ദുരിതാശ്വാസത്തിന്‍റെ മറവില്‍ തട്ടിപ്പ്; സേവാഭാരതിയുടെ വാഹനത്തില്‍ ദുരിതാശ്വാസ വസ്തുക്കളെന്ന വ്യാജേന കടത്താന്‍ ശ്രമിച്ച മര ഉരുപ്പടികള്‍ പൊലീസ് കസ്റ്റഡിയില്‍

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യവസ്തുക്കളെന്ന് വ്യാജേന ആര്‍എസ്എസ് നേതൃത്വത്തിലുള്ള സേവാഭാരതിയുടെ ലോറിയില്‍ കടത്താന്‍ ശ്രമിച്ച മരം ഉരുപ്പടികള്‍ നീലേശ്വരം പൊലീസ് പിടിച്ചു.

ഗുജറാത്തില്‍ നിന്നും ദുരിതാശ്വാസ സംഭരണ കേന്ദ്രത്തിലെത്തിക്കുവാന്‍ കൊണ്ട് വന്ന അരി വസ്ത്രങ്ങള്‍, എന്നിവ കയറ്റിയ ലോറിയിലാണ് തേക്ക് മരകട്ടില, വാതിലുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള മര ഉരുപ്പടികള്‍ കടത്തിയത്.

സംഘപരിവാര്‍ നേതൃത്വത്തിലുള്ള മാവുങ്കാലിലെ സംഭരണ കേന്ദ്രത്തിലിറക്കാനാണ് ഉരുപ്പടികള്‍ കടത്തിയത്.

നീലേശ്വരം ഓര്‍ച്ചയിലെ ഫര്‍ണ്ണിച്ചര്‍ കടയില്‍ മര ഉരുപ്പടികള്‍ ഇറക്കുന്നത് കണ്ട നാട്ടുകാരാണ് മരം കടത്ത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.

ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ബാനര്‍ കെട്ടിയ ലോറിയില്‍ നിന്നും ഫര്‍ണ്ണീച്ചര്‍ കടയില്‍ മരം ഇറക്കുന്നത് കണ്ട് നാട്ടുകാര്‍ പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു.

തലശ്ശേരി മൊകേരിയിലെ വിനോദ് കെ വാസുദേവാണ് ലോറി ഓടിച്ചത്. ധാന്യചാക്കുകളുടെ മുകളിലാണ് മരഉരുപ്പടികള്‍ ഉണ്ടായിരുന്നത്.

നീലേശ്വരം സിഐ ഉണ്ണികൃഷ്‌ണന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ലോറി കസ്റ്റഡിയിലെടുത്ത് ഹോസ്ദൂര്‍ഗ് തഹസില്‍ദാര്‍ക്ക് കൈമാറി.

മര ഉരുപ്പടികള്‍ കടത്തുമ്പോള്‍ വേണ്ടുന്ന ജിഎസ്ടി അടച്ചതുള്‍പ്പെടെയുള്ള മറ്റ് രേഖകള്‍ ഉണ്ടോ എന്ന് പരിശോദിച്ച് വരികയാണ്.

ദുരിതാശ്വാസ വാഹനത്തിന്റെ മറവില്‍ മര ഉരുപ്പടികള്‍ കടത്തിയത് ഡ്രൈവറുടെ അറിവോടെ മാത്രമാണെന്ന് പൊലിസും സേവഭാരതിക്കാരും പറയുന്നുണ്ടെങ്കിലും മറ്റ് സാധനങ്ങള്‍ക്ക് മുകളില്‍ ഇത്രയും മര ഉരുപ്പടികള്‍ കയറ്റുമ്പോള്‍ സേവാഭാരതിക്കാരുടെ ശ്രദ്ധയില്‍പ്പെടാത്തത് സംശയാസ്പദമാണെന്നും നാട്ടുകാര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here