പ്രളയത്തെ തുടര്‍ന്ന് അടിഞ്ഞ മാലിന്യങ്ങള്‍ ശുചിത്വ മിഷനുമായി ചേര്‍ന്ന് സംസ്കരിക്കും: എറണാകുളം ജില്ലാ കലക്ടര്‍ വൈ സഫീറുള്ള

എറണാകുളം ജില്ലയില്‍ പ്രളയത്തെ തുടര്‍ന്ന് അടിഞ്ഞ മാലിന്യങ്ങള്‍ ശുചിത്വ കേരള മിഷനുമായി ചേര്‍ന്ന് സംസ്കരിക്കുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

ഇതിനായി ജൈവമാലിന്യങ്ങളും അജൈവമാലിന്യങ്ങളും പഞ്ചായത്തടിസ്ഥാനത്തില്‍ വേര്‍തിരിച്ച് ശേഖരിക്കുമെന്നും എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു.

വെള്ളമിറങ്ങിയതോടെ എറണാകുളം ജില്ലയില്‍ വലിയതോതിലാണ് മാലിന്യം കുമിഞ്ഞ് കൂടിയത്. പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച പറവൂര്‍ താലൂക്കിലെ ചില വാര്‍ഡുകളില്‍ മാത്രം അഞ്ച് ടണ്ണിലധികം മാലിന്യമാണ് അടിഞ്ഞത്.

മൃഗങ്ങളുടെ ജഡങ്ങള്‍ നേരത്തെ തന്നെ ജില്ലാഭരണകൂടം സംസ്കരിച്ചിരുന്നു. ബാക്കിയുള്ള ജൈവമാലിന്യങ്ങള്‍ ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍ എന്നിവയുടെ പങ്കാളിത്തത്തോടെ ശാസ്ത്രീയമായി സംസ്കരിക്കും.

ഇതിനായി പഞ്ചായത്തടിസ്ഥാനത്തില്‍ കളക്ഷന്‍ സെന്‍ററുകള്‍ തുറക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു.

അജൈവ മാലിന്യങ്ങളായ കിടയ്ക്കകള്‍, ഗ്ലാസ്, സെറാമിക് അവശിഷ്ടങ്ങള്‍ എന്നിവ പ്രത്യേകം വേര്‍തിരിച്ച് ശേഖരിക്കും.

ഇവ പുനചംക്രമണം ചെയ്യാനാവശ്യമായ നടപടികള്‍ സ്വീകരിച്ച് വരുന്നതായും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. വേര്‍തിരിച്ച് കൊണ്ട് വരുന്ന മാലിന്യങ്ങള്‍ കളക്ഷന്‍ സെന്‍ററുകളില്‍ ശേഖരിക്കുന്നുണ്ട്.

ആറായിരത്തിലധികം ആളുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിലവില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here