പുനരധിവാസം പ്രകൃതിസൗഹൃദമായിരിക്കും; നവകേരള സൃഷ്ടിക്ക് വ്യവസായികളോടും സഹായമഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി

നമ്മുടെ ഒരുമ ലക്ഷ്യം കാണുകയാണെന്നും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്നും ഇനിയുള്ള പുനര്‍നിര്‍മാണമാണ് അവിടെയും ഈ ഒരുമയും എെക്യവും ഉണ്ടാവണം എന്നും അദ്ദേഹം പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഒരോരുത്തരെയും അദ്ദേഹം പേരെടുത്ത് അഭിനന്ദിക്കുകയും ചെയ്തു.

കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തില്‍ മാധ്യമങ്ങള്‍ നടത്തുന്ന ചര്‍ച്ചകള്‍ സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാമു‍ള്ളിടത്തുനിന്നാണ് അവര്‍ ഇറങ്ങിവന്നത് ഒന്നുമില്ലാത്തിടത്തേക്കാണ് അവര്‍ മടങ്ങുന്നത്. അതുകൊണ്ട് തന്നെ ജീവനോപാദികള്‍ കണ്ടെത്തുന്ന കാര്യത്തില്‍ ജാഗ്രത കാണിക്കണം.

നാടിന്‍റെ ദുരിതത്തില്‍ നമ്മളിലൊരാളായി നിന്നാണ് എല്ലാ സേനേ വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഒാരോ കുടുംബത്തിനും നല്‍കുന്ന 10000 രൂപയുടെ ധനസഹായം ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ച ഉടന്‍ നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

വാഹനങ്ങള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടവയില്‍ ഇന്‍ഷൂറന്‍സ് ഉള്ളവയ്ക്ക് ഇന്‍ഷൂറന്‍സ് നല്‍കുന്നവയില്‍ തടസമുണ്ടാവരുത്.

ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്‍ഷൂറന്‍സ് കമ്പനികളുടെ യോഗം അടുത്ത ദിവസം വിളിച്ച് ചേര്‍ക്കും.

മാലിന്യങ്ങള്‍ സംസ്കരിക്കുന്നതില്‍ കൃത്യമായ കരുതല്‍ വേണം. മലിന്യം തിരികെ ജലാശയങ്ങളിലേക്ക് തള്ളരുത് ഇങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ നടപടി ഉണ്ടാവും.

സ്കൂ‍ളുകളില്‍ അധ്യായനം അടുത്ത ദിവസം തന്നെ ആരംഭിക്കും അതിനാല്‍ സ്കൂ‍ളുകളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകള്‍ പരമാവധി അനുയോജ്യമായ ഇടങ്ങളിലേക്ക് മാറ്റണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കന്നുകാലികള്‍ക്ക് ഭക്ഷണം നല്‍കുന്നതില്‍ മൃഗ സംരക്ഷണ വകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കണം. പ്രളയ പ്രദേശങ്ങളിലെ കുടിവെള്ളം കൃത്യമായി വിതരണം ചെയ്യണം.

പകര്‍ച്ച വ്യാദികള്‍ തടയുന്നതില്‍ ജനങ്ങള്‍ കൂടെ ശ്രദ്ധിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന പ്രതിരോധ മരുന്നുകള്‍ ക‍ഴിക്കാന്‍ എല്ലാവരും തയ്യാറാവണം.

എല്ലാവര്‍ക്കും ചികിത്സയെത്തിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിപണിയില്‍ ചിലര്‍ കൃതൃിമ വിലക്കയറ്റം സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

സാധനങ്ങള്‍ക്ക് വില കയറ്റിവില്‍ക്കുന്ന നടപടി ശിക്ഷാര്‍ഹമാണ്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നു. പുനര്‍നിര്‍മാണം പ്രയാസകരമായ കാര്യമാണ്.

ഇതിന് വിവധ ഘടകങ്ങള്‍ ഒരുമിച്ച് ചേരേണ്ടതുണ്ട് അതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.ശുചീകരണ പ്രവര്‍ത്തനത്തിലെ പങ്കാളിത്തം കാണിക്കുന്നത് നമ്മുടെ എെക്യവും ഒരുമയുമാണ്.

പുനര്‍നിര്‍മാണം എങ്ങനെ വേണമെന്നത് ഗൗരവമായി ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. റോഡുകളുടെ പുനഃസ്ഥാപനം ജനജീവിതത്തിന്‍റെ ഊടും പാവും നെയ്യുന്നതുപോലെ പ്രധാനമാണ്.

ദുരന്തമുഖത്ത് കേരളത്തിലെ എംഎല്‍എമാരെല്ലാം സജീവമായി നിന്നു. അവരുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്താവും പുനര്‍നിര്‍മാണത്തിനുള്ള രൂപരേഖ തയ്യാറാക്കുക.

മാധ്യമങ്ങള്‍ നടത്തുന്ന ചര്‍ച്ച കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തില്‍ അഭിനന്ദനാര്‍ഹമാണ്. ഓഖി ദുരന്തത്തില്‍ 201 കോടി 69 ലക്ഷം രൂപ ചിലവാക്കി.

ഓഖി ദുരിതാശ്വാസത്തിന് കേന്ദ്രം നല്‍കിയ തുക കൃത്യമായി തന്നെയാണ ചിലവ‍ഴിച്ചത് ഒരു രൂപപോലും ഈ ഇനത്തില്‍ നിന്നും വകമാറ്റി ചിലവ‍ഴിച്ചിട്ടില്ല.

പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങളില്‍ രാഷ്ട്രീയം മാത്രമാണ്. കേരളത്തിനകത്തും പുറത്തും നിന്ന് കുട്ടികള്‍ പോലും കേരളത്തെ സഹായിക്കാന്‍ സന്നദ്ധരാകുമ്പോള്‍ തുക നല്‍കരുതെന്ന രീതിയിലുള്ള പ്രതികരണങ്ങള്‍ അപഹാസ്യമാണ്.

പ്രതിപക്ഷ നേതാവ് എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നതെന്ന് അറിയില്ല. പ്രതിപക്ഷമെന്നാല്‍ ആരോപണം ഉന്നയിക്കാന്‍ മാത്രമല്ലെന്ന് ഇനിയെങ്കിലും അദ്ദേഹം തിരിച്ചറിയണമെന്നും പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങള്‍ക്കുള്ള മറുപടിയായി അദ്ദേഹം കൂട്ടി ചേര്‍ത്തു.

പത്ര സമ്മേളനത്തിന്‍റെ പൂര്‍ണരൂപം

സംസ്ഥാന രൂപീകരണത്തിന് ശേഷം ഉണ്ടായിട്ടുള്ള എറ്റവും വലിയ പ്രളയക്കെടുതിയെ നേരിടുന്ന പ്രവര്‍ത്തനങ്ങള്‍ ഒരോ ഘട്ടമായി മുന്നോട്ടുപോകുകയാണ്. ഇത്തരം കെടുതിയെ നേരിടുന്നതില്‍ മൂന്ന് ഘട്ടങ്ങളാണ് ഉള്ളത്.

1. രക്ഷാ പ്രവര്‍ത്തനം
2. പുനരധിവാസം
3. പുനര്‍ നിര്‍മ്മാണം

ഒന്നാം ഘട്ടമായ രക്ഷാ പ്രവര്‍ത്തനം പൂര്‍ണ്ണമായിക്കഴിഞ്ഞിരിക്കുന്നു. സമാനതകളില്ലാത്ത ത്യാഗത്തിന്‍റെയും മനുഷ്യസ്നേഹത്തിന്‍റെയും നിരവധി അധ്യായങ്ങള്‍ രചിച്ചുകൊണ്ടാണ് ഒന്നാം ഘട്ടം അവസാനിച്ചിട്ടുള്ളത്.

ഇത്തരത്തിലുള്ള നിരവധി ഓര്‍മ്മകള്‍ ഒരോ പ്രദേശത്തെയും ജനതയ്ക്കും അത് നല്‍കിയിട്ടുണ്ട്. മനുഷ്യസ്നേഹത്തിന്‍റെ ഇത്തരം അധ്യായങ്ങള്‍ നമ്മുടെ സാമൂഹ്യ ജീവിതത്തിന്‍റെ മുന്നോട്ടുപോക്കിന് കുതിപ്പ് നല്‍കും എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല.

നമ്മുടെ നാട്ടിലെ ജനത എത്ര ഉജ്ജ്വലമായി മാനവിക മൂല്യങ്ങളെ സൂക്ഷിച്ച് വച്ചിട്ടുണ്ട് എന്നും തെളിയിക്കുന്ന ഒന്നുകൂടിയായിരുന്നു ഈ പ്രവര്‍ത്തനം.

നമ്മുടെ ഉജ്ജ്വലമായ പാരമ്പര്യത്തെ കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഇടപെടല്‍ നടത്തിയ ഒരു തലമുറ എന്ന നിലയില്‍ അഭിമാനത്തോടെ നില്‍ക്കാവുന്ന ഒന്നായി ചരിത്രത്തില്‍ അത് സ്ഥാനം പിടിക്കുക തന്നെ ചെയ്യും.

ലോകത്തെങ്ങുമുള്ള ജനതയ്ക്ക് മറ്റു പല കാര്യത്തിലുമെന്ന പോലെ പ്രചോദനമായും ഇത് മാറാതിരിക്കില്ല.

രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത വിവിധ വിഭാഗങ്ങള്‍ക്ക് നമ്മുടെ ആതിഥേയമര്യാദയെയും സംസ്കാരത്തെയും ഉയര്‍ത്തിപ്പിടിക്കുന്നവിധത്തില്‍ വീരോചിതമായ യാത്രയയപ്പ് നല്‍കുന്നതിനും സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്.

പ്രതിസന്ധികളില്‍ നമുക്കൊപ്പം നിന്ന് നമ്മളില്‍ ഒരാളായി പ്രവര്‍ത്തിച്ചവരായിരുന്നു സൈനികവിഭാഗങ്ങള്‍.

അവര്‍ നല്‍കിയ വിലമതിക്കാനാവാത്ത പിന്തുണയെ ഒരു വാക്കുകള്‍ക്കും വിവരിക്കാനാവുന്നതല്ല. നാം കാണിച്ച കരുത്തും മനുഷ്യസ്നേഹവും ആതിഥേയമര്യാദയുമെല്ലാം ഹൃദയത്തില്‍ ഏറ്റുവാങ്ങിക്കൊണ്ടാണ് അവര്‍ നമ്മുടെ നാട്ടില്‍ നിന്ന് യാത്രയായിട്ടുള്ളത്.

തീര്‍ച്ചയായും അവരുടെ ജീവിതത്തിലെ അവിസ്മരണീയമായ പ്രദേശമായി നമ്മുടെ നാടിനെ ഓര്‍മ്മിക്കാതിരിക്കാന്‍ കഴിയാത്തവിധം അംഗീകാരവും നമുക്ക് നല്‍കാനായിട്ടുണ്ട്.

രക്ഷാ പ്രവര്‍ത്തനത്തില്‍ കൈ-മെയ് മറന്ന് പ്രവര്‍ത്തിച്ച ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു.

നമ്മുടെ ഭരണയന്ത്രം ഏത് ദുരിതത്തെയും അതിജീവിക്കാന്‍ കരുത്തുള്ളതാണ് എന്ന് തെളിയിച്ചതായിരുന്നു രക്ഷാ പ്രവര്‍ത്തനത്തിലെ അവരുടെ ഇടപെടല്‍.

നമ്മുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ഇവര്‍ കാണിച്ച അര്‍പ്പണബോധത്തെ നമ്മുടെ തന്നെ ഭാഗമെങ്കിലും കേരളജനതയ്ക്ക് ഒരിക്കലും മറക്കാനാവുന്നതല്ല. 

പുനരധിവാസ കാര്യത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന കാര്യങ്ങള്‍ വ്യക്തമാക്കുകയുണ്ടായി.

കളക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാകുന്ന ഒരു കാര്യം നാം പ്രാഥമികമായി വിലയിരുത്തിയ നഷ്ടത്തേക്കാള്‍ എത്രയോ കൂടുതലാണ് യഥാര്‍ത്ഥത്തില്‍ ഉണ്ടായിട്ടുള്ളത് എന്ന കാര്യം വ്യക്തമായി. ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുണ്ടായി.

തീരുമാനങ്ങള്‍

1. വീടുകളിലേക്ക് തിരിച്ചുപോകുന്നവര്‍ക്ക് ഭക്ഷണം പാകം ചെയ്യാനുള്ള പാത്രങ്ങളോ സൗകര്യങ്ങളോ ഇല്ല എന്ന പ്രശ്നം കണക്കിലെടുത്തുകൊണ്ട് പ്രാദേശികമായി ഇത്തരം പ്രാഥമിക സൗകര്യങ്ങള്‍ക്കായുള്ള സഹായങ്ങള്‍ സമാഹരിച്ച് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ലഭ്യമാക്കണം.
2. പതിനായിരം രൂപ സഹായധനം നല്‍കാനുള്ള തീരുമാനം ബാങ്കുകള്‍ അവധി കഴിഞ്ഞ് പ്രവര്‍ത്തനം ആരംഭിച്ച ദിവസം മുതല്‍ കാലതാമസം വരാതെ ലഭ്യമാക്കി എന്ന് ഉറപ്പാക്കണം.
3. വാഹനങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും മറ്റും ഇന്‍ഷുറന്‍സ് തുക വേഗം ലഭ്യമാക്കുന്നതിന് ചീഫ് സെക്രട്ടറി തലത്തില്‍ വീണ്ടും യോഗം വിളിച്ചുചേര്‍ക്കുന്നതിനുള്ള തീരുമാനമെടുത്തു.
4. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് പ്രത്യേകമായ ശ്രദ്ധ ഉണ്ടാവണം. മാലിന്യങ്ങള്‍ കായലിലേക്കും പുഴയിലേക്കും ഒഴുക്കുന്നത് ഒഴിവാക്കുക തന്നെ വേണം. ബോധപൂര്‍വ്വം ഇത്തരം നടപടികള്‍ സ്വീകരിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണം.
5. വീട് പൂര്‍ണ്ണമായും തകര്‍ന്നുപോയതും താമസയോഗ്യമല്ലാതായിത്തീര്‍ന്ന കുടുംബങ്ങളും ഉണ്ട്. അതാത് പ്രദേശങ്ങളില്‍ അവര്‍ക്ക് താമസ സൗകര്യം ഉണ്ടാക്കുന്നതിന് ശ്രദ്ധിക്കണം. കല്യാണ മണ്ഡപങ്ങളും പൊതുഹാളുകളും കിട്ടുന്നതിനോടൊപ്പം ആള്‍താമസമില്ലാത്ത വലിയ വീടുകള്‍ ഈ ആവശ്യത്തിന് കിട്ടാന്‍ പരിശ്രമിക്കണം.
6. കന്നുകാലികള്‍ക്ക് തീറ്റ എത്തിക്കുന്നതിന് ശ്രദ്ധയുണ്ടാവണം. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട കന്നുകാലികളെ മഹാഭൂരിപക്ഷവും സംസ്കരിച്ചുകഴിഞ്ഞു. അവശേഷിക്കുന്നുണ്ടെങ്കില്‍ അടിയന്തിരമായും സംസ്കരിക്കാനും തയ്യാറാവണം.
7. ശുദ്ധമായ കുടിവെള്ളം എത്തിക്കുന്നതിനുള്ള ശ്രദ്ധയുണ്ടാവണം.
8. പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കുകയും, രോഗം ബാധിച്ചവര്‍ക്ക് ചികിത്സ ലഭിക്കുന്നതിന് ഇടപെടുകയും വേണം.
9. അങ്ങേയറ്റം പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും അത്തരം കുടുംബങ്ങളെ സ്പോണ്‍സര്‍ ചെയ്യാന്‍ സന്നദ്ധമാണ്. ജില്ലയില്‍ ഇത്തരം കാര്യങ്ങള്‍ ഏകോപിപ്പിക്കണം.
10. ദുരന്തത്തിന് ശേഷമുള്ള ഒരു വിലയിരുത്തല്‍ നടത്തേണ്ടതുണ്ട്. അതില്‍ കണ്ടെത്തുന്ന പരിമിതികള്‍ പരിഹരിക്കാനാവണം.
11. കടകള്‍ അടഞ്ഞ് കിടക്കുന്നിടത്ത് പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്താന്‍ നോക്കണം. കൂടുതല്‍ വില ഈടാക്കുന്നത് ഇല്ലാതാക്കണം. കൃത്രിമക്ഷാമവും കരിഞ്ചന്തയും സൃഷ്ടിക്കുന്നവരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കണം.
12. ക്യാമ്പുകളായി പ്രവര്‍ത്തിച്ചിരുന്ന സ്കൂളുകള്‍ ആഗസ്റ്റ് 29 ന് തന്നെ തുറക്കാനാവണം. സ്കൂളുകള്‍ വൃത്തിയാക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. വിദ്യാര്‍ത്ഥികള്‍ക്ക് ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും വരാതിരിക്കാനുള്ള മുന്‍കരുതല്‍ ഉണ്ടായിരിക്കണം.

ഇത്തരത്തിലുള്ള ഇടപെടല്‍ അടിയന്തരമായി നടത്തണമെന്ന് ഈ യോഗത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജില്ലയിലെ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ എസ്.പിമാരുടെയും പ്രത്യേകമായി നിയോഗിക്കപ്പെട്ട ഓഫീസര്‍മാരുടെയും വീഡിയോ കോണ്‍ഫറന്‍സ് നടത്തുകയുണ്ടായി.

ജനങ്ങളുടെ രക്ഷകരാണ് പോലീസെന്ന് നാം സാധാരണ പറയാറുള്ള വാക്കുകളാണ്. എന്നാല്‍ അല്‍പ്പം പോലും അതിശയോക്തിയില്ലാതെ പറയാനാവുന്ന കാര്യം ആ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ നിറവേറ്റുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് പോലീസ് സംവിധാനത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായത് എന്നതാണ്.

ജില്ലാ ഭരണ സംവിധാനവുമായി കൂടിച്ചേര്‍ന്നും ജനങ്ങളുമായി ഇഴുകിച്ചേര്‍ന്നും പോലീസ് നടത്തിയ രക്ഷാ പ്രവര്‍ത്തനം കേരളത്തിന്‍റെ എന്നല്ല, ലോകത്തിന്‍റെ തന്നെ പോലീസിന്‍റെ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായി മാറും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

പോലീസിനെ ജനകീയ സേനയാക്കി മാറ്റുന്ന വിധം ഇടപെട്ട ഓഫീസര്‍മാരെ കേരള ജനതയ്ക്ക് വേണ്ടി അഭിനന്ദിക്കാനും ഈ അവസരം ഉപയോഗിക്കുകയുണ്ടായി.

പോലീസിന്‍റെ പ്രധാന ഉത്തരവാദിത്തമായ ക്രമസമാധാന രംഗത്ത് പ്രവര്‍ത്തിക്കുന്ന 40,000 പോലീസുകാരാണ് വിവിധ തരത്തിലുള്ള  രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്.

വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഈ മഹാ പ്രളയത്തില്‍ തകര്‍ന്നുപോയിരുന്നു. മൊബൈല്‍ ടവറുകള്‍ പോലും തകര്‍ന്നുപോയ ഈ പ്രളയത്തില്‍ വാര്‍ത്താവിനിമയ സംവിധാനത്തിന്‍റെ പതാകാവാഹകരായി പ്രവര്‍ത്തിക്കാനും ഇവര്‍ തയ്യാറായിട്ടുണ്ട്.

ഈ രംഗത്ത് ആധുനിക സംവിധാനങ്ങളോ പ്രത്യേകമായ പരിശീലനങ്ങളോ പോലീസിനുണ്ടായിരുന്നില്ല.

എന്നിട്ടും സഹജീവികളോടുള്ള ഉത്തരവാദിത്തത്തിന്‍റെ കരുത്തിലാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

സ്വന്തം വീടുകള്‍ വെള്ളത്തില്‍ മുങ്ങി എന്ന വിവരം ഫോണിലൂടെ ലഭിക്കുന്ന അവസരത്തില്‍ ചില പോലീസുകാര്‍ രക്ഷാ പ്രവര്‍ത്തനത്തിലായിരുന്നു.

ഈ അനുഭവത്തില്‍ നിന്ന് മനസ്സിലാക്കുന്ന ഒരു കാര്യം ഇത്തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളെ മറികടക്കാനുള്ള പ്രാഥമികമായ ഉപകരണങ്ങളും പരിശീലനങ്ങളും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലെങ്കിലും ഉണ്ടാവേണ്ടതുണ്ട് എന്നതാണ്.

ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതിന് പോലീസ് സംവിധാനത്തെ ആധുനികവത്കരിക്കുക എന്ന കടമ കൂടി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ്.

പുനരധിവാസ പ്രവര്‍ത്തനങ്ങളും നല്ല നിലയില്‍ പുരോഗമിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

ഈ ദുരിതം ഉണ്ടായതിന് ശേഷം എറ്റവും കൂടുതല്‍ പേര്‍ ക്യാമ്പിലുണ്ടായിരുന്നത് 21.08.2018 നാണ്. 3,91,494 കുടുംബങ്ങളിലായി 14,50,707 പേരാണ് ക്യാമ്പുകളിലുണ്ടായിരുന്നത്.

ഒരാഴ്ച നാം പിന്നിടുമ്പോള്‍ ഇന്നത്തെ കണക്ക് പ്രകാരം 53,703 കുടുംബങ്ങളിലായി 1,97,518 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉള്ളത്.

അതായത് ക്യാമ്പില്‍ വന്ന 3,37,791 കുടുംബങ്ങളും അതിലെ അംഗങ്ങളായ 12,53,189 പേരും പുനരധിവാസ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി വീടുകളിലേക്ക് തിരിച്ചെത്തിയിരിക്കുന്നു.

ഇത് കാണിക്കുന്നത് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ അതിവേഗതയില്‍ പുരോഗമിക്കുന്നുണ്ട് എന്നാണ്.

വീടുകള്‍ താമസയോഗ്യമാക്കി മാറ്റുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും എണ്ണയിട്ട യന്ത്രം കണക്കെ യോജിച്ച് പ്രവര്‍ത്തിക്കുകയാണ്.

സര്‍ക്കാര്‍ സംവിധാനവും ജനങ്ങളും തമ്മിലുള്ള ഈ വിളക്കിച്ചേര്‍ക്കലാണ് രക്ഷാ പ്രവര്‍ത്തനത്തിലെ സംഘടനാ സംവിധാനത്തിന്‍റെ കരുത്തായി വര്‍ത്തിച്ചിട്ടുള്ളത്.

ഭരണയന്ത്രവും ജനങ്ങളും തമ്മിലുള്ള ഈ ചേര്‍ച്ച നമ്മുടെ ജനാധിപത്യ സമൂഹത്തിന്‍റെ കരുത്തിനെയും ശേഷിയെയും വിളിച്ചറിയിക്കുന്നതാണ്.

ഇക്കാര്യത്തില്‍ നമുക്കെല്ലാം അഭിമാനിക്കാന്‍ പറ്റുന്ന കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

രക്ഷാ പ്രവര്‍ത്തനത്തിലെന്ന പോലെ പുനരധിവാസ പ്രവര്‍ത്തനത്തിലും യുവാക്കളുടെ പങ്കാളിത്തം നല്ല നിലയില്‍ തുടരുകയാണ്.

പുനരധിവാസ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് യുവാക്കള്‍ സംഘം സംഘമായി എത്തിക്കൊണ്ടിരിക്കുകയാണ്.

സാങ്കേതിക വൈദഗ്ദ്ധ്യം ഏറെയൊന്നുമില്ലെങ്കിലും സഹജീവിസ്നേഹത്തിന്‍റെ കരുത്തില്‍ തീവ്രമായി അദ്ധ്വാനിക്കുകയാണ് യുവജനത.

ഇത് ഭാവി  കേരളത്തിന്‍റെ ശുഭകരമായ യാത്രയുടെ സൂചനയാണ്. തീര്‍ച്ചയായും അഭിമാനകരമായ കാര്യമാണത്.

യുവതികളുടെ ശ്രദ്ധേയമായ പങ്കാളിത്തവും കേരളീയ സമൂഹത്തിലെ സാമൂഹ്യ വളര്‍ച്ചയുടെ ഔന്നിത്യത്തെയാണ് കാണിച്ചുതരുന്നത്.

പുനനിര്‍മ്മാണ പ്രവര്‍ത്തനമാണ് നമുക്ക് മുമ്പിലുള്ള എറ്റവും പ്രയാസകരമായ ദൗത്യമെന്ന് കാണണം. പല ഘടകങ്ങള്‍ യോജിപ്പിച്ചുകൊണ്ട് മാത്രമേ ഈ ദൗത്യം പൂര്‍ത്തീകരിക്കാനാവൂ. അത്തരം പ്രശ്നങ്ങളെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്.

1. സാമ്പത്തികം
2. ഏത് തരത്തിലുള്ള പുനര്‍നിര്‍മ്മാണം എന്നത്
3. അതിനുള്ള അസംസ്കൃത വസ്തുക്കളുടെ കണ്ടെത്തല്‍
4. ജീവനോപാധികള്‍ ഉറപ്പുവരുത്തല്‍

എറ്റവും പ്രധാനപ്പെട്ട പ്രശ്നമായി നിലനില്‍ക്കുന്നത് ഇതിനുള്ള പണം കണ്ടെത്തുക എന്നതാണ്. ഒരോ കേരളീയനും നാടിനെ സംരക്ഷിക്കുന്നതിന് ഇറങ്ങേണ്ടതുണ്ട് എന്ന പൊതുബോധം വളര്‍ന്നുവന്നിട്ടുണ്ട് എന്നതാണ് ഇതിനെ മറികടക്കാനാകും എന്ന ആത്മവിശ്വാസം സര്‍ക്കാരിന് പ്രദാനം ചെയ്യുന്നത്.

ഒരു മാസത്തെ വേതനം ഇക്കാര്യത്തിന് നല്‍കണമെന്ന് ലോകത്താകെയുള്ള മലയാളികളോട് ഒരു ദൃശ്യ വാര്‍ത്താമാധ്യമത്തില്‍ ചര്‍ച്ചയ്ക്കായി അവതരിപ്പിച്ചപ്പോള്‍ ഉണ്ടായ പ്രതികരണം ഇതാണ് സൂചിപ്പിക്കുന്നത്.

പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പെടെ ഇതിനെ സ്വാഗതം ചെയ്തു എന്നത് ഏറെ സന്തോഷകരമായ കാര്യമാണ്.

പല സംഘടനകളും വ്യക്തികളും ഇതിനകം തന്നെ ഇക്കാര്യത്തിലുള്ള സംഭാവന നല്‍കിക്കഴിഞ്ഞിട്ടുണ്ട്.

ശ്രദ്ധേയമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം കേരളത്തിന്‍റെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി സുപ്രീംകോടതി ജഡ്ജിമാര്‍ ഉള്‍പ്പെടെ ഫണ്ട് സ്വരൂപിക്കാന്‍ വേണ്ടി ഡല്‍ഹിയില്‍ പാട്ടുപാടി പണം സ്വരൂപിക്കാന്‍ നടത്തിയ ഇടപെടല്‍.

ഇങ്ങനെ കേരളത്തിന്‍റെ ദുരിതത്തില്‍ ഒരോരുത്തരും പതിവ് രീതികള്‍ വെടിഞ്ഞ് നമ്മുടെ പ്രശ്നങ്ങളെ സ്വന്തം ഹൃദയത്തില്‍ ഏറ്റെടുത്ത് മുന്നോട്ടുവരുന്നുവെന്നത് പുനര്‍നിര്‍മ്മാണത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന്  വാനോളം ഉയരുന്ന പ്രതീക്ഷയാണ് ഉണ്ടാക്കുന്നത്.

സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തിന് ഇത് വലിയ പ്രചോദനമായി നില്‍ക്കുകയും ചെയ്യുന്നു.

സഹായങ്ങള്‍ എത്തുന്നുണ്ട്: ഓഫീസിലേക്ക് വിവിധ തരത്തിലുള്ള സഹായവുമായി ജീവിതത്തിന്‍റെ വിവിധ തുറകളിലുള്ളവര്‍ വന്നുകൊണ്ടിരിക്കുകയാണ്.

തിരുവോണ നാളിലും ഈ പ്രവാഹത്തിന് കുറവുണ്ടായില്ല. നമ്മുടെ ഐക്യത്തിന്‍റെയും യോജിപ്പിന്‍റെയും പ്രതീകമായി ഇത് മാറിക്കൊണ്ടിരിക്കുന്നു.

മാധ്യമങ്ങള്‍: സംസ്ഥാനത്തിന് പുറത്തുള്ള മാധ്യമ സുഹൃത്തുക്കളും സഹായം നല്‍കുന്നതിനായുള്ള ദൗത്യമേറ്റെടുത്തുവെന്നതും സന്തോഷകരമായ കാര്യമാണ്. എന്‍.ഡി.ടി.വി, ന്യൂസ്18 ന്‍റെ വിവിധ ചാനലുകള്‍ തുടങ്ങിയവ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇതാണ് കാണിക്കുന്നത്.

പുനര്‍നിര്‍മ്മാണത്തെ സംബന്ധിച്ച് മാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

തീര്‍ച്ചയായും സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുവരുന്ന നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടായിരിക്കും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തെ സംബന്ധിച്ച രൂപരേഖ സര്‍ക്കാര്‍ തയ്യാറാക്കുക.

ലോക കേരളസഭ: കേരളത്തിന്‍റെ വികസനത്തിനായി പ്രവാസിമലയാളികളുടെ സഹായം കൂടി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യം കൂടി കണ്ടുകൊണ്ട് രൂപപ്പെടുത്തിയതാണ് ലോക കേരളസഭ.

ഇതിന്‍റെ സാധ്യതകളെയും നമ്മുടെ പുനര്‍നിര്‍മ്മാണ പ്രക്രിയയ്ക്ക് ഉപയോഗപ്പെടുത്തുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.

കേരളത്തിന്‍റെ ജനജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന് പ്രധാന പങ്ക് വഹിക്കുന്ന പ്രവാസികളുടെ വന്‍തോതിലുള്ള പിന്തുണ ഇപ്പോള്‍ തന്നെ ലഭിക്കുന്നുണ്ട്.

ഇതിനെ വ്യവസ്ഥാപിതമാക്കി മാറ്റുന്നതിനുള്ള ഇടപെടലാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്‍റെ സഹായം: കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉദാരമായ സഹകരണമാണ് ഇക്കാര്യത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ലോകത്തിലെ വിവിധ ജനസമൂഹങ്ങളും പിന്തുണയുമായി രംഗത്തുവന്നുകൊണ്ടിരിക്കുന്നു. നമ്മുടെ വിഭവസമാഹരണത്തോടൊപ്പം ഇവ കൂടി ചേരുന്നതോടെ ദുരന്തത്തെ മറികടക്കാനുള്ള സാമ്പത്തിക അടിത്തറ ഉണ്ടാക്കിയെടുക്കാനാവുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ.

എളുപ്പമുള്ള കാര്യമല്ലെങ്കിലും നാം ഒന്നായി നിന്നാല്‍ അത് നേടിയെടുക്കാനാവും എന്നതാണ് വ്യക്തമാവുന്നത്.

പുനര്‍നിര്‍മ്മാണത്തിന്‍റെ മറ്റൊരു ഘടകം മുമ്പ് ഉണ്ടായിരുന്ന അതേ രീതിയില്‍ ഇത് നടത്തണമോ എന്നതാണ്.

ഈ പ്രളയത്തിന്‍റെ അനുഭവത്തില്‍ പാരിസ്ഥിതികമായ ചില പ്രശ്നങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ട്. പ്രളയവും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും എളുപ്പം ബാധിക്കാവുന്ന സ്ഥലങ്ങളില്‍ പുനരധിവാസം നടത്തണമോ എന്നത് പ്രധാനപ്പെട്ട പ്രശ്നമാണ്.

അത്തരം കാര്യങ്ങളെക്കുറിച്ചുള്ള ആലോചനകള്‍ സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.

റോഡുകളും പാലങ്ങളും ഉള്‍പ്പെടെയുള്ളവ വലിയ തോതില്‍ തകര്‍ന്നുപോയിട്ടുണ്ട്. ഉള്‍നാടുകളിലെ സ്ഥിതി ഏറെ പരിതാപകരമാണ്.

അവ പുന:സ്ഥാപിക്കുക എന്നത് ജനജീവിതത്തിന്‍റെ ഊടും പാവും നെയ്തെടുക്കുന്നതിന് പ്രധാനമാണ്.

ഇവയ്ക്ക് വേണ്ട അസംസ്കൃത വസ്തുക്കള്‍ കണ്ടെത്തുക എന്നതും ശ്രമകരമായ കാര്യമാണ്.

ഇത്തരം കാര്യങ്ങള്‍ എല്ലാം സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. ഇതിന്‍റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ജനജീവിതം സാധാരണനിലയിലേക്ക് വരണമെങ്കില്‍ ജീവനോപാധികള്‍ ഉറപ്പുവരുത്താനാവണം. അതിനുള്ള സഹായങ്ങളും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തിലെ പ്രധാനപ്പെട്ട ഘടകങ്ങളാണ്.

ഇത് തിരിച്ചുകൊണ്ടുവന്നെങ്കില്‍ മാത്രമേ ജനജീവിതം സാധാരണ നിലയിലേക്ക് എത്തിക്കാനാവൂ എന്ന കാഴ്ചപ്പാടോടെയാണ് സര്‍ക്കാര്‍ ഇടപെടുന്നത്. 

30-ാം തീയ്യതി പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നുണ്ട്. ദുരന്തമുഖത്ത് സജീവമായി നിന്നവരാണ് കേരളത്തിലെ എം.എല്‍.എമാര്‍. സര്‍ക്കാരിന്‍റെ ഫലപ്രദമായ പ്രവര്‍ത്തനത്തിന് ഇവര്‍ നല്‍കിയ സഹായം ഏറെ വലുതുമാണ്.

അവരുടെ അനുഭവങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ ഏറെ കാര്യങ്ങള്‍ അവര്‍ക്ക് പറയാനുണ്ടാകും.

അവരുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ട് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തിന്‍റെ രൂപരേഖ സര്‍ക്കാര്‍ പൂര്‍ത്തീകരിക്കും.

രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കുകയും ത്യാഗനിര്‍ഭരമായ നിരവധി അധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കുകയും ചെയ്ത മത്സ്യത്തൊഴിലാളികള്‍ക്ക് തിരുവനന്തപുരത്ത് വെച്ച് നാളെ (29.08.2018) സ്വീകരണം നടത്തുന്നുണ്ട്. അതില്‍ നിങ്ങളുടെ സജീവമായ സാന്നിധ്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ കൂടുതല്‍ പ്രൗഢോജ്ജ്വലമായി തിരിച്ചുപിടിക്കുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

പ്രളയത്തില്‍ തകര്‍ന്ന കേരളമല്ല, അതിനെ അതിജീവിച്ച് കുതിച്ച കേരളമാണ് ഇതെന്ന് ചരിത്രത്തില്‍ സ്ഥാനംപിടിക്കുന്നവിധം നമുക്ക് മുന്നേറണം.

അതിന് നമ്മുടെ ഐക്യവും യോജിപ്പുമാണ് പ്രധാനം. അതാണ് അതിജീവനത്തിന്‍റെ അടിസ്ഥാനപാഠമെന്നതാണ് സര്‍ക്കാര്‍ നിലപാട്.

ആ നിലപാടിനൊപ്പം കേരളവും ഇന്ത്യയും മാത്രമല്ല, ലോകവും സഹകരിക്കുന്നുവെന്നത് വമ്പിച്ച ആത്മവിശ്വാസമാണ് സര്‍ക്കാരിന് നല്‍കുന്നത്.

ഐക്യത്തോടെ നിന്ന് അതിജീവിക്കുക എന്നതാണ് സര്‍ക്കാരിന്‍റെ കാഴ്ചപ്പാട്. കേരളം അതിനൊപ്പം നിന്നിട്ടുണ്ട്.

മാധ്യമങ്ങളും ആ പാതയില്‍ തന്നെ ഉറച്ചുനിന്നിട്ടുണ്ട്. ആ പിന്തുണയും സഹകരണവും തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here