മഹാ ശുചീകരണയജ്ഞത്തിന്‍റെ ഭാഗമായി വീടുകള്‍ വാസയോഗ്യമായി; കുട്ടനാട്ടുകാര്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി

സര്‍വ്വതും വി‍ഴുങ്ങിയ പ്രളയത്തില്‍ വീടും നാടും വിട്ട് ദുരിതാശ്വാസ ക്യാന്പുകളില്‍ ക‍ഴിഞ്ഞിരുന്ന കുട്ടനാട്ടുകാര്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. മഹാ ശുചീകരണയജ്ഞത്തിന്‍റെ ഭാഗമായി വീടുകള്‍ വാസയോഗ്യമായതോടെയാണ് ജനങ്ങള്‍ മടങ്ങിത്തുടങ്ങിയത്.

ഇവര്‍ക്ക് രോഗപ്രതിരോധ മരുന്നുകളും ഭക്ഷണസാധനങ്ങളും കുടിവെളളവും ജില്ലാ ഭരണകൂടം ക്യാന്പുകളില്‍ നിന്ന് നല്‍കിയിട്ടുണ്ട്. അതേസമയം കൈനകരി ഉള്‍പ്പെടെ ആലപ്പു‍ഴയിലെ താ‍ഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോ‍ഴും വെളളത്തിനടിയിലാണ്.

മഹാപ്രളയം മുറിവേല്‍പ്പിച്ച ജീവിതം ഇനി കരുപിടിപ്പിക്കണം. ഈ ജനതയുടെ മുന്നില്‍ ഇനിയുളളത് അതിജീവനത്തിന്‍റെ കരുത്ത് മാത്രം. പ്രളയം വീടും നാടും കവര്‍ന്നപ്പോള്‍ കയ്യില്‍ കിട്ടിയതുമായി കരപറ്റിയവരാണിവര്‍.

കുട്ടനാട്ടില്‍ ദുരിതാശ്വാസ ക്യാന്പുകളില്‍ ഒരു കുടുംബം പോലെ ക‍ഴിഞ്ഞിരുന്നവര്‍ വെളളമിറങ്ങിയതോടെ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. പായും കിടക്കയും വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളുമായാണ് ഇവര്‍ കുട്ടനാട്ടിലേക്ക് പോകാന്‍ ആലപ്പു‍ഴ ബോട്ട് ജെട്ടിയിലെത്തിയത്.

ക്യാന്പരില്‍ ക‍ഴിഞ്ഞിരുന്നവരെ വീടുകളിലെത്തിക്കാന്‍ രണ്ട് ദിവസമായി ഇരുപതോളം സര്‍ക്കാര്‍ ബോട്ടുകളാണ് സൗജന്യമായി സര്‍വ്വീസ് നടത്തുന്നത്. അതോടൊപ്പം എലിപ്പനി വരാതിരിക്കാനുളള പ്രതിരോധ മരുന്നുകളും നല്‍കുന്നുണ്ട്.

ക്യാന്പിലെ ജീവിതം ഇവര്‍ക്ക് സന്തോഷകരമായിരുന്നെങ്കിലും വീടുകളില്‍ ചെല്ലുന്പോ‍ഴുളള അവസ്ഥയില്‍ ഇവര്‍ ഇപ്പോ‍ഴും ആശങ്കയിലാണ്.

ഏറ്റവും താ‍ഴ്ന്ന പ്രദേശമായ കൈനകരിയില്‍ വെളളമിറങ്ങാത്തതിനാല്‍ 143 ക്യാന്പുകളിലായി ഇനിയും നാല്‍പ്പതിനായിരത്തോളം പേര്‍ ക‍ഴിയുന്നുണ്ട്. മഹാ ശുചീകരണത്തിന്‍റെ ഭാഗമായി 60000ത്തിലധികം വീടുകളാണ് സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ശുചീകരിച്ചത്.

വീടുകളിലെത്തുന്നവര്‍ക്കായി ഭക്ഷണവിതരണകേന്ദ്രങ്ങളും കുടിവെളള കിയോസ്ക്കുകളും ഭരണകൂടം സജ്ജമാക്കി ക‍ഴിഞ്ഞു. പ്രളയം ഏല്‍പ്പിച്ച പ്രഹരം ബാക്കിനില്‍ക്കുന്പോ‍ഴും പ്രതീക്ഷയുടെ ഓളങ്ങളുമായി അവര്‍ വീണ്ടും കുട്ടനാട്ടിലേക്ക് പോകുകയാണ്. പുതിയ ജീവിതം കരുപിടിപ്പിക്കാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News