നിരാശ വേണ്ട; പ്രളയത്തില്‍ ഒഴുകിവന്ന മണ്ണില്‍ കനകം വിളയിക്കാം: കൃഷി വകുപ്പ്

ജില്ലയെ ഗ്രസിച്ച മഹാപ്രളയത്തില്‍ ഉണ്ടായ നഷ്ടം വിലമതിക്കാനാവാത്തതാണ്. പ്രളയശേഷം ദുരിതതത്തില്‍ നിന്ന് കരകയറുവാന്‍ ശ്രമിക്കുന്നവര്‍ക്ക് സര്‍ക്കാരും സന്നദ്ധ സംഘടനകളും ഏറെ സഹായങ്ങള്‍ നല്‍കുന്നുണ്ട്.

ഈ പ്രതിസന്ധികളിലും മഹാപ്രളയം നമുക്ക് ദാനമായി നല്‍കിയ ഫലഭൂയിഷ്ടമായ മണ്ണ് കൃഷിക്ക് ഉപയുക്തമാക്കിയാല്‍ വളപ്രയോഗം കൂടാതെ വരും വര്‍ഷങ്ങളില്‍ വലിയ വിളവ് ലഭിക്കും. പ്രതിസന്ധികള്‍ക്കിടയിലും ഈ സാധ്യ ത ഉപയോഗപ്പെടുത്താന്‍ കര്‍ഷകര്‍ മുന്നോട്ടുവരണമെന്ന് കൃഷി വകുപ്പ് അധികൃതര്‍ അറിയിച്ചു.

1924ലെ വെള്ളപ്പൊക്കത്തിനു ശേഷം ഇന്നോളമുണ്ടായിട്ടില്ലാത്ത പ്രളയമാണ് ഇത്തവ ണ ഉണ്ടായത്. നമ്മുടെ മണ്ണില്‍ നിന്നും നഷ്ടപ്പെട്ടുപോയ ഉര്‍വ്വരത തിരികെ കിട്ടിയ സന്തോഷത്തിലാണ് വള്ളിക്കോട് ഗ്രാമത്തിലെ പ്രഭാകരന്‍ എന്ന കര്‍ഷകന്‍.

ഒരു റിട്ടയര്‍ഡ് അധ്യാപകന്‍ കൂടി ആയ ഇദ്ദേഹം 1924 ലെ വെള്ളപ്പൊക്കത്തില്‍ പാടശേഖരങ്ങളിലൂടെ പത്തായങ്ങള്‍ ഒഴുകി നടന്നതും വെള്ളമിറങ്ങിയ ശേഷം പ്രകൃതിദത്തമായി പൂട്ടി അടിച്ചു കിട്ടിയ പാടത്ത് നെല്‍ വിത്തെറിഞ്ഞ് ഭീമമായ വിളവ് ലഭിച്ചതും തന്റെ പിതാവില്‍ നിന്നും കേട്ടറിഞ്ഞത് ഇന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നു.

ലഭിച്ച അവസരം പാഴാക്കാതെ മൂന്നാള്‍ പൊക്കത്തില്‍ വെള്ളം കയറിയ തന്റെ പാടത്ത് അടിഞ്ഞു കൂടിയിരിക്കുന്ന ‘എക്കല്‍’ മുതലാക്കി വിത്തു വിതയ്ക്കാനുള്ള തയ്യാറെടുപ്പിലാണദ്ദേഹം. നൂറുമേനി വിളവ് പ്രതീക്ഷിച്ച് ഇതുപോലെ വിത്തിറക്കാന്‍ തയ്യാറായി നില്‍ക്കുന്ന കര്‍ഷകര്‍ വേറെയുമുണ്ട്.

ഈ മേഖലയിലെ പലപാടങ്ങളും വിത്തിറക്കാന്‍ പാകമായ നിലയില്‍ പ്രകൃതിദത്തമായി നിലമൊരുക്കിയിരിക്കുന്നു. റോഡുകളുടെയും തോടുകളുടെയും ഇരുകരകളിലും ഈ പ്രളയം പ്രതിഫലേച്ഛ കൂടാതെ നിക്ഷേപിച്ചിരിക്കുന്ന ജൈവമണ്ണ് (ഹ്യൂമസ്) അമൂല്യമാണ്. ഭാവിയിലേക്കുള്ള കരുതല്‍ ധനമാണ്.

ദീര്‍ഘനാളുകള്‍ കൊണ്ട് രൂപപ്പെടുന്ന ഈ ഹ്യൂമസ് അഥവാ ജൈവമണ്ണ് നമുക്ക് കരുതിവയ്ക്കാം. ഇത് മണ്ണിലെ ജൈവാംശം വര്‍ദ്ധിപ്പിച്ച് മണ്ണിന്റെ ഘടനയും, മണ്ണിലെ ഈര്‍പ്പവും നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. കൂടാതെ മൂലകങ്ങള്‍ നഷ്ടപ്പെടാതെ വിളകള്‍ക്ക് ലഭ്യമാക്കുന്നു.

ചെളിയെന്ന് പഴിചാരി റോഡിലും തോട്ടിലും പുഴയിലും തിരികെ കളയരുതെ ! നമുക്ക് ഇത് ഉപയോഗിക്കാം. എങ്ങനെയൊക്കെ? ഗ്രോബാഗുകള്‍ നിറയ്ക്കുന്നതിന്, പച്ചക്കറി വിത്തുകള്‍ പാകുന്നതിന്, തൈകള്‍ നടുന്നതിന്. അന്യായവില കൊടുത്ത് ചുവന്നമണ്ണ് വാങ്ങുന്നതിനുപകരം എക്കല്‍ ഉപയോഗിക്കാം.

ജില്ലയിലെ മൂന്ന് ഫാമുകള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. കൂടാതെ ഈ മണ്ണ് പുരയിടങ്ങളില്‍ ഉഴുതു ചേര്‍ത്ത് ഫലപുഷ്ടി വര്‍ദ്ധിപ്പിക്കാം.
പ്രളയത്തിലും പ്രത്യാശയിലാണ് കര്‍ഷകര്‍, കാരണം മണ്ണിന്റെ ഫലപുഷ്ടിയാണ് തിരിച്ചുകിട്ടിയിരിക്കുന്നത്.

അടുത്ത മഴ ചതിച്ചില്ലെങ്കില്‍ പുന്നെല്ലിന്റെയും ജൈവ പച്ചക്കറികളുടെയും ഒരു വലിയ വിളവ് കൃഷി വകുപ്പ് പ്രതീക്ഷിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News