ഏത് പൂട്ടും തുറക്കുന്ന അപ്പൂട്ട്യേട്ടന്‍; താക്കോല്‍ നഷ്ടപ്പെട്ടവരുടെ ദൈവം

ഒറിജിനല്‍ ചാവി നഷ്ടപ്പെട്ടാല്‍ ദുഖിക്കേണ്ട. പൂട്ടുകള്‍ അപ്പൂട്ട്യേട്ടന്‍ തുറന്നു തരും. പതിറ്റാണ്ടുകളായി പയ്യന്നൂര്‍ സ്വദേശിയായ ഈ മനുഷ്യന്‍റെ ജീവിതം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത് പൂട്ടുകള്‍ക്കും താക്കോലുകള്‍ക്കും വേണ്ടിയാണ്. നമുക്ക് മുന്നില്‍ പലപ്പോ‍ഴും നിസ്സാരരെന്ന് തോന്നുന്ന മനുഷ്യര്‍ വലിയ അല്‍ഭുതങ്ങളും ആശ്രയങ്ങളുമാകുന്നത് ഇങ്ങനെയൊക്കെയാണ്.

പ്രമുഖ തിരക്കഥാകൃത്ത് സുരേഷ് പൊതുവാളിന്‍റെ ഫേസ് ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ അപ്പുട്ട്യേട്ടനെ താരമാക്കിയിരിക്കുന്നത്. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ വായിക്കാം:

“ഒറിജിനൽ ചാവികൾ നഷ്ടപ്പെട്ടുപോയ അലമാരകൾക്ക്, ഡ്യൂപ്ലിക്കേറ്റ് ചാവികൾ ഉണ്ടാക്കാൻ ഇറങ്ങിയതായിരുന്നു ഞാൻ, പയ്യന്നുർ ബസാറിലേക്ക്. ഒറിജിനൽ ചാവി കയ്യിലുണ്ടെങ്കിൽ, അതിന് ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കിത്തരുന്ന സംവിധാനം മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളൂ. ഒടുവിൽ ഗത്യന്തരമില്ലാതെ നിൽക്കുമ്പോഴാണ്, ജൂബിലി കോംപ്ലെക്സിലെ ഒരു കടയിൽ നിന്നും, അപ്പൂട്ട്യേട്ടനെക്കുറിച്ച് കേൾക്കുന്നത് . കേൾക്കേണ്ട താമസം, പയ്യന്നൂർ ഗവണ്മെന്റ് ആശുപത്രിക്ക്‌ സമീപമുള്ള അപ്പൂട്ട്യേട്ടന്‍റെ വീട് തപ്പിപ്പിടിച്ച് ഞാൻ ചെന്നു.

ഭേദപ്പെട്ട വീടിന്‍റെ മുറ്റത്ത് വയോവൃദ്ധനായ ഒരു മനുഷ്യൻ
കർമ്മ നിരതനായിരിക്കുന്നു. കാര്യമറിയിച്ചതും, ഊർജ്ജ സ്വലതയോടെ എഴുന്നേറ്റ്, തന്‍റെ സ്ഥിരം പണിയായുധങ്ങളുമെടുത്ത് അപ്പൂട്ട്യേട്ടൻ കൂടെ വന്നു. വീട്ടിലെ ചാവികൾ നഷ്ടപ്പെട്ടുപോയ അലമാരകളുടെയെല്ലാം പൂട്ടുകൾ അപ്പൂട്ട്യേട്ടൻ നിസ്സാരമായി അഴിച്ചെടുത്തു.

ഇതിനിടയിൽ വിശദമായി പരിചയപ്പെട്ടപ്പോഴാണറിഞ്ഞത്,
എന്‍റെ പ്രശ്നമൊക്കെ അപ്പൂട്ട്യേട്ടന് നിസ്സാരം. പൂട്ടും താക്കോലുകളുമായി ബന്ധപ്പെട്ട ഇതിലും എത്രയോ ഗൗരവമുള്ള പ്രശ്നങ്ങൾക്ക്, ഞൊടിയിടയിൽ തീർപ്പുണ്ടാക്കിത്തരുന്ന പയ്യന്നൂരിലെ ഒരു പ്രസ്ഥാനമാണ് അപ്പൂട്ട്യേട്ടൻ !

കാലങ്ങളായി എന്നെപ്പോലെ നിരവധിപേർ, നിത്യവും അപ്പൂട്ട്യട്ടനെ തിരഞ്ഞു വീട്ടിലെത്തുന്നു. താക്കോൽ കളഞ്ഞുപോയ വീടോ ഓഫീസോ, അറിയാതെ അടഞ്ഞു പോയ ബാത്ത്റൂമോ ലോക്കറോ ഒക്കെ തുറക്കാൻ . ഒരു ആവശ്യം വന്നപ്പോഴാണ് ഞാൻ തന്നെ മനസ്സിലാക്കിയതെന്ന് ചുരുക്കം.

അഴിച്ചെടുത്ത പൂട്ടുകളുമായി വേച്ചുവേച്ച് നടന്നുപോയ ആ മനുഷ്യൻ, കൃത്യം രണ്ടു ദിവസങ്ങൾക്കുശേഷം തിരിച്ചു വന്നു. കൊണ്ടുപോയ പൂട്ടുകൾക്കെല്ലാം നല്ല ഒന്നാന്തരം ഒറിജിനൽ താക്കോലുകളുമായി.

അപ്പൂട്ട്യേട്ടൻ ഫിറ്റ്‌ ചെയ്തുതന്ന ആ പൂട്ടുകളും താക്കോലുകളും വെച്ച്, ഞങ്ങളാ അലമാരകൾ ഉപയോഗിച്ചുതുടങ്ങിയിട്ടിപ്പോൾ മാസങ്ങളായി.

എങ്കിലും ആ മനുഷ്യന്‍റെ ചിത്രം മനസില്‍ നിന്ന് മായുന്നില്ല . ഇങ്ങനെ വിലമതിക്കാനാവാത്ത എത്രയെത്രതരം മനുഷ്യരാണ്, സാധാരണക്കാരായി, നമുക്കിടയിൽ ജീവിക്കുന്നത്, അല്ലേ ? സമൂഹമെന്ന വലിയ അലമാരയ്ക്കകത്ത് വെറും നിസ്സാരന്മാരായി, അവർ ഒളിഞ്ഞിരിക്കുകയാണ് . നമ്മളവരെ അറിയുന്നില്ല , ശ്രദ്ധിക്കുന്നില്ല. നമ്മുടെ കണ്ണുകൾക്ക് എന്താണ് പറ്റിയത് ? നേർ കാഴ്ച്ചയുടെ താക്കോലുകൾ എവിടെയാണ് കളഞ്ഞുപോയത് ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News