പച്ച പുതച്ച പുല്‍മേടുകള്‍ മേഘങ്ങളോട് കഥ പറയുന്ന സ്വര്‍ഗം…പൊന്മുടി പ്രകൃതിയുടെ വശ്യസൗന്ദര്യം……ഭൂമിയിലെ എല്ലാ സൗന്ദര്യത്തിന്‍റെയും സമന്വയം..

കല്ലുകള്‍ പോലും കഥ പറയുന്ന വഴികള്‍…മലനിരകളോട് കുണുങ്ങിച്ചിരിക്കുന്ന പൊന്മുടി…
നക്ഷത്രങ്ങള്‍ ഭൂമിയിലേക്ക് ഇറങ്ങിവന്ന അനുഭവമാണ് പൊന്മുടി സമ്മാനിക്കുന്നത്…

പച്ചപ്പില്‍ തീര്‍ത്ത കൊട്ടാരങ്ങള്‍…പുല്‍മേടുകളില്‍ നൃത്തം ചെയ്യുന്ന പക്ഷികള്‍….വാക്കുകളാല്‍ പൊന്മുടിയെ വര്‍ണിക്കാനാവില്ല… വര്‍ണിക്കാനാവില്ല.

തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് വിതുര വഴി കല്ലാറിലെത്തി അവിടെനിന്നും 22 ഹെയര്‍പിന്‍ വളവുകളും കഴിഞ്ഞ് പൊന്മുടിയുടെ ഉയരത്തിലെത്തുമ്പോള്‍ അവിടെ നമുക്കായി കാത്ത്‌വെച്ചിരിക്കുന്നത് പ്രകൃതിയുടെ വന്യമനോഹാരിതയാണ്.

വിതുര ടൗണ്‍ കഴിയുമ്പോള്‍ മുതല്‍ ആരംഭിക്കും പ്രകൃതിയുടെ മുന്നൊരുക്കങ്ങള്‍. റോഡിന് സമാന്തരമായി ഒഴുകുന്ന വാമനപുരം നദിയുടെ തുടക്കമായ കല്ലാര്‍. ആ യാത്ര എത്തി നില്‍ക്കുന്നത് ഗോള്‍ഡന്‍ വാലിയെന്ന് യാത്രക്കാര്‍ വിളിക്കുന്ന പൊന്മുടിയുടെ ചുവട്ടിലാണ്..

തേയിലത്തോട്ടങ്ങള്‍ക്ക് നടുവിലൂടെ ഒരുവശം കൊക്കയും മറുവശം കുത്തുകയറ്റവുമായ റോഡിലൂടെയുള്ള യാത്ര കാഴ്ചകളുടെ പല വൈവിദ്ധ്യങ്ങളും കാട്ടിത്തരും. ഈ യാത്രയിലാണ് പൊന്‍മുടി യാത്രയുടെ യഥാര്‍ത്ഥ സൗന്ദര്യമായ ഹെയര്‍പിന്‍ വളവുകള്‍.

22 ഹെയര്‍പിന്‍ വളവുകളാണ് നാം പൊന്മുടിയുടെ മുകളിലെത്തുന്നതിന് മുമ്പ് പിന്നിടേണ്ടത്.
അറ്റം കൂര്‍ത്ത കുന്നുകളും പുല്‍മേടുകളും വനവുമൊക്കെയായി കാഴ്ചയുടെ ഒരു സദ്യതന്നെ പൊന്മുടി സഞ്ചാരികള്‍ക്കായി കരുതി വെച്ചിട്ടുണ്ട്..

സമീപ റെയില്‍വേ സ്‌റ്റേഷന്‍ : തിരുവനന്തപുരം 61 കി. മീ.
സമീപ വിമാനത്താവളം : തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഏകദേശം 67 കി. മീ.