വീണ്ടും കേരളം മാതൃകയാകുന്നു; ഒരു വിഷയത്തിന്മേൽ ഇത്ര നീണ്ട ചർച്ച നിയമസഭയിൽ മുമ്പുണ്ടായിട്ടില്ല; പ്രളയത്തിനു പിന്നാലേ ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തെ വിലയിരുത്തി പാർലമെന്ററി കാര്യ മന്ത്രി എ കെ ബാലൻ

ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തെ അഭിമുഖീകരിച്ച കേരളം ഉയിർത്തെഴുന്നേൽപ്പിന്റെ മഹാസംരംഭത്തിന് തയ്യാറെടുക്കുകയാണ്. ആ തയ്യാറെടുപ്പിന് കരുത്ത് പകരാനാണ് നിയമസഭ അടിയന്തരമായി ചേരാനും സമഗ്രമായ ചർച്ച നടത്താനും തീരുമാനിച്ചത്.

വ്യാഴാഴ്ച ചേർന്ന സഭ എട്ടേമുക്കാൽ മണിക്കൂർ നാം അഭിമുഖീകരിച്ച ദുരന്തത്തെക്കുറിച്ച് ചർച്ച ചെയ്തു. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ സഭ മുമ്പും ചേർന്നിട്ടുണ്ടെങ്കിലും ഒരു വിഷയത്തിന്മേൽ ഇത്ര നീണ്ട ചർച്ച സഭയിൽ ഇതിനുമുമ്പ‌് ഉണ്ടായിട്ടില്ല.

കേരളം എന്നും ലോകത്തിന് മാതൃകയാണ്. കാലവും ചരിത്രവും സാക്ഷിയായ പ്രളയമെന്ന മഹാദുരന്തത്തിൽനിന്ന‌് എങ്ങനെയാണ് കേരളം പുതുക്കിപ്പണിയുന്നതെന്നും പ്രതിസന്ധികളെ നേരിടാൻ ഒരു ജനത എങ്ങനെയാണ് കൈകോർക്കുന്നതെന്നും മറ്റൊരു മാതൃകകൂടി ലോകത്തിന് കാട്ടിക്കൊടുക്കാൻ പോവുകയാണ് നമ്മുടെ ഈ കൊച്ചു നാട്.

ദുരന്തനിവാരണത്തിന്റെ രണ്ടുഘട്ടം നാം പൂർത്തിയാക്കി ‐ രക്ഷാപ്രവർത്തനവും ദുരിതാശ്വാസവും. പുനരധിവാസവും പുനർനിർമാണവുമെന്ന മൂന്നാംഘട്ട പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കുകയാണ്. നവകേരള സൃഷ്ടിക്കുള്ള ക്രിയാത്മക നിർദേശങ്ങളും വിദഗ്ധ അഭിപ്രായങ്ങളും തേടാനാണ് പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ തീരുമാനിച്ചത്.

നിമയസഭാ ചട്ടം 130 അനുസരിച്ച് മുഖ്യമന്ത്രി അവതരിപ്പിച്ച ഉപക്ഷേപത്തിന്മേലാണ് ചർച്ച നടന്നത്. കനത്ത കാലവർഷവും അതിനെത്തുടർന്ന് ഉണ്ടായ ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളും കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ നിരന്തരം സംസ്ഥാനത്തുണ്ടായി. 483 പേരുടെ ജീവൻ നഷ്ടമായി.

14 പേരെ കാണാതായി. 140 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പ്രളയം അതി ശക്തമായ ആഗസ‌്ത‌് 16ന് ശേഷംമാത്രം 3,91,494 കുടുംബങ്ങളിലായി 14,50,707 പേരെ വിവിധ ക്യാമ്പുകളിൽ മാറ്റി പാർപ്പിച്ചു. 305 ക്യാമ്പിൽ 16,767 കുടുംബത്തിലെ 59,296 പേർ ഇപ്പോഴും ഉണ്ട്. ബന്ധുവീടുകളിലും മറ്റു സ്ഥലത്തും അഭയം തേടിയവർ ഇതിനു പുറമെയാണ്.

രാജ്യം ഇതുവരെ കാണാത്ത സമാനതകളില്ലാത്ത രക്ഷാപ്രവർത്തനംകൊണ്ടാണ് ദുരന്തത്തിന്റെ വ്യാപ്തിക്കനുസരിച്ച് മരണസംഖ്യ ഉയരാതിരുന്നത്.

വീടുകളുടെ തകർച്ച, ഗൃഹോപകരണങ്ങളുടെ നഷ്ടം, കാർഷിക നഷ്ടം, വളർത്തുമൃഗങ്ങളുടെ നഷ്ടം, ജീവനോപാദികളുടെ നഷ്ടം, വിലപ്പെട്ട രേഖകളുടെ നഷ്ടം, വ്യാപാരസ്ഥാപനങ്ങൾ‐ ആശുപത്രികൾ‐ സർക്കാർ ഓഫീസുകൾ‐ ബാങ്കുകൾ‐ സ്കൂളുകൾ‐ അങ്കണവാടികൾ തുടങ്ങിയ പൊതു സ്ഥാപനങ്ങളുടെ നഷ്ടം, റോഡ്, പാലം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ നഷ്ടം, ടൂറിസത്തിനുണ്ടായ നഷ്ടം ഇതെല്ലാം കണക്കിലെടുക്കുമ്പോൾ സംസ്ഥാനത്തിന്റെ വാർഷിക പദ്ധതിയേക്കാൾ കൂടിയ തോതിലുള്ള നഷ്ടമാണ് ഉണ്ടായതെന്ന് ഉപക്ഷേപം അവതരിപ്പിച്ച്‌ മുഖ്യമന്ത്രി പറഞ്ഞു.

പ്രളയത്തെ കേരളം നേരിട്ട രീതിയും മുഖ്യമന്ത്രി വിശദമായി പ്രതിപാദിച്ചു. സർക്കാരിന്റെ തയ്യാറെടുപ്പുകൾ, രക്ഷാപ്രവർത്തനങ്ങൾ, ഏകോപനവും അവലോകനവും തുടങ്ങിയവയും മുഖ്യമന്ത്രി വിശദീകരിച്ചു.

മനുഷ്യസ്നേഹത്തിന്റെ മഹത്തായ സന്ദേശങ്ങൾ ഹൃദയത്തിൽ ഏറ്റുവാങ്ങി ത്യാഗസന്നദ്ധതയോടെയും ആത്മസമർപ്പണത്തോടെയും നടന്ന രക്ഷാപ്രവർത്തനങ്ങളെയും മുഖ്യമന്ത്രി പ്രകീർത്തിച്ചു.

മത്സ്യത്തൊഴിലാളികളും യുവാക്കളും സന്നദ്ധസംഘടനകളും പൊതുപ്രവർത്തകരും അടക്കം നാനാമേഖലയിലെയും ജനങ്ങൾ ഒരേ മനസ്സോടെ ഒരേ ഹൃദയവായ്പോടെ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വലിയ സല്യൂട്ടും അദ്ദേഹം നൽകി.

കേന്ദ്ര സർക്കാരിന്റെ സഹായത്തിനും ലോകത്തിന്റെ നാനാഭാഗത്തുനിന്നും ലഭിക്കുന്ന സഹായത്തിനും പിന്തുണയ്ക്കും അദ്ദേഹം നന്ദിയും രേഖപ്പെടുത്തി. വിവിധ കേന്ദ്ര‐സംസ്ഥാന സേനകളുടെയും സർക്കാർ വകുപ്പുകളുടെയും ജില്ലാ ഭരണകൂടങ്ങളുടെയും ജീവനക്കാരുടെയും രക്ഷാദൗത്യ പ്രവർത്തനങ്ങളെയും മുഖ്യമന്ത്രി ശ്ലാഘിച്ചു.

ഭരണ‐പ്രതിപക്ഷ വ്യത്യാസമില്ലാതെ, ജാതി‐ മത‐ സാമുദായിക‐ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒരുമയുടെ പ്രളയമാണ് കേരളം കണ്ടത്. ദുരിതാശ്വാസമേഖലകൾ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ചാണ് സന്ദർശിച്ചത്. അത് വലിയ സന്ദേശമാണ് ജനങ്ങൾക്ക് നൽകിയത്. നവകേരള സൃഷ്ടിക്കുള്ള തയ്യാറെടുപ്പാണ് അടുത്ത നടപടി.

പുനർനിർമാണം എങ്ങനെയെന്നത് ഗൗരവകരമായ ഒരു വിഷയമാണ്. അതിന് വിപുലവും എല്ലാ തലത്തിലുമുള്ള ചർച്ചയും പുതിയ ആശയങ്ങളും അനിവാര്യമാണ്. ഈ ദുരന്തത്തിന്റെ നടുവിൽനിന്ന് ജനങ്ങൾക്ക് ആശ്വാസമേകിയ ജനപ്രതിനിധികൾ എന്ന നിലയിൽ ക്രിയാത്മക ചർച്ചയും നിർദേശങ്ങളും ഉണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് ഉൾപ്പെടെ 42 അംഗങ്ങളാണ് ചർച്ചയിൽ പങ്കെടുത്തത്. റവന്യൂ, ജലസേചന മന്ത്രിമാരും മുഖ്യമന്ത്രിയും ചർച്ചകൾക്ക് മറുപടി നൽകി. എല്ലാ രാഷ്ട്രീയ അഭിപ്രായങ്ങളും മാറ്റിവച്ച് ദുരുതാശ്വാസ പ്രവർത്തനങ്ങളിൽ ഒത്തൊരുമയോടെ നിലകൊണ്ട പ്രതിപക്ഷം പക്ഷേ സഭയിൽ രാഷ്ട്രീയ പ്രേരിത ചർച്ചകൾക്കാണ് നേതൃത്വം നൽകിയത്.

പുനർനിർമാണത്തിനും നവകേരള സൃഷ്ടിക്കും ഉതകുന്ന നിർദേശങ്ങളും ചർച്ചകളും ഉണ്ടാകണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം ചർച്ചയിൽ പൂർണമായും പ്രതിപക്ഷം ഉൾക്കൊണ്ടില്ല. ഡാമുകൾ തുറന്നുവിട്ടതുകൊണ്ടാണ് ദുരന്തം ഉണ്ടായതെന്ന് സ്ഥാപിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്.

വൈദ്യുതിവകുപ്പും ജലസേചന വകുപ്പും തമ്മിൽ ഏകോപനമുണ്ടായിരുന്നില്ലെന്നും ഡാമുകൾ തുറന്നപ്പോൾ മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്നും രക്ഷാപ്രവർത്തനങ്ങളിൽ സർക്കാരിന് പങ്കില്ലെന്നുംവരെ പ്രതിപക്ഷം വാദിക്കാൻ ശ്രമിച്ചു. എന്നാൽ, ഭരണപക്ഷം ഈ രാഷ്ട്രീയ വിമർശത്തിന് മറുപടി നൽകുകയും പുതിയ നിർദേശങ്ങൾ മുന്നോട്ട് വയ‌്ക്കുകയും ചെയ്തു.

ദുരന്തമുഖത്തുനിന്നെത്തിയ ഭൂരിപക്ഷം എംഎൽഎമാരും അവർ കണ്ടെതും നേരിട്ടതും അനുഭവിച്ചതുമായ ദുരന്തക്കാഴ്ചകൾ വിവരിക്കുക മാത്രമല്ല രക്ഷാപ്രവർത്തനങ്ങളിൽ മനുഷ്യസാധ്യമായതെല്ലാം ചെയ്യാൻ കഴിഞ്ഞുവെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു.

എന്നാൽ, നമുക്ക് നേരിടാൻ കഴിയാത്ത വെല്ലുവിളികളും പരിമിതികളും ഉണ്ടായിരുന്നുവെന്നും അവർ വ്യക്തമാക്കി. ദുരന്തനിവാരണ പ്രവർത്തനങ്ങളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഏകോപിപ്പിച്ച രീതിയെയും അംഗങ്ങൾ ശ്ലാഘിച്ചു.

മറുപടി പറഞ്ഞ മുഖ്യമന്ത്രി പുതുകേരള സൃഷ്ടിക്കുള്ള ഫലവത്തായ നിർദേശങ്ങൾ വേണ്ടത്ര ഉണ്ടായില്ല എന്ന് ചൂണ്ടിക്കാട്ടി. എന്നിരുന്നാലും ശാസ്ത്രീയവും പ്രായോഗികവുമായ നിരവധി നിർദേശങ്ങൾ ഭരണ‐പ്രതിപക്ഷ വ്യത്യാസമില്ലാതെ അംഗങ്ങൾ മുന്നോട്ടുവച്ചു. പ്രതിപക്ഷം ഉന്നയിച്ച എല്ലാ വിമർശങ്ങൾക്കും മുഖ്യമന്ത്രിയും മന്ത്രിമാരും എണ്ണി എണ്ണി മറുപടി നൽകി.

അണക്കെട്ടുകൾ തുറന്നതുകൊണ്ടല്ല അതിതീവ്രമഴ ദിവസങ്ങളോളം പെയ്തതുകൊണ്ടാണ് പ്രളയം ഉണ്ടായത്. അതിനെത്തുടർന്നാണ് ഡാമുകൾ തുറന്നത്‐ മുഖ്യമന്ത്രി പറഞ്ഞു. അപ്രതീക്ഷിതമായ അതിതീവ്രമഴയുടെ ഒരു സൂചനയും ലഭിച്ചിരുന്നില്ലെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് കാര്യമായി എടുത്തില്ല എന്ന വിമർശത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ഓഖി ചുഴലിക്കൊടുങ്കാറ്റ് മുന്നറിയിപ്പ് നൽകുന്നതിന് കേന്ദ്ര കാലാവസ്ഥാവകുപ്പിനുണ്ടായ വീഴ്ച ഇക്കാര്യത്തിലും ഉണ്ടായെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ രക്ഷകന്റെ വേഷം കെട്ടുകയാണെന്ന പ്രതിപക്ഷ വിമർശത്തിന് സർക്കാർ രക്ഷകന്റെ വേഷം കെട്ടുകയല്ല ഈ സർക്കാർതന്നെയാണ് രക്ഷകനെന്നും പ്രതിപക്ഷത്തെ മുഖ്യമന്ത്രി ഓർമിപ്പിച്ചു.

അണക്കെട്ടുകൾ തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമെന്ന വാദത്തെ ജലവിഭവ മന്ത്രി ഖണ്ഡിച്ചു. 1924ലെ വെള്ളപ്പൊക്കത്തിൽ വെള്ളത്തിലായ സ്ഥലങ്ങളിൽത്തന്നെയാണ് ഇക്കുറിയും വെള്ളം കയറിയതെന്ന് അദ്ദേഹം പറഞ്ഞു. അണക്കെട്ടുകൾ ഇല്ലാത്ത നദികളിലും വെള്ളപ്പൊക്കമുണ്ടായി.

ജലവിഭവ വകുപ്പിന്റെ ഡാമുകളിൽ സംഭരിക്കാൻ കഴിയുന്നത് 1570.6 ദശലക്ഷം ഘനയടി വെള്ളമാണ്. ആകെ നദീജലത്തിന്റെ 2.1 ശതമാനം മാത്രമാണിത്. ഇത്രയും ചെറിയ ശതമാനം വെള്ളമാണോ പ്രളയം സൃഷ്ടിച്ചതെന്നും മന്ത്രി ചോദിച്ചു.

ഡാമുകൾ മിക്കതും ജൂൺ, ജൂലൈ മാസങ്ങളിൽത്തന്നെ തുറന്നിരുന്നു. ഓരോ ഡാമിലെയും വെള്ളത്തിന്റെ വിവിധ ദിവസങ്ങളിലുണ്ടായ അളവുകൾ ചൂണ്ടിക്കാട്ടി മന്ത്രി പറഞ്ഞു.

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം സൃഷ്ടിച്ച അതിതീവ്ര മഴ, തമിഴ്നാട് സർക്കാർ ഡാമുകൾ തുറന്നുവിട്ട സാഹചര്യം, ഇതിന്റെ ഭാഗമായി ഉണ്ടായ ശക്തമായ നീരൊഴുക്ക്, ഇതിനെയൊന്നും തടഞ്ഞുനിർത്താൻ പറ്റുന്നതല്ല നമ്മുടെ ഡാമുകളുടെ സ്ഥാപിത ശേഷി.

കെഎസ്ഇബിയുടെ ഡാമുകൾ തുറന്നതിലും ഒരു പിശകും പറ്റിയിട്ടില്ലെന്നും ജലസേചനവകുപ്പും കെഎസ്ഇബിയും പരസ്പര ധാരണയോടെയാണ് പ്രവർത്തിച്ചതെന്നും മുഖ്യമന്ത്രിയും പറഞ്ഞു.

ദുരിതാശ്വാസ ഫണ്ട് പ്രത്യേക വിഭാഗമായി കൈകാര്യം ചെയ്യുമെന്നും പുനർനിർമാണത്തിന് അന്താരാഷ്ട്ര വിദഗ്ധരുടെ സഹായം തേടുമെന്നും ജലസംഭരണികളുടെ പരിപാലനം ശാസ്ത്രീയമാക്കുമെന്നും മഴയെ പ്രതിരോധിക്കാൻ കഴിവുള്ള റോഡുകൾ നിർമിക്കുമെന്നും ചെറുകിട വ്യാപാരികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുമെന്നും പൊലീസ്, ഫയർഫോഴ്സ് എന്നിവയ്ക്ക് ആധുനിക ഉപകരണങ്ങൾ വാങ്ങുമെന്നും രക്ഷാപ്രവർത്തനങ്ങളിൽ അവർക്ക് പരിശീലനം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓഖി ഫണ്ട് ചെലവഴിച്ചത് സംബന്ധിച്ച‌് പ്രതിപക്ഷ നേതാവ് പുറത്ത് ഉന്നയിച്ച വിമർശം സഭയിലും ചില എംഎൽഎമാർ ഏറ്റുപിടിച്ചതിനും കൃത്യമായ മറുപടി മുഖ്യമന്ത്രി നൽകി. യുഡിഎഫ് കാലത്തെപ്പോലയല്ല ദുരിതാശ്വാസ ഫണ്ടുകൾ വിനിയോഗിക്കുന്നതെന്നും ഈ സർക്കാർ ഫണ്ട് യഥാവിധി ചെലവഴിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പുണ്ടെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണമൊഴുകുന്നതെന്നും ഭരണപക്ഷം ചൂണ്ടിക്കാട്ടി.

യുഡിഎഫ് കാലത്ത് സുനാമി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ലഭിച്ച ഫണ്ട് വകമാറ്റി ചെലവഴിച്ചതും വഴിവിട്ട് വിതരണം ചെയ്തതും സംബന്ധിച്ച എജിയുടെ റിപ്പോർട്ട് ഉയർത്തിക്കാട്ടി സുരേഷ് കുറുപ്പ് എംഎൽഎ പറഞ്ഞു.

ചർച്ചകൾക്കുശേഷം കേരളത്തിന്റെ പുനർനിർമാണത്തിന് അന്താരാഷ്ട്ര സഹകരണവും സഹായവും ലഭ്യമാക്കാൻ കേന്ദ്രസർക്കാർ അനുകൂല നിലപാട് സ്വീകരിക്കണമെന്നും കൂടുതൽ ധനസഹായം അനുവദിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം സഭ ഏകകണ‌്ഠമായി പാസാക്കി.

വിമർശങ്ങൾ ഉയർത്തിയെങ്കിലും ഐക്യത്തോടെ നമ്മുടെ നാടിനെ പുനർനിർമിക്കാം എന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുക്കുന്ന ആവേശമാണ് സഭയിലൊന്നടങ്കം കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News