‘ആരും വിഷമിക്കേണ്ട, എല്ലാം ശരിയാകും’; സ്‌കൂള്‍ വിദ്യാര്‍ഥികളോട് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: എല്ലാ സ്‌കൂളുകളും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി കുട്ടികളെ സ്വീകരിക്കുവാന്‍ തയ്യാറായി കഴിഞ്ഞെന്നും നല്ല ഉത്സാഹത്തോടെ എല്ലാവരും സ്‌കൂളുകളിലേക്ക് പോകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രി പിണറായിയുടെ വാക്കുകള്‍:

അപ്രതീക്ഷിതമായി ഉണ്ടായ പ്രളയക്കെടുതികളെ അതിജീവിച്ച് നാം വീണ്ടും ജീവിതത്തിലേക്ക് മുന്നേറുകയാണ്. നേരിട്ട ദുരിതങ്ങളെയെല്ലാം തരണം ചെയ്ത് നമ്മുടെ കുഞ്ഞുങ്ങള്‍ ഇന്നു മുതല്‍ വീണ്ടും ആത്മവിശ്വാസത്തോടെ സ്‌കൂളുകളിലേക്ക് മടങ്ങും.

ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന ചില സ്‌കൂളുകള്‍ ഒഴികെ ബാക്കി എല്ലാ സ്‌കൂളുകളും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി കുട്ടികളെ സ്വീകരിക്കുവാന്‍ തയ്യാറായി കഴിഞ്ഞു. നല്ല ഉത്സാഹത്തോടെ തന്നെ എല്ലാവരും സ്‌കൂളുകളിലേക്ക് പോകണം.

മഴക്കെടുതിയില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപെട്ടവരാരും അതോര്‍ത്ത് വിഷമിക്കേണ്ടതില്ല. പുസ്തകങ്ങള്‍ ഇല്ലാതെ സ്‌കൂളില്‍ പോകേണ്ടി വരുമെന്ന പേടിയോ മടിയോ ആര്‍ക്കും വേണ്ട. നഷ്ടപെട്ട പുസ്തകങ്ങള്‍ക്ക് പകരം നിങ്ങള്‍ക്ക് എല്ലാവര്‍ക്കും പുതിയ പാഠപുസ്തകങ്ങള്‍ നല്‍കും.

ഇതിനായി പാഠപുസ്തകങ്ങള്‍ പ്രത്യേകമായി അച്ചടിച്ച് വിതരണത്തിന് തയ്യാറായി കഴിഞ്ഞു. ഇനി യൂണിഫോം നഷ്ടമായ കുട്ടികള്‍ ഉണ്ടെങ്കില്‍ അവരും സങ്കടപെടണ്ടതില്ല. നിങ്ങള്‍ക്ക് പുതിയ യൂണിഫോം ലഭിക്കും.

പ്രളയം ഏറ്റവും കൂടുതല്‍ ദുരന്തം വിതച്ച പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് പഠിക്കുവാനുള്ള ആത്മവിശ്വാസവും ഊര്‍ജ്ജവും പകരുവാന്‍ രക്ഷിതാക്കളും അധ്യാപകരും സന്നദ്ധ പ്രവര്‍ത്തകരും ശ്രദ്ധിക്കണം.

ദുരന്തം പലരുടേയും കുടുംബത്തേയും സങ്കടപ്പെടുത്തുന്നുണ്ടാകും. അതൊന്നും കുട്ടികളെ ബാധിക്കരുത്, മാതാപിതാക്കള്‍ക്ക് കരുത്തും സന്തോഷവുമാകാന്‍ ഓരോരുത്തര്‍ക്കും കഴിയണം. നഷ്ടപ്പെട്ടതെല്ലാം നമുക്ക് തിരിച്ചു പിടിക്കാനാകും. നിങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ എല്ലാ പിന്തുണയുമായുണ്ടാകും.

എങ്കിലും പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ശ്രദ്ധ പുലര്‍ത്തി മികവിന്റെ പുതിയ അധ്യായങ്ങള്‍ രചിച്ച് നവകേരളത്തിന്റെ സൃഷ്ടിയില്‍ പങ്കാളികളാകുവാന്‍ നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News