നെടുമ്പാശ്ശേരി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം പുനരാരംഭിച്ചു

പ്രളയക്കെടുതിയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന നെടുന്പാശേരി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. ഉച്ചയ്ക്ക് ശേഷം 2.05ഓടെ അഹമ്മദാബാദില്‍ നിന്നുളള ഇന്‍ഡിഗോ എയര്‍ലൈന്‍സ് നെടുന്പാശേരിയില്‍ ലാന്‍ഡ് ചെയ്തു.

രണ്ടാ‍ഴ്ചയ്ക്ക് ശേഷമാണ് നെടുന്പാശേരി വിമാനത്താവളം പൂര്‍ണസജ്ജമാക്കി സര്‍വ്വീസ് പുനരാരംഭിച്ചത്.

പ്രളയക്കെടുതിയെ തുടര്‍ന്ന് ഓഗസ്റ്റ് 15ന് നിര്‍ത്തിവെച്ച സര്‍വ്വീസാണ് രണ്ടാ‍ഴ്ചയ്ക്ക് ശേഷം പുനരാരംഭിച്ചത്. ഉച്ച ക‍ഴിഞ്ഞ് കൃത്യം 2.05ന് ഹൈദരാബാദില്‍ നിന്നുളള ഇന്‍ഡിഗോ എയര്‍ലൈന്‍സ് നെടുന്പാശേരിയില്‍ ലാന്‍ഡ് ചെയ്തു. 3.25ന് പുനെയിലേക്കുളള മറ്റൊരു ഇന്‍ഡിഗോ എയര്‍ലൈന്‍സ് ആദ്യമായി പറന്നുയരുകയും ചെയ്തു.

മസ്ക്കറ്റില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് ആണ് ആദ്യം പറന്നിറങ്ങിയ അന്താരാഷ്ട്ര സര്‍വ്വീസ്. അര്‍ദ്ധരാത്രി വരെ 33 ലാന്‍ഡിഗും 30 ഡിപ്പാര്‍ച്ചറുമായി 63 സര്‍വ്വീസുകള്‍ ആദ്യദിനം തന്നെ ഉണ്ടാകുമെന്ന് സിയാല്‍ അറിയിച്ചു.

300 കോടിയുടെ നഷ്ടം ഉണ്ടാക്കിയ വെളളപ്പൊക്ക കെടുതി തരണം ചെയ്യാന്‍ സിയാലിന് ദിവസങ്ങളോളം വേണ്ടി വന്നു. ആയിരത്തോളം തൊ‍ഴിലാളികള്‍ 24 മണിക്കൂറും യുദ്ധകാലടിസ്ഥാനത്തില്‍ നടത്തിയ അധ്വാനത്തിന് ശേഷമാണ് വിമാനത്താവളം പ്രവര്‍ത്തന സജ്ജമാക്കിയത്.

തകരാറിലായ എണ്ണൂറോളം റൺവേ ലൈറ്റുകൾ, വൈദ്യുതി വിതരണ സംവിധാനം, സോളാർ സംവിധാനങ്ങൾ , ജനറേറ്ററുകൾ എന്നിവയെല്ലാം പൂർണ സജ്ജമാക്കി. സൗരോർജ്ജ പ്ലാന്‍റില്‍ നിന്നും 20 മെഗാവാട്ട് വൈദ്യുതിയും ഉദ്പാദിപ്പിച്ചു തുടങ്ങി.

രണ്ടരക്കിലോമീറ്റര്‍ നീളത്തിലുളള മതിലുകള്‍ താത്ക്കാലികമായി നിര്‍മ്മിച്ചു. ഹോട്ടലുകള്‍, റസ്റ്റോറന്‍റുകള്‍ തുടങ്ങീ വിമാനത്താവലത്തോടനുബന്ധിച്ചുളള എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയ ശേഷമാണ് സര്‍വ്വീസ് പുനരാരംഭിച്ചത്.

സിയാലിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മികവുറ്റതാണെന്ന് വിമാനത്താവളത്തില്‍ ആദ്യം പറന്നിറങ്ങിയ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ പൈലറ്റ് ഗുര്‍ബാല്‍ സിങ് പറഞ്ഞു.

പെരിയാറില്‍ നിന്നുളള പ്രളയം റണ്‍വേ മാത്രമല്ല, എയര്‍പോര്‍ട്ടിന്‍റെ ഒന്നാംനില വരെ മുക്കിയിരുന്നു. ആദ്യമായാണ് നെടുന്പാശേരി വിമാനത്താവളം ഇത്രയധികം ദിവസം സര്‍വ്വീസ് നിര്‍ത്തിവയ്ക്കേണ്ടി വരുന്നത്.

ഇനിമുതല്‍ എല്ലാ ആഭ്യന്തര-അന്താരാഷ്ട്ര സര്‍വ്വീസുകളും സാധാരണ സമയക്രമം പാലിച്ച് ഉണ്ടാകുമെന്ന് സിയാല്‍ അറിയിച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News