പ്രളയക്കെടുതി; വിദേശ സഹായം വാങ്ങുന്നത് സംബന്ധിച്ച് വിദേശ കാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തും; മഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് യോഗം വിളിക്കുമെന്നും മന്ത്രി രാജ്‌നാഥ് സിംഗ്

കേരളത്തിനാവശ്യമായ സഹായങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയും വിവിധ കേന്ദ്ര വകുപ്പ് പ്രതിനിധികളും പങ്കെടുക്കുന്ന യോഗം വിളിക്കുമെന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ്. കേരളത്തില്‍ നിന്നുള്ള എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

വിദേശ സഹായം വാങ്ങുന്നത് സംബന്ധിച്ച് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും എംപിമാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പ്രളയ ബാധിതമായ കേരളത്തിന് കേന്ദ്രം അനുവദിച്ച ധനസഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അപര്യാപത്മാണെന്നും കൂടുതല്‍ സഹായങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കേരളത്തിലെ സര്‍വകക്ഷി എംപിമാര്‍ വിവിധ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയത്.

പുനരധിവാസ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് എംപിമാര്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനോട് ആവശ്യപ്പെട്ടു.

കേരളത്തിന്റെ വിവിധ മേഘലകളിലുണ്ടായ നഷ്ടത്തിന് ഏത് രീതിയില്‍ സഹായം നല്‍കാം എന്ന് ചര്‍ച്ചചെയ്യാന്‍ രണ്ടാഴ്ചയ്ക്കകം മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് യോഗം സംഘടിപ്പിക്കാമെന്ന് എംപിമാര്‍ക്ക് ഉറപ്പ് ലഭിച്ചു

വിദേശ സഹായവിഷയത്തില്‍ എന്ത് ചെയ്യാനാകുമെന്ന് ആലോചിക്കാന്‍ വിദേശകാര്യമന്ത്രിയുമായി രാജ്‌നാഥ് സിംഗ് ചര്‍ച്ച നടത്തും.കേരളത്തിനധികമായി അനുവദിക്കപ്പെട്ട മണ്ണെണ്ണ, അരി എന്നിവയ്ക്ക് തുക ഈടാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും എംപിമാര്‍ കൂടിക്കാഴ്ചയില്‍ ചൂണ്ടിക്കാട്ടി.

മത്സ്യ തൊഴിലാളികള്‍ക്ക് കൂടുതല്‍ സൗജന്യ മണ്ണെണ്ണ,കൃഷി നാശം ഉണ്ടായവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം,ആരോഗ്യ മേഖലയില്‍ കൂടുതല്‍ സഹായം,വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വ്യവസ്ഥകളില്‍ ഇളവ് തുടങ്ങിയ ആവശ്യങ്ങളും എംപിമാര്‍ കേന്ദ്രമന്ത്രിമാര്‍ക്ക് മുന്നില്‍ ഉന്നയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News