പോലീസിന്‍റെ ബുദ്ധിപരവും സമയോചിതവും സാഹസികവുമായ ഇടപെടലിനെതുടര്‍ന്ന് കൊച്ചിക്കായലിൽ മുങ്ങിത്താണ യുവാവിന് പുനർജന്മം

കുടുംബ പ്രശ്നങ്ങളെത്തുടർന്ന് കൊച്ചി, തോപ്പുംപടി പാലത്തിൽ നിന്നും കായലിലേക്ക് എടുത്തു ചാടി ആത്മഹത്യക്ക് ശ്രമിച്ച ആലപ്പുഴ മണ്ണംഞ്ചേരി സ്വദേശിയായ 40കാരനെയാണ് തോപ്പുംപടി പോലീസ് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്.

ബുധനാ‍ഴ്ച്ച പുലർച്ചേ ഒരു മണിയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തോപ്പുംപടി പാലത്തിനടുത്ത് കായലിൽ ഒരാളെ മുങ്ങിത്താഴുന്ന നിലയിൽ കാണുന്നതായി പോലീസ് സ്റ്റേഷനിൽ ഫോണ്‍ സന്ദേശം ലഭിച്ചു.

ഉടനടി നൈറ്റ് പട്രോളിംഗിലുണ്ടായിരുന്ന പോലീസ് സംഘത്തിന് വിവരം കൈമാറി.തോപ്പുംപടി പാലത്തില്‍ കുതിച്ചെത്തിയ പോലീസ്, അവശനിലയിൽ ഒഴുക്കിൽ മുങ്ങിത്താഴുന്ന ആളെ കണ്ടെത്തി.

ഈ സമയം പാലത്തിൽ ആകെ ഉണ്ടായിരുന്ന ഒരു ലൈഫ് ബോയിൽ റോപ്പ് കെട്ടിയ ശേഷം മുങ്ങിത്താണു കൊണ്ടിരുന്ന ആളെ ലൈഫ് ബോയിലും റോപ്പിലുമായി കുടുക്കിക്കിടത്തി.

ഇതേ സമയംതന്നെ നൈറ്റ് പട്രോളിoഗിലെ ഒരു ടീം ഹാർബറിൽ എത്തി എഞ്ചിൻ ഘടിപ്പിച്ച ഒരു വള്ളം സംഘടിപ്പിച്ച് റോപ്പിലും ലൈഫ് ബോയിലുമായി കുരുങ്ങി കിടന്നയാളുടെ അടുത്തെത്തി യുവാവിനെ രക്ഷപ്പെടുത്തി.

കരക്കെത്തിച്ച ഉടന്‍തന്നെ ഇയാളെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഇത്തരം സന്ദര്‍ഭങ്ങളിൽ രക്ഷാ ബോട്ടുകൾ ഇല്ലാതിരുന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് താമസം നേരിടുന്നതിന് കാരണമായെന്ന് പോലീസ് പറഞ്ഞു.

തോപ്പുംപടി സ്റ്റേഷനിലെ ASI ശ്രീജിത്ത്, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ രാജീവൻ, ആന്‍റൊ, സനീഷ്, അരുൺ എന്നിവരുടെ കൃത്യവും സമയോചിതവുമായ സാഹസികതയാണ് ആത്മഹത്യാശ്രമത്തിൽ നിന്നും യുവാവിനെ രക്ഷിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News