ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പില്‍ കേരളത്തിന് 4 ദേശീയ പുരസ്‌ക്കാരങ്ങള്‍; രാജ്യത്തെ മികച്ച 12 പഞ്ചായത്തുകളില്‍ ബുധനൂരും

തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിന്  4 ദേശീയ പുരസ്‌ക്കാരങ്ങള്‍. സംസ്ഥാനങ്ങള്‍ക്ക് 9 വിഭാഗങ്ങളിലായാണ്  ദേശീയ അവാര്‍ഡുകള്‍ നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം 2 വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍  ലഭിച്ചത്.

ഇത്തവണ കേരളത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ ജലസംരക്ഷ പ്രവര്‍ത്തനങ്ങളിലെ മികച്ച ഇടപെടലുകള്‍ക്കാണ് രാജ്യത്ത് കേരളം ഒന്നാം സ്ഥാനം നേടിയത്. അതോടൊപ്പം തന്നെ തൊഴിലുറപ്പ് കൂലി സമയബന്ധിതമായി വിതരണം ചെയ്യുന്നതിന് മൂന്നാം സ്ഥാനവും നേടി.

കഴിഞ്ഞ സാമ്പത്തീക വര്‍ഷം 97.35 % വേതനവും സമയബന്ധിതമായി അനുവദിച്ചാണ് കേരളം ഈ നേട്ടം കൊയ്തത്. തൊഴിലുറപ്പ് പദ്ധതി മാതൃകാപരമായി നടപ്പിലാക്കിയതില്‍ ഗ്രാമ പഞ്ചായത്ത് തലത്തില്‍ രാജ്യത്തെ മികച്ച 12 പഞ്ചായത്തുകളില്‍ ആലപ്പുഴ ജില്ലയിലെ ബുധനൂര്‍ പഞ്ചായത്തും ഇടം പിടിച്ചു.

വിയ്യപുരം പഞ്ചായത്ത് 2016-17 ലും,   മാവൂര്‍ പഞ്ചായത്ത് 2015-16ലുമാണ് ഇതിന് മുന്‍പ് ഈ നേട്ടം നേടിയത്.   നഗ്നപാദ സാങ്കേതിക വിദഗ്ദ്ധരെ ഉപയോഗപ്പെടുത്തി തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ ദേശീയ തലത്തില്‍ നാലാം സ്ഥാനവും ഇത്തവണ നേടി.

2017-18 സാമ്പത്തീക വര്‍ഷം അനുവദിച്ചതിലും 137% തൊഴില്‍ ദിനങ്ങള്‍ അധികം സൃഷ്ടിച്ചാണ് കേരളം മാതൃക സൃഷ്ടിച്ചത്.

തൊഴിലുറപ്പ് പദ്ധതിയില്‍ സര്‍ക്കാരിന്റെ മികച്ച ഇടെപെടലുകളും, തൊഴിലാളികളുടേയും ജീവനക്കാരുടേയും ആത്മാര്‍ത്ഥമായ പരിശ്രമവുമാണ് വിജയത്തിന് പിന്നിലെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News