിയിരിക്കുകയാണ്. എല്ലാവരും അനുഗ്രഹിക്കുക. ചിലപ്പോഴെങ്കിലും എന്റെ വരികളില്‍ ഞാന്‍ നമ്മള്‍ പലരെയും കാണുന്നുണ്ട്.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News