”കരഞ്ഞിരിക്കാന്‍ നമ്മള്‍ തയ്യാറല്ല, ശക്തമായി തിരിച്ചുവരും; നാടിന്റെ കൂട്ടായ്മയാണ് ദുരന്തം അതിജീവിക്കാന്‍ കരുത്ത് പകര്‍ന്നത്; മത്സ്യത്തൊഴിലാളികള്‍ക്ക് കേരളത്തിന്റെ ബിഗ് സല്യൂട്ട്”: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: നമ്മുടെ നാടിന്റെ കൂട്ടായ്മയാണ് ഈ ദുരന്തം അതിജീവിക്കാന്‍ നമുക്ക് കരുത്ത് പകര്‍ന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ദുരന്തത്തില്‍ കരഞ്ഞിരിക്കാന്‍ നമ്മള്‍ തയ്യാറല്ല. പണ്ടുണ്ടായിരുന്നതിനേക്കാള്‍ ശക്തമായി നമ്മള്‍ തിരിച്ചു വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

”കേരളത്തിന്റെ ഏറ്റവും വലിയ ദുരന്തമാണ് കഴിഞ്ഞത്. രക്ഷാപ്രവര്‍ത്തനത്തിന് ഓരോ മത്സ്യത്തൊഴിലാളികളും മുന്നിട്ടിറങ്ങുകയായിരുന്നു. ധീരവും ചടുലവുമായ രക്ഷാപ്രവര്‍ത്തനമാണ് മത്സ്യത്തൊഴിലാളികള്‍ ചെയ്തത്. ഇത്തരം കാര്യങ്ങളില്‍ പ്രാഗത്ഭ്യമുള്ള സേനകളും തലവന്മാരും ഇക്കാര്യം സമ്മതിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം വിജയിപ്പിക്കുന്നതിന്റെ പ്രധാന ഘടകമായി മത്സ്യത്തൊഴിലാളികള്‍ മാറുകയായിരുന്നു.”

”ദുരന്തമുഖത്തേക്ക് ഒന്നും ആലോചിക്കാതെ ഇറങ്ങിയവരാണ് മത്സ്യത്തൊഴിലാളികള്‍. അവരുടെ കുടുംബത്തെക്കുറിച്ചോ വരുമാനത്തെക്കുറിച്ചോ ഒന്നും തന്നെ ചിന്തിച്ചില്ല. അപകടത്തില്‍പ്പെട്ടവരെ സഹോദരതുല്യരായി കണ്ടുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനത്തിന് ചാടിയിറങ്ങിയത്.”
മത്സ്യത്തൊഴിലാളികള്‍ക്ക് കേരളത്തിന്റെ ബിഗ് സല്യൂട്ട് നല്‍കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

”സേനയുടെ പ്രവര്‍ത്തനവും മികച്ചത് തന്നെയായിരുന്നു. ദുര്‍ഘടമായ സാഹചര്യത്തില്‍ വ്യോമസേന രക്ഷാപ്രവര്‍ത്തനം നടത്തി. രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് വിശ്രമം നല്‍കുന്നതിനാണ് ആദരിക്കുന്ന ചടങ്ങ് വൈകിപ്പിച്ചത്.”

കോസ്റ്റ് ഗാര്‍ഡും നല്ല രീതിയില്‍ സഹായിച്ചു. നാവികസേനയുടെ വൈദഗ്ധ്യവും രക്ഷാപ്രവര്‍ത്തനത്തെ വലിയ തോതില്‍ സഹായിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ പ്രവര്‍ത്തനവും വിലമതിക്കാനാകാത്താണെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ യുവാക്കള്‍ വലിയ പങ്ക് വഹിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News