വരവര റാവു അറസ്റ്റിൽ; മനുഷ്യാവകാശ-ദളിത് പ്രവർത്തകരുടെ വീടുകളിൽ രാജ്യവ്യാപക റെയ്ഡ്; അത്യസാധാരണ നടപടി മഹാരാഷ്ട്രയിലെ ഭീമ കൊറഗാവിലുണ്ടായ കലാപത്തിന്റെ പേരിൽ

വരവര റാവു അറസ്റ്റിൽ. മനുഷ്യാവകാശ – ദളിത് പ്രവർത്തകരുടെ വീടുകളിൽ രാജ്യവ്യാപക റെയ്ഡ്. അത്യസാധാരണ നടപടി മഹാരാഷ്ട്രയിലെ ഭീമ കൊറഗാവിലുണ്ടായ കലാപത്തിന്റെ പേരിലാണ് വ്യാപകമായി റെയ്ഡ് നടത്തിയത്.

ഗൗതം നവ്ലഖ(ഹരിയാന), സുധ ഭരദ്വാജ്(ഹരിയാന), വേനോൺ ഗൊൺസാലസ്(മുംബൈ) എന്നിവരും അറസ്റ്റിലായവരിൽപ്പെടും. മഹാരാഷ്ട്ര പൊലീസാണ് കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ റെയ്ഡുകൾ നടത്തിയത്. ദില്ലി, മഹാരാഷ്ട്ര, തെലങ്കാന, ജാർഖണ്ഡ്, ഗോവ, ഹരിയാന എന്നിവിടങ്ങളിൽനിന്ന് ചൊവ്വാഴ്ച റെയ്ഡു നടന്നതിന്റെ റിപ്പോർട്ടുകളുണ്ട്.

ജനുവരി ഒന്നിനു മഹാരാഷ്ട്രയിലെ ഭീമ കൊറഗാവിലുണ്ടായ കലാപത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡുകളും അറസ്റ്റുമെന്ന് പൊലീസ് പറയുന്നു. എന്നാൽ പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസും ഇതിനോട് ബന്ധിപ്പിക്കുന്നുണ്ട്.

ഹൈദരാബാദിലെ ഫ്ളാറ്റിൽനിന്നാണ് വരവര റാവുവിനെ അറസ്റ്റു ചെയ്തത്. മുതിർന്ന മാധ്യമപ്രവർത്തകനും റാവുവിന്റെ മരുമകനുമായ കെ വി കർമനാഥ്, ഫോട്ടോഗ്രഫർ ടി ക്രാന്തി എന്നിവരുടെ ഫ്ളാറ്റുകളിലും റെയ്ഡ് നടത്തി.

യുഎപിഎ ഉൾപ്പടെ ചുമത്തിയാണ് സുധ ഭരദ്വാജിനെ ഹരിയാന സൂരജ്കുണ്ഡിലെ വസതിയിൽനിന്ന് അറസ്റ്റുചെയ്തത്. ദില്ലി നെഹ്റുഎൻക്ലെയ്വിലെ വീട്ടിൽനിന്ന് അറസ്റ്റുചെയ്ത ഗൗതം നവ്ലഖയെ മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോകാനുള്ള പൊലീസിന്റെ അപേക്ഷ ഹൈക്കോടതി തടഞ്ഞു. തൽക്കാലം ഗൗതം വീട്ടുതടങ്കലിൽ തുടരും.

മഹാരാഷ്ട്രയിൽ വെനോൺ ഗൊൺസാലസിന്റെ വീട്ടിനു പുറമെ അഭിഭാഷകരായ അരുൺ ഫെരേര, സൂസൻ എബ്രഹാം എന്നിവരുടെ ഫ്ളാറ്റുകളിലും പൊലീസ് തെരച്ചിൽ നടത്തി. ഭീമ കൊറഗാവിൽ അതിക്രമത്തിനു ഇരകളായ ദളിതരുടെ കേസുകൾ കൈകാര്യം ചെയ്യുന്നത് ഇവരാണ്.

ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസികുട്ടികൾക്ക് വേണ്ടി സ്കൂൾ നടത്തുന്ന ഫാദർ സ്റ്റാൻ സ്വാമിയുടെ താമസസ്ഥലത്തും റെയ്ഡ് നടന്നു. ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തില്ല. ഗോവയിലെ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രൊഫ. ആനന്ദ് തെൽതുംബഡെയുടെ വീട്ടിലും പൊലീസെത്തി. എന്നാൽ, അദ്ദേഹം സ്ഥലത്തില്ലായിരുന്നു. ദളിത് നിരീക്ഷകനും എഴുത്തുകാരനുമാണ് തെൽതുംബ്ഡെ.

ഇതേ കേസിൽ ജൂൺ ആറിന്, പ്രൊഫ. ഷോമ സെൻ, റോണ വിൽസൺ, സുരേന്ദ്ര ഗാഡ്ലിങ്, മഹേഷ് റാവത്ത്, സുധീർ ധാവ്ലെ എന്നിവരെ പുണെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News