ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി കുടുംബശ്രീയും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 7 കോടി നല്‍കും

പ്രളയക്കെടുതിയില്‍പ്പെട്ട ദുരിതബാധിതര്‍ക്ക് സഹായമായി കുടുംബശ്രീയുടെ ഏഴ് കോടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീയുടെ സഹായമായ ഏഴ് കോടി രൂപയുടെ ചെക്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ മുഖ്യമന്ത്രിക്ക് കൈമാറി.

സംസ്ഥാനത്തെ 14 ജില്ലകളിലെ 43 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ ആഴ്ച സമ്പാദ്യത്തില്‍ നിന്നും ശേഖരിച്ച തുകയാണ് ഇത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മിസോറം സര്‍ക്കാര്‍ 2 കോടി രൂപ നല്‍കും. മിസോറാമിലെ 34 കോണ്‍ഗ്രസ് എംഎല്‍എമാര്‍ 1 ലക്ഷം രൂപ വീതവും നല്‍കും.കെപിസിസി മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍ ഒരു മാസത്തെ പെന്‍ഷന്‍ ദുരിതാശ്വാസ നിധിയില്‍ നല്‍കും.

ഫണ്ട് ശേഖരണത്തോടൊപ്പം തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു കുടുംബശ്രീ അംഗങ്ങള്‍. രണ്ട് ലക്ഷത്തിലധികം അംഗങ്ങളാണ് വളണ്ടറിയര്‍മാരായി സേവന രംഗത്ത് പ്രവര്‍ത്തിച്ചത്.

കുടുംബശ്രീ വനിത വളണ്ടറിയര്‍മാരുടെ നേതൃത്വത്തില്‍ ഒരു ലക്ഷത്തിലധികം വീടുകളും 3140 പൊതു സ്ഥലങ്ങളും പൊതു വഴിയും വൃത്തിയാക്കിയിരുന്നു. അതോടൊപ്പം തന്നെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലും, മറ്റുമുള്ള പ്രളയബാധിതരുടെ മാനസീക സംഘര്‍ഷം കുറയ്ക്കാന്‍ കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലേഴ്സിന്റെ നേതൃത്വത്തില്‍ 16361 പേര്‍ക്ക് കൗണ്‍സിലിംഗും നല്‍കി.

വിവിധ ക്യാമ്പുകളിലും, പ്രളയദുരിതത്തില്‍ ഒറ്റപ്പെട്ട കുടുംബങ്ങള്‍ക്കും 76781 അവശ്യവസ്തുക്കളുടെ പായ്ക്കറ്റുകള്‍ വിവിധ ജില്ലാ മിഷനുകളുടെ നേതൃത്വത്തില്‍ വിതരണം ചെയ്തിട്ടുണ്ട്.

15309 കുടുംബശ്രീ അംഗങ്ങളുടെ വീടുകള്‍ ദുരിതബാധിതര്‍ക്ക് അഭയകേന്ദ്രമായി മാറി. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലവും, കാര്യക്ഷവുമാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.

മന്ത്രിക്ക് പുറമേ, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, ഡോ.ടി.എന്‍ സീമ, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News