മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെ ന്യായീകരിച്ച് മഹാരാഷ്ട്രാ പൊലീസ്

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെ ന്യായീകരിച്ച് മഹാരാഷ്ട്രാ പൊലീസ്. മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് വ്യക്തമായി തെളിവുകളോടെയെന്ന് മഹാരാഷ്ട്ര പൊലീസ് ഡയറക്ടര്‍ ജനറല്‍ പരം ബീര്‍ സിംഗ്.

മനുഷ്യാവകാശ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ വയ്ക്കുന്നത് തടഞ്ഞ് സുപ്രീംകോടതി ഉത്തരവ് വന്ന ശേഷം ഇതാദ്യമായാണ് വിഷയത്തില്‍ നിലപാടുമായി മഹാരാഷ്ട്രാപൊലീ്‌സും സര്‍ക്കാരും രംഗത്ത് വന്നത്.

അറസ്റ്റ് ചെയ്യപ്പെട്ട 5 മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെയും വ്യക്തമായ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളുണ്ടെന്നാണ് മഹാരാഷ്ട്ര പൊലീസിന്റെ വാദം.

മാവോയിസ്റ്റ് പാര്‍ട്ടിയുമായി അടുപ്പം മാത്രമല്ല മാവോയിസ്റ്റ് പാര്‍ട്ടി നിര്‍ദേശങ്ങളും ഇവര്‍ ഏറ്റെടുത്തതായി മഹാരാഷ്ട്ര പൊലീസ് ആരോപിക്കുന്നു. 5 പേര്‍ക്കെതിരെ കേസെടുത്തതും അറസ്റ്റ് ചെയ്തതും തെളിവുകളുടെ അടിസ്ഥാനത്തിലാണ്.

അറസ്റ്റിലായവര്‍ ഡിസംബര്‍ 31 നടന്ന എല്‍ഗര്‍ പരിഷത് പ്രസംഗത്തില്‍ വിദ്വേഷകരമായി പ്രസംഗം നടത്തിയതിന് തെളിവുകളുണ്ടെന്നും മഹാരാഷ്ട്ര പൊലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പരം ബീര്‍ സിംഗ് പറഞ്ഞു.

ഇവര്‍ നടത്തിയ കത്തിടപാടുകളും സംഭാഷണങ്ങളും രാജീവ് ഗാന്ധി വധം പോലെ വലിയ പദ്ധതിയുടെ സൂചന നല്‍കുന്നതായാണ് മഹാരാഷ്ട്ര പൊലീസിന്റെ അവകാശവാദം.

അതേസമയം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരായ നടപടി നിയമപരമായാണ് മുന്നോട്ട് കൊണ്ടുപോയതെന്ന മുന്‍നിലപാട് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിപക് കെസര്‍ക്കര്‍ ഇന്ന് ആവര്‍ത്തിച്ചു.

മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരായ മഹാരാഷ്ട്രാ സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധം ഉയരുമ്പോഴും വേട്ടയാടല്‍ അവസാനിപ്പിക്കില്ലെന്ന സൂചന തന്നെയാണ് മഹാരാഷ്ട്ര പൊലീസ് മേധാവിയുടെ പ്രസ്താവന നല്‍കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here