ജലോത്സവങ്ങളുടെ നാട്ടിൽ ലോകം കണ്ട ഏറ്റവും വലിയ ശുചീകരണോത്സവം: എം വി ജയരാജന്‍

55000 പേർ അണിനിരന്ന ശുചീകരണ പ്രവർത്തനം കുട്ടനാടിന്റെ ജനകീയ ഉത്സവമായി മാറി. അയ്യങ്കാളിയുടെ 155-ാം ജന്മദിനമായ ആഗസ്ത് 28ന് ആരംഭിച്ച ശുചീകരണം 3 നാൾ നീണ്ടുനിൽക്കും.

കായലുകളും വീടുകളും വിദ്യാലയങ്ങളും പൊതുസ്ഥാപനങ്ങളും എല്ലാം വൃത്തിയാക്കി. മുക്കാൽ മണിക്കൂർ കൊണ്ട് ഒരുവീട് ശുചീകരിക്കുംവിധത്തിലായിരുന്നു.

അർപ്പണമനോഭാവത്തോടുകൂടിയുള്ള സന്നദ്ധ പ്രവർത്തനം. ഒരാൾ ഉയരത്തിൽ വരെ ചെളി കെട്ടിക്കിടക്കുന്ന വീടുകളും പൊതുസ്ഥലങ്ങളുമാണ് ശുചിയാക്കാൻ പ്രതിഫലേച്ഛ കൂടാതെ എല്ലാവരും രംഗത്തിറങ്ങിയത്.

പ്ലാസ്റ്റിക്കുകൾ വേർതിരിക്കുകയും സംസ്‌കരണ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു. ജൈവ മാലിന്യങ്ങൾ വളമാക്കി മാറ്റുന്നു.

ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം. കായലിൽ മാലിന്യങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുക കൂടി ചെയ്യുന്നുണ്ട് ദൗത്യസംഘം.

പ്രകൃതിയോടും പരിസ്ഥിതിയോടും കൂറുള്ളവരുടെ സന്നദ്ധപ്രവർത്തനം ഇങ്ങിനെയൊക്കെയാണ്. നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തം നടന്ന നാടെന്ന് മറ്റുള്ളവർക്ക് പറയാൻ ഇടംനൽകാത്ത വിധത്തിൽ ശുചീകരണത്തിലൂടെ നാം മറ്റൊരു അദ്ധ്യായം കുറിക്കുകയാണ്.

ഏറെ പ്രധാനമായിരുന്നു വിദ്യാലയങ്ങൾ ശുചീകരിക്കുകയും അദ്ധ്യയനം ഓണാവധിക്ക് ശേഷം പുനരാരംഭിക്കുകയും ചെയ്യുക എന്ന ദൗത്യം.

1748 വിദ്യാലയങ്ങൾ ക്യാമ്പുകളായി ഉപയോഗിക്കുകയും 309 വിദ്യാലയങ്ങൾ പ്രളയക്കെടുതിയിൽ നാശനഷ്ടം സംഭവിക്കുകയും ചെയ്തവയാണ്.

ഈ 2057 വിദ്യാലയങ്ങളിൽ 269 എണ്ണമൊഴികെ മറ്റെല്ലാം അധ്യയനയോഗ്യമാക്കി. വീടുകൾ മനുഷ്യാലയമാണെങ്കിൽ വിദ്യാലയങ്ങൾ സരസ്വതീക്ഷേത്രമാണെന്നാണ് മലയാളികൾ കണക്കാക്കുന്നത്.

ഈ ജനകീയ സന്നദ്ധ പ്രവർത്തനങ്ങളിൽ കുടുംബശ്രീ പ്രവർത്തകർ മുതൽ ഐടി വിദഗ്ദ്ധന്മാർ വരെ രംഗത്തിറങ്ങി.

ഓൺലൈൻ വഴി 75000 വളണ്ടിയർമാർ രംഗത്തെത്തി സന്നദ്ധപ്രവർത്തകർക്ക് കരുത്തേകി. ഭൂരിപക്ഷവും യുവജനങ്ങൾ.

അവരുടെ കരുത്ത് പൂർണ്ണമായും നാടിനുവേണ്ടി സമർപ്പിച്ചു. മന്ത്രിമാരും ജനപ്രതിനിധികളും കൈയ്യും മെയ്യും മറന്ന് ജനങ്ങൾക്കൊപ്പം ശുചീകരണപ്രവർത്തനം നടത്തി.

രക്ഷാപ്രവർത്തനം, പുനരധിവാസം, പുനർനിർമാണം എന്നിങ്ങനെ ചിട്ടപ്പെടുത്തിയ വിധത്തിലായിരുന്നു ദുരന്തം നേരിടാനുള്ള നടപടികൾ.

രക്ഷാപ്രവർത്തനം പൂർത്തിയായി. പുനരധിവാസവും പൂർത്തീകരണത്തിന്റെ പാതയിലാണ്. നാലുലക്ഷത്തോളം കുടുംബങ്ങളിലായി 15 ലക്ഷത്തോളം പേരാണ് ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി കഴിഞ്ഞിരുന്നത്.

ഏഴായിരത്തോളം വീടുകൾ പൂർണ്ണമായും തകർന്നു. അവർക്ക് സ്വന്തമായി വീട് നിർമിക്കുന്നതുവരെ താമസസൗകര്യം കണ്ടെത്തണം.

അതൊഴിച്ചുള്ളവരെ താമസയോഗ്യമാക്കിയ സ്വന്തം വീടുകളിലേക്ക് മാറ്റിപ്പാർപ്പിക്കണം.

ദുഷ്‌കരവും ശ്രമകരവുമായ ഈ ജോലിയാണ് രക്ഷാപ്രവർത്തനത്തിൽ മാതൃക കാട്ടിയ പതിനായിരങ്ങൾ സ്വയം രംഗത്തിറങ്ങി സാധ്യമാക്കുന്നത്.
അതെ, We Shall Overcome

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News