മുസ്ലീം ലീഗ് ഓഫീസിലെ ബോംബ് സ്ഫോടനം; ലീഗ് ഭാരവാഹികൾക്കെതിരെ കേസെടുത്തു

കണ്ണൂർ ഇരിട്ടി മുസ്ലീം ലീഗ് ഓഫീസിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട്
ലീഗ് ഭാരവാഹികൾക്കെതിരെ പോലീസ് കേസെടുത്തു. സ്‌ഫോടക വസ്തുക്കളും മാരക ആയുധങ്ങളും കൈവശം വച്ചതിനാണ് കേസ്.

മുസ്ലിം ലീഗ് ഓഫീസിൽ ഇന്നലെ പോലീസ് നടത്തിയ തിരച്ചിലിൽ ഉഗ്ര ശേഷിയുള്ള നാടൻ ബോംബുകളും വടിവാൾ ഉൾപ്പെടെ മാരകായുധങ്ങളും കണ്ടെടുത്തിരുന്നു.

ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ലീഗ് പ്രാദേശിക ഭാരവാഹികൾക്കെതിരെ ഇരിട്ടി പോലീസ് കേസെടുത്തത്. നിയമ വിരുദ്ധമായി ആയുധങ്ങൾ കൈവശം വയ്ക്കുക, സ്ഫോടകവസ്തുക്കൾ സൂക്ഷിക്കുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

സംഭവത്തിൽ പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചു.ഫോറൻസിക് വിഭാഗം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. എന്തിനാണ് ലീഗ് ഓഫീസിൽ ആയുധങ്ങൾ സൂക്ഷിച്ചതെന്ന് ലീഗ് നേതാക്കൾ വ്യക്തമാക്കണമെന്നും ലീഗിലെ തീവ്രവാദികളെ കണ്ടെത്തണമെന്നും സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഇരിട്ടി നഗരത്തെ നടുക്കി മുസ്ലിം ലീഗ് ഓഫീസിൽ സ്ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ കെട്ടിടത്തിന്റെ ചുമരുകൾ തകരുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

ബോംബ് സ്‌ക്വാഡ് പരിശോധനായിൽ ഉഗ്ര ശേഷിയുള്ള ഐസ്‌ക്രീം ബോംബുകളാണ് പൊട്ടിത്തെറിച്ചതെന്ന് കണ്ടെത്തി. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് മൂന്ന് നാടൻ ബോംബുകളും മൂന്ന് വടി വാളുകളും ആറ് ഇരുമ്പ് ദണ്ഡുകളും രണ്ടു മര ദണ്ഡുകളും കണ്ടെടുത്തത്.

ഇതിനെ തുടർന്നാണ് ലീഗ് ഭാരവാഹികൾക്കെതിരെ ഇരിട്ടി പോലീസ് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here