ജനങ്ങളെ ദ്രോഹിച്ച നോട്ട്‌ നിരോധനം ബിജെപിയുടെ കുത്സിത പ്രവൃത്തി; എം വി ജയരാജന്‍

നോട്ട്‌ നിരോധനം പൂർണ്ണ പരാജയമാണെന്ന് വ്യക്തമായ സാഹചര്യത്തിൽ നരേന്ദ്ര മോഡി മുതൽ സുരേന്ദ്രൻ വരെയുള്ളവരുടെ വീരവാദങ്ങൾ ജനങ്ങളെ പറ്റിക്കാൻ വേണ്ടിയായിരുന്നു എന്നതാണ്‌ തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്‌.

രാജ്യത്തെ ജനങ്ങളിൽ കള്ളപ്പണക്കാരുണ്ടെന്ന് പറഞ്ഞ്‌ നോട്ട്‌ നിരോധിച്ച ബി.ജെ.പി ഭരണകാലത്ത്‌, ബി.ജെ.പി അധ്യക്ഷൻ ഭരിച്ചുകൊണ്ടിരിക്കുന്ന ബാങ്കിലേക്കെത്തിയ നിക്ഷേപം 1500 കോടിയോളമാണെന്ന് പിന്നീട്‌ വ്യക്തമാവുകയുണ്ടായി.

ഇപ്പോൾ നോട്ട്‌ നിരോധനം പരാജയമാണെന്ന് ബോധ്യപ്പെടുക കൂടി ചെയ്തതോടെ എന്തിനുവേണ്ടിയാണ്‌ നോട്ട്‌ നിരോധിച്ചതെന്നത്‌ പുറത്തുവന്നിരിക്കുകയാണ്‌.

“50 ദിവസം എനിക്ക്‌ തരൂ, ഇല്ലെങ്കിൽ എന്നെ നിങ്ങൾക്ക്‌ പച്ചയ്ക്ക്‌ കൊളുത്താം ” എന്നാണ്‌ പ്രധാനമന്ത്രി വികാരഭരിതനായി പറഞ്ഞത്‌. ചാനൽ ചർച്ചയിൽ കേരളത്തിലെ ബി.ജെ.പി വക്താവ്‌ കെ സുരേന്ദ്രൻ പറഞ്ഞത്‌ ‘ ആകെ പിൻ വലിച്ച 14 ലക്ഷം കോടി നോട്ടുകളിൽ ഏറ്റവും ചുരുങ്ങിയത്‌ മൂന്ന് ലക്ഷം കോടി രൂപയുടെ കുറവ്‌ റിസർവ്വ്‌ ബാങ്കിനുണ്ടാകും എന്നാണ്‌.

അതായത്‌ ചുരുങ്ങിയത്‌ അത്രയും കോടിയുടെയെങ്കിലും കള്ളപ്പണം ഉണ്ടാകുമെന്നാണ്‌ പറഞ്ഞത്‌. തോമസ്‌ ഐസക്‌ പറഞ്ഞത്‌ ശരിയാവാൻ പോകുന്നില്ലെന്നും മൂന്ന് ലക്ഷം കോടിയുടെയെങ്കിലും കുറവുണ്ടായില്ലെങ്കിൽ പറയുന്നപണിയെടുക്കാൻ തയ്യാറാണെന്നും പരസ്യമായി ബി.ജെ.പി നേതാവ്‌ വെല്ലുവിളിച്ചതുമാണ്‌.

ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കണക്കുപ്രകാരം, ഏറേക്കുറേ പൂർണ്ണമായും തന്നെ പിൻ വലിച്ച നോട്ടുകൾ തിരിച്ചെത്തിയിരിക്കുന്നു എന്നാണ്‌. ബി.ജെ.പി നേതാക്കളുടെ വാദം അമ്പേ പരാജയപ്പെട്ടിരിക്കുന്നു. കോടികൾ ബി.ജെ.പി ബാങ്കിൽ എത്തിക്കാനുള്ള കുറുക്കൻ കൗശലമാണ്‌ രാജ്യത്തെ ജനതയെയാകെ പൊരിവെയിലത്തുനിർത്തി പീഡിപ്പിച്ച, നിരവധി ജീവനുകൾ കവർന്ന നോട്ട്‌ നിരോധനം എന്നുകൂടിയാണ്‌ തെളിഞ്ഞിരിക്കുന്നത്‌.

ജനങ്ങൾക്ക്‌, ബി.ജെ.പിക്കാരെപ്പോലെ വംശഹത്യ നടത്തി ശീലമില്ല; ഗർഭസ്ഥശിശുവിനെ ശൂലത്തിൽ കോർത്ത്‌ പച്ചയ്ക്ക്‌ തീക്കൊളുത്തിയ സംഘപരിവാർ പാരമ്പര്യവും ജനങ്ങൾക്കില്ല. നോട്ട്‌ നിരോധനം സ്വന്തം അമ്മയെവരെ വെയിലത്തുനിർത്തി ദ്രോഹിച്ച്‌ രാഷ്ട്രീയ നാടകം കളിച്ച പ്രധാനമന്ത്രി മോഡി, രാജ്യത്താകെയുള്ള ജനങ്ങളെ ദ്രോഹിച്ച കുറ്റം ഏറ്റെടുത്ത്‌, ഇനിയെങ്കിലും ജനങ്ങളെ ദ്രോഹിക്കാതിരിക്കാനായി രാഷ്ട്രീയ രംഗത്തുനിന്നും പിന്മാറാൻ തയ്യാറാകുമോ..?

സുരേന്ദ്രൻ ബി.ജെ.പിക്കൊത്ത വക്താവാണ്‌. ബീഫ്‌ കറി ഒറ്റയടിക്ക്‌ ഉള്ളിക്കറിയാക്കിയ ഇദ്ദേഹം ഇനിയിപ്പോൾ നോട്ട്‌ നിരോധനവുമായി ബന്ധപ്പെട്ടും പറഞ്ഞവാക്കിൽ നിന്നും മാറി ഗീബൽസിയൻ നുണകൾ നിർലജ്ജം പുറത്തുവിട്ടേക്കാം.

നോട്ട്‌ നിരോധനം പരാജയമായ സ്ഥിതിക്ക്‌, പറഞ്ഞപണിയെടുക്കാമെന്നാണ്‌ സുരേന്ദ്രൻ ചാനൽ ചർച്ചയിൽ പറഞ്ഞത്‌. അങ്ങനെ ഒരുപണി സുരേന്ദ്രന്‌ നൽകിയാൽ ആ മേഖലയേയും ബി.ജെ.പി നേതാവ്‌ മോശമാക്കില്ലെന്ന് ആരുകണ്ടു. എന്തായാലും നിലവിലുള്ള അവസ്ഥയിൽ നിന്നുമാറി പറഞ്ഞപണിയെടുക്കും എന്ന് പറഞ്ഞ സുരേന്ദ്രൻ, വാക്കുപാലിച്ച്‌, രാഷ്ട്രീയരംഗത്തുനിന്ന് സ്വമേധയാ മാറിനിൽക്കാൻ തയ്യാറാകുമോ..?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News