എലിപ്പനി: സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തം

മഴക്കെടുതിയുമായി ബന്ധപ്പെട്ട ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെട്ടവരും ഏതെങ്കിലും രീതിയിൽ മലിനജലവുമായി ബന്ധപ്പെടുന്നവരും എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

മലിനജല സമ്പർക്കമുണ്ടായാൽ പ്രതിരോധഗുളിക കഴിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം.

എലിപ്പനി സാധ്യതയുള്ള കേസുകളിൽ സാധാരണ പനിക്കുള്ള മരുന്ന് നൽകി രോഗികളെ പറഞ്ഞയക്കാതിരിക്കാൻ ഡോക്ടർമാരും ആശുപത്രി അധികൃതരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സർക്കാർ ആശുപത്രികൾക്ക് നൽകി.

സ്വകാര്യആശുപത്രികളും ഇക്കാര്യം ഗൗരവമായെടുക്കണം. എലിപ്പനി പ്രതിരോധ ഗുളികകൾ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് ഉറപ്പുവരുത്തണം. തുടക്കത്തിൽത്തന്നെ പ്രതിരോധമരുന്ന് കഴിച്ചില്ലെങ്കിൽ ദിവസങ്ങൾക്കകം മരണംവരെ സംഭവിക്കാമെന്നതിനാലാണ് ചികിത്സയുടെകാര്യം ഗൗരവത്തിലെടുക്കണമെന്ന് പറയുന്നത്.

എലിപ്പനി പ്രതിരോധ മരുന്ന് ആശുപത്രികളിൽനിന്ന് യഥേഷ്ടം ലഭിക്കുമെങ്കിലും അവ വാങ്ങിക്കഴിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്.

ഡെങ്കിപ്പനിക്ക‌് കാരണമാകുന്ന ഈഡിസ് ഈജിപ്തി കൊതുകുകൾ കനത്ത മഴയിൽ ഇല്ലാതായതുകാരണം രോഗം തൽക്കാലം മാറിനിന്നിട്ടുണ്ടെങ്കിലും മഴ നിലച്ചതോടെ തിരിച്ചുവരാനുള്ള സാധ്യത മുന്നിൽ കാണണം.

പരിസര ശുചിത്വം ഉറപ്പാക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുക്കണം. ആരോഗ്യ ജാഗ്രതാ ക്യാംപയിനും ശക്തിപ്പെടുത്തണം. 20 വീടുകൾക്ക് ഒന്ന് എന്ന രീതിയിൽ ആരോഗ്യസേനയുടെ പ്രവർത്തനം എല്ലായിടത്തും ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു.

ജലജന്യ രോഗങ്ങൾക്ക് സാധ്യതയേറെയുള്ള നിലവിലെ സാഹചര്യത്തിൽ കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയവ പിടിപെടാതിരിക്കാനുള്ള മുൻകരുതലുകൾ എല്ലാവരും കൈക്കൊള്ളണം.

പ്രളയക്കെടുതിമൂലം ഒറ്റപ്പെട്ടുപോയതും മെഡിക്കൽ സേവനങ്ങൾ ലഭ്യമല്ലാത്തതുമായ പ്രദേശങ്ങളിൽ അടിയന്തരമായി 260 താൽക്കാലിക ആശുപത്രികൾ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു. രണ്ടു ദിവസംകൊണ്ടാണ് ശ്രമകരമായ ദൗത്യം നിർവഹിച്ചത്.

വാടകക്കെട്ടിടങ്ങളിലും മറ്റുമായി 30 ദിവസത്തേക്കാണ് ഇവ പ്രവർത്തനമാരംഭിച്ചത‌്. താൽക്കാലിക സൗകര്യങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ചിലയിടങ്ങളിൽകൂടി രണ്ടുദിവസത്തിനകം താൽക്കാലിക ആശുപത്രികൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News