കൊച്ചിക്കായലിൽ മുങ്ങിത്താണ യുവാവിന് പുനർജന്മം; ജീവന്‍ തിരിച്ച് കിട്ടിയത് പൊലീസിന്റെ സാഹസികമായ ഇടപെടലില്‍

തോപ്പുംപടി പോലീസിന്റെ സമയോചിതവും സാഹസികവുമായ ഇടപെടലിൽ കൊച്ചിക്കായലിൽ മുങ്ങിത്താണ യുവാവിന് പുനർജന്മം.

കുടുംബ പ്രശ്നങ്ങളെത്തുടർന്ന് കൊച്ചി, തോപ്പുംപടി പാലത്തിൽ നിന്നും കായലിലേക്ക് എടുത്തു ചാടി ആത്മഹത്യക്ക് ശ്രമിച്ച ആലപ്പുഴ മണ്ണംഞ്ചേരി സ്വദേശിയായ 40കാരനെയാണ് തോപ്പുംപടി പോലീസിന്റെ നൈറ്റ് പട്രോളിംഗ് വിഭാഗം രക്ഷപെടുത്തിയത്

പുലർച്ചേ ഒരു മണിയോടുകൂടിയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. തോപ്പുംപടി പാലത്തിനടുത്ത് കായലിൽ ഒരാളെ മുങ്ങിത്താഴുന്ന നിലയിൽ കാണുന്നതായി പോലീസ് സ്റ്റേഷനിൽ ഫോൺ സന്ദേശം ലഭിക്കുന്നു.

ഈ വിവരം ഉടൻ നൈറ്റ് പട്രോളിംഗിലുണ്ടായിരുന്ന പോലീസ്
ഉദ്യോഗസ്ഥർക്ക് കൈമാറി. ഉടൻ തന്നെ തോപ്പുംപടി പാലത്തിലെത്തിയ പോലീസ് ഉദ്യോഗസ്ഥർ അവശനിലയിൽ ഒഴുക്കിൽ മുങ്ങിത്താഴുന്ന ആളെ കണ്ടെത്തുകയും ചെയ്തു.

പാലത്തിൽ ആകെ ഉണ്ടായിരുന്ന ഒരു ലൈഫ് ബോയിൽ റോപ്പ് കെട്ടിയായിരുന്നു രക്ഷാഷാപ്രവർത്തനം . മുങ്ങിത്താണു കൊണ്ടിരുന്ന ആളെ ലൈഫ് ബോയിലും റോപ്പിലുമായി ബന്ധിച്ചു. ഇതേ സമയം നൈറ്റ് പട്രോളിoഗിലെ ഒരു ടീം ഹാർബറിൽ എത്തി .

എഞ്ചിൻ ഘടിപ്പിച്ച ഒരു വള്ളത്തിൽ റോപ്പിലും ലൈഫ് ബോയിലുമായി കുരുങ്ങി കിടന്നയാളുടെ അടുത്തെത്തി രക്ഷപ്പെടുത്തി കരക്കെത്തിച്ചതോടെയാണ് പോലീസിന് ആശ്വാസമായത് . ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപിച്ചു.

ഇത്തരം സംഭവങ്ങളിൽ രക്ഷാ ബോട്ടുകൾ ഇല്ലാത്തത് രക്ഷാപ്രവർത്തനങ്ങൾക്ക് താമസം നേരിടുന്നുവെന്ന് പോലീസ് തന്നെ സമ്മതിക്കുന്നു.

തോപ്പുംപടി സ്റ്റേഷനിലെ ASI ശ്രീജിത്ത്, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ രാജീവൻ, ആന്റോ, സനീഷ്, അരുൺ എന്നിവരുടെ കൃത്യവും സമയോചിതവുമായ ഇടപെടലാണ് മരണത്തിൽ നിന്നും യുവാവിനെ രക്ഷിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here