പാചകവാതകത്തിന്‍റെ വില കുത്തനെ വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍.സബ്സിഡിയില്ലാത്ത സിലിണ്ടറിന് 30രൂപ വര്‍ധിപ്പിച്ച് 812 രൂപയായി. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 47രൂപയാണ് കൂട്ടിയത്. അതേ സമയം ഇന്ധന വിലയും കുതിച്ചുയര്‍ന്നു.തലസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 82 രൂപയും ഡീസലിന് 75 രൂപയുമാണ് ഇന്നത്തെ വില.
സംസ്ഥാനം രൂക്ഷമായ പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തിലാണ് ഇരുട്ടടി പോലെ കേന്ദ്രസര്‍ക്കാര്‍ പാചകവാതകത്തിന് വിലകൂട്ടിയത്.സബ്സിഡിയില്ലാത്ത സിലിണ്ടറിന് 30 രൂപയാണ് വര്‍ധിപ്പിച്ചത്.നേരത്തെ 782 രൂപ 50 പൈസ യുണ്ടായിരുന്ന സിലിണ്ടറിന് ഇപ്പോള്‍ 812രൂപ 50 പൈസയാണ് വില.
വാണിജ്യാവശ്യത്തിനുപയോഗിക്കുന്ന സിലിണ്ടറിന് 1363രൂപ 50 പൈസയായിരുന്നു വില.എന്നാലിപ്പോള്‍ ഈ സിലിണ്ടറിന് 47 രൂപ വര്‍ധിപ്പിച്ച് 1410 രൂപ 50 പൈസയായി.അതേ സമയം സബ്സിഡി തുക 279 രൂപയില്‍ നിന്നും 308 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.എങ്കിലും സബ്സിഡിയുള്ള സിലിണ്ടര്‍ വാങ്ങുന്നവര്‍ക്കും 1 രൂപയുടെ വര്‍ധനവ് നേരിടേണ്ടി വരും.ഇതിനിടെ സംസ്ഥാനത്ത് ഇന്ധനവിലയും കുതിച്ചുയര്‍ന്നു.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 82 രൂപയാണ് ഇന്നത്തെ വില.ഡീസലിനാകട്ടെ 75 രൂപയും.റെക്കോഡ് വിലവര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് ഇന്ധന വിതരണ ഏജന്‍സികള്‍ പറയുന്നത്.കഴിഞ്ഞ മെയ് മാസത്തില്‍ ഡീസലിന് 74 രൂപയായി ഉയര്‍ന്നിരുന്നു.
മൂന്ന് മാസത്തിനിടെയാണ് ഒന്നര രൂപയുടെ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.രൂപയുടെ മൂല്യമിടിഞ്ഞതാണ് വിലവര്‍ധനവിന് പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍.ഇനിയും വിലകൂടാന്‍ സാധ്യതയുണ്ടെന്നാണ് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.
Get real time update about this post categories directly on your device, subscribe now.